കഴുത്തോളം മണ്ണ്, ഉറക്കെക്കരഞ്ഞ് നായ; അകപ്പെട്ടത് നായയും 6 കുഞ്ഞുങ്ങളും, ഒടുവിൽ?
Mail This Article
കനത്ത മഴയിൽ മണ്ണിടിഞ്ഞപ്പോൾ അതിനടിയിൽ അകപ്പെട്ട നായയെയും കുഞ്ഞുങ്ങളെയും രക്ഷിക്കുന്ന ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. നായ കരയുന്നതു കേട്ടാണ് പ്രദേശവാസികൾ ഇവിടേക്കെത്തിയത്.ഇവരെത്തുമ്പോൾ കണ്ടത് കഴുത്തോളം മണ്ണു മൂടിയ നായ ഉറക്കെ കരയുന്നതാണ്. രക്ഷിക്കാനായി ഓടിയെത്തിയവർ സ്വന്തം ജീവനായി കേഴുന്ന നായയെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്. എന്നാൽ പിന്നീടാണ് നായയുടെ ആറു കുഞ്ഞുങ്ങൾ കൂടി മണ്ണിനടിയിലുണ്ടെന്ന് തിരിച്ചറിഞ്ഞത്.
കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാനാണ് അമ്മ നായ ഉറക്കെ കരഞ്ഞതെന്ന് പിന്നീടാണ് നാട്ടുകാർക്ക് മനസിലായത്. എന്നാൽ രണ്ടു നായ്ക്കുട്ടികളെ മാത്രമേ മണ്ണിനടിയിൽ നിന്നും ജീവനോടെ രക്ഷിക്കാൻ കഴിഞ്ഞുള്ളൂ. പാലക്കാട് കപ്പൂർ കാഞ്ഞിരത്താണിയി സ്വദേശി കണ്ടംകുളങ്ങര ഹൈദരാലിയുടെ വീട്ടിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. രക്ഷപ്പെടുത്തിയ അമ്മ നായയും രണ്ട് കുട്ടികളും നാട്ടുകാരുടെ പരിചരണത്തിൽ സുഖം പ്രാപിക്കുന്നു.
English Summary: Mama Dog And Her Puppies trapped under mudslide rescued in Palakkad