കാളയ്ക്കെന്താ ബാങ്കിൽ കാര്യം?: ഡ്യൂട്ടിക്കിടെ അപ്രതീക്ഷിത അതിഥിയെത്തിയതിൽ പേടിച്ച് ജീവനക്കാർ –വിഡിയോ

Mail This Article
ഉത്തർപ്രദേശിലെ ഉന്നാവിലെ ഷാഗഞ്ച് മേഖലയിലെ ബാങ്കിൽ കാള കയറി. ബാങ്ക് ജീവനക്കാരും ഉപയോക്താക്കളും നിൽക്കുമ്പോഴാണ് കാളയുടെ വരവ്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
അകത്തേക്ക് കയറിയ കാള എല്ലാ ഭാഗത്തും നോക്കുന്നത് കാണാം. ഈ സമയം ആളുകൾ കൗണ്ടറുകളിൽ ക്യൂ നിൽക്കുകയായിരുന്നു. കാള ആക്രമിക്കുമെന്ന് പേടിച്ച് പലരും അവിടെനിന്നും മാറി. ഇതിനിടെ ബാങ്കിലെ സെക്യുരിറ്റി തോക്കുമായി സ്ഥലത്തെത്തി. കൈയില്‍ ഒരു വടിയും ഉണ്ടായിരുന്നു. ബഹളംവച്ചും പുറത്ത് വടികൊണ്ട് അടിച്ചും കാളയെ ബാങ്കിൽ നിന്നും തുരത്തിയോടിച്ചു.
പണം നിക്ഷേപിക്കാൻ എത്തിയതാകുമെന്നാണ് വിഡിയോ കണ്ടവർ പറഞ്ഞത്. ചിലപ്പോൾ അസാധുവാക്കിയ നോട്ട് മാറ്റാൻ എത്തിയതാകുമെന്ന് ചിലർ കുറിച്ചു. നെറ്റ് ബാങ്കിങ്ങിന്റെ പാസ്‍വേർഡ് കിട്ടാത്തതുകൊണ്ടാകുമെന്ന് മറ്റുചിലർ കുറിച്ചു.