ആ നിലവിളി ശബ്ദം മൃഗങ്ങൾക്ക് മാത്രമല്ല, സസ്യങ്ങൾക്കുമുണ്ട്; അമ്പരപ്പിക്കുന്ന പഠനം
Mail This Article
മൃഗങ്ങളെപ്പോലെ സസ്യങ്ങള്‍ക്ക് ശബ്ദമുണ്ടാക്കാനാകുമോ എന്ന പലർക്കും സംശയമാണ്. എന്നാൽ കാറ്റിൽ ആടിയുലയുമ്പോൾ ഉണ്ടാകുന്ന ശബ്ദമല്ലാതെ ഇവർക്ക് നിലവിളിക്കാനാകുമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ഇസ്രയേലിലെ ടെൽ അവീവ് സർവകലാശാലയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. വിളവെടുക്കുമ്പോഴും വെള്ളം കിട്ടാതാകുമ്പോഴും സസ്യങ്ങൾ നിലവിളിക്കുന്ന ശബ്ദം പിടിച്ചെടുത്തെന്നാണ് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നത്.
2023ലാണ് ഇതുസംബന്ധിച്ച പഠനം നടന്നത്. തക്കാളി, പുകയിലെ ചെടികളിലാണ് പരീക്ഷണം നടത്തിയത്. ആരോഗ്യമുള്ള സസ്യങ്ങൾ, നിർജലീകരണം സംഭവിച്ച ചെടികൾ, മുറിച്ച ചെടികൾ എന്നിവയിലെ ശബ്ദങ്ങള്‍ വേർതിരിച്ച് അറിയാവുന്ന തരത്തിൽ മെഷീൻ ലേണിങ് അൽഗോരിതം വികസിപ്പിച്ചാണ് പരീക്ഷണം. മനുഷ്യന്റെ കേൾവിപരിധിക്ക് പുറത്തുള്ള അൾട്രാസോണിക് ശബ്ദമാണ് ചെടികൾ പുറപ്പെടുവിക്കുന്നത്.
സമ്മർദമുള്ള ചെടികളിലാണ് ശബ്ദമുണ്ടാകുന്നതെന്നും എന്നാൽ എങ്ങനെയാണ് ആ ശബ്ദമുണ്ടാക്കുന്നതെന്ന് കണ്ടെത്താനായില്ലെന്നും ശാസ്ത്രജ്ഞർ പറയുന്നു. ശബ്ദംമാത്രമല്ല, നിറവും രൂപവും മാറ്റാൻ സസ്യങ്ങൾക്ക് കഴിയുമെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു.