ഒരു രാജ്യത്തേക്കാൾ വലുപ്പമുള്ള മഞ്ഞുകാട്! ഇതാണ് ലോകത്തെ ഏറ്റവും വലിയ ദേശീയോദ്യാനം
Mail This Article
വനങ്ങളെയും മൃഗങ്ങളെയും പക്ഷികളെയുമൊക്കെ സംരക്ഷിക്കുകയെന്ന മഹത്തായ ദൗത്യം മുന്നിൽക്കണ്ടാണ് ലോകരാജ്യങ്ങളിലെ സർക്കാരുകൾ ദേശീയോദ്യാനങ്ങൾ സ്ഥാപിക്കുന്നത്. ഇന്ത്യയിൽ 106 ദേശീയോദ്യാനങ്ങളുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം എന്നാൽ ഇവിടെയെങ്ങുമല്ല. ആർട്ടിക് വൃത്തത്തിനുള്ളിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. നോർത്ത് ഈസ്റ്റ് ഗ്രീൻലൻഡ് നാഷനൽ പാർക്ക് എന്ന ഈ ദേശീയോദ്യാനം തൊട്ടുതാഴെയുള്ള ദേശീയോദ്യാനത്തേക്കാൾ രണ്ടു മടങ്ങ് വലുപ്പമേറിയതാണ്. മഞ്ഞുമൂടിയ വനമാണ് ഇത്. പേരു സൂചിപ്പിക്കുന്നതു പോലെ ലോകത്തെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലൻഡിലാണ് ഈ മേഖല.
1974ൽ ആണ് ഈ പാർക്ക് സ്ഥാപിക്കപ്പെടുന്നത്. 14 വർഷങ്ങൾക്കു ശേഷം അതിന്റെ ഇപ്പോഴത്തെ വലുപ്പമായ 3.75 ലക്ഷം ചതുരശ്ര മൈലുകളിലേക്ക് ഇതു വിസ്തൃതി പ്രാപിച്ചു. ലോകത്തെ 30 രാജ്യങ്ങളെക്കാളും വിസ്തൃതിയുള്ളതാണ് ഈ ദേശീയോദ്യാനം. ഇവിടെ മനുഷ്യവാസം തീരെയില്ല. ലോകത്തിന്റെ ഏറ്റവും വടക്കേയറ്റത്തുള്ള ദേശീയോദ്യാനവും ഇതാണ്.
ഡെൻമാർക് നാവികസേനയുടെ ഏറ്റവും എലീറ്റ് വിഭാഗമായ സിറിയസ് ഡോഗ് സ്ലെഡ് പട്രോളാണ് ഈ മേഖലയുടെ സംരക്ഷണച്ചുമതതലക്കാർ. ഇവിടെ കാര്യമായ കൊള്ളയടിയോ അക്രമസംഭവങ്ങളോ ഇല്ല. എന്നാൽ ഈ ദേശീയോദ്യാനത്തിലെ തീവ്രമായ കാലാവസ്ഥ തരണം ചെയ്യുന്നത് പാടുള്ള കാര്യമാണ്. അതിനാലാണ് ഏറ്റവും ഉന്നതമായ സേനാവിഭാഗത്തെ തന്നെ ഇവിടെ നിയമിച്ചിരിക്കുന്നത്. ബൃഹത്തായ ട്രെയിനിങ് നേടിയ ശേഷമാണ് ഇങ്ങോട്ടേക്കുള്ള റിക്രൂട്ടുകൾ എത്തുന്നത്.
കടൽവഴി കപ്പലിൽ വിനോദസഞ്ചാരികൾക്ക് ഇവിടം സന്ദർശിക്കാം. മോട്ടർവാഹനങ്ങൾ ഇതിനുള്ളിൽ നിരോധിച്ചിരിക്കുകയാണ്. നായ്ക്കളെ കെട്ടിയ സ്ലെഡ് വണ്ടികളിലാണ് ഇവിടത്തെ യാത്ര. ധ്രുവക്കരടികൾ, ആർട്ടിക് കുറുക്കൻമാർ, ഗ്രീൻലൻഡ് ചെന്നായ്ക്കൾ, വാൽറസ് തുടങ്ങിയ ഉത്തരധ്രുവ ജീവികളെ ഇവിടെ കാണാൻ സാധിക്കും.
ലോകത്തെ രണ്ടാമത്തെ വലിയ ദേശീയോദ്യാനം കുറെക്കൂടി പ്രശസ്തമാണ്. പവിഴപ്പുറ്റുകൾക്ക് പ്രസിദ്ധമായ ഓസ്ട്രേലിയയിലെ ഗ്രേറ്റ് ബാരിയർ റീഫാണ് ഇത്. ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയോദ്യാനം ലഡാക്കിൽ സ്ഥിതി ചെയ്യുന്ന ഹെമിസ് നാഷനൽ പാർക്കാണ്. ഉത്തരാഖണ്ഡിൽ 1936ൽ സ്ഥാപിക്കപ്പെട്ട ജിം കോർബറ്റ് നാഷനൽ പാർക്കാണ് ഇന്ത്യയിലെ ഏറ്റവും പഴയ ദേശീയോദ്യാനം.