വളർത്തു നായയെ മുക്കി കൊല്ലാനൊരുങ്ങി കങ്കാരു: രക്ഷപ്പെടുത്താൻ വന്ന ഉടമയ്ക്ക് കിട്ടി ഒരടി
Mail This Article
മൃഗങ്ങൾ എപ്പോൾ എങ്ങനെ പെരുമാറുമെന്നത് പറയാനാകില്ല. താരതമ്യേന വലിയ മൃഗങ്ങളോട് എതിരിടേണ്ട സാഹചര്യമുണ്ടായാൽ പലപ്പോഴും മനുഷ്യർ തോൽക്കാനാണ് സാധ്യത. എന്നാൽ ഏഴടി ഉയരമുള്ള ഒരു കങ്കാരുവുമായി സംഘട്ടനം നടത്തി പൊരുതിനിൽക്കുന്ന ഒരു വ്യക്തിയുടെ ദൃശ്യമാണ് ഇപ്പോൾ ഓസ്ട്രേലിയയിൽ നിന്നും പുറത്തുവരുന്നത്. മുൻ പൊലീസ് ഓഫിസറും ആയോധനകലയിൽ പ്രാവീണ്യം നേടിയ വ്യക്തിയുമായ മിക്ക് മൊളോണേ ആണ് ദൃശ്യത്തിലുള്ളത്.
തന്റെ വളർത്തുനായയെ കങ്കാരു വെള്ളത്തിൽ മുക്കിക്കൊല്ലാൻ ശ്രമിക്കുന്നത് കണ്ട് നായയെ രക്ഷിക്കാനായിരുന്നു ഈ പോരാട്ടം. വളർത്തുനായകൾക്കൊപ്പം നദിക്ക് സമീപത്ത് കൂടി നടക്കുകയായിരുന്നു അദ്ദേഹം. ഇടയ്ക്ക് ഹറ്റ്ച്ചി എന്ന നായയെ കാണാതെയായി. മറ്റു നായകളാകട്ടെ നദിക്ക് സമീപത്തേക്ക് എത്താൻ ഭയപ്പെടുന്നതായും അദ്ദേഹം നിരീക്ഷിച്ചു. അപ്പോഴാണ് നദിയുടെ ഒരു ഭാഗത്തായി ഇരു കൈകളും വെള്ളത്തിൽ മുക്കി നിൽക്കുന്ന ഒരു കൂറ്റൻ കങ്കാരുവിനെ അദ്ദേഹം കാണുന്നത്.
അടുത്ത നിമിഷത്തിൽ കങ്കാരുവിനെ കൈകൾക്കടിയിൽ നിന്നും ഹറ്റ്ച്ചി വെള്ളത്തിന്റെ ഉപരിതലത്തിലേക്ക് എത്തി, പ്രാണനുവേണ്ടി പിടഞ്ഞു. ഉടൻ തന്നെ മിക്ക് പാഞ്ഞടുക്കുകയും കൈകൾ വീശി 7 അടിയുള്ള കങ്കാരുവിനെ ഓടിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ കങ്കാരു ഹറ്റ്ച്ചിയെ വിടാൻ ഒരുക്കമായിരുന്നില്ല. കങ്കാരുവിനെ മിക്ക് ആഞ്ഞടിച്ചു. എന്നാൽ അതേ ശക്തിയിൽ അത് തിരിച്ചടിക്കുകയും ചെയ്തു. ഈ സമയത്ത് ഹറ്റ്ച്ചി രക്ഷപ്പെട്ട് കരയിലേക്ക് കയറി. കങ്കാരുവിന്റെ പ്രഹരത്തിൽ മിക്കിന്റെ ഫോൺ വെള്ളത്തിൽ വീണു. അതെടുത്ത് കരയിലേക്ക് നീങ്ങുമ്പോഴും കങ്കാരു മിക്കിനെ എതിരേൽക്കാനായി വെള്ളത്തിൽ തന്നെ നിൽക്കുകയായിരുന്നു.
ആയോധനകല അറിയില്ലായിരുന്നെങ്കിൽ കങ്കാരുവിനെതിരെ പോരാടാൻ കഴിയില്ലായിരുന്നുവെന്ന് മിക്ക് പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ നിരവധിപ്പേരാണ് കണ്ടത്.