ജീവനറ്റ കുഞ്ഞിന്റ ജഡവുമായി അമ്മയാന നടന്നത് ദിവസങ്ങൾ; നൊമ്പരപ്പെടുത്തുന്ന ചിത്രം
Mail This Article
മനുഷ്യനായാലും മൃഗങ്ങളായാലും ജന്മം നൽകിയ കുഞ്ഞുങ്ങളോടുള്ള സ്നേഹവും കരുതലും ഒരേ ആഴത്തിലുള്ളതായിരിക്കും. കുഞ്ഞിന്റെ വേർപാട് താങ്ങാൻ അമ്മമാർക്ക് പെട്ടെന്ന് സാധിച്ചെന്ന് വരില്ല. അത്തരത്തിൽ ജീവൻ നഷ്ടപ്പെട്ട കുഞ്ഞുമായി ഒരു അമ്മയാന നടന്നത് ദിവസങ്ങളാണ്. നമീബിയയിലാണ് സംഭവം. കുഞ്ഞിന്റെ ജഡം തുമ്പിക്കൈയിലെടുത്തുകൊണ്ട് അമ്മയാന നടക്കുന്നതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
ഒക്ടോബർ 27നാണ് അമ്മയാന കുഞ്ഞിന് ജന്മം നൽകിയത്. എന്നാൽ കുഞ്ഞിന് ജന്മനാ ആരോഗ്യം കുറവായിരുന്നു. ആനക്കൂട്ടത്തിനൊപ്പം നടക്കാനുള്ള ബലം പോലുമില്ലാതെയാണ് കുഞ്ഞ് ജനിച്ചത്. വനത്തിലൂടെ സഞ്ചാരികൾക്കൊപ്പമെത്തിയ ഗൈഡുകൾ 28 ആം തീയതിയും കുട്ടിയാനയെ കണ്ടിരുന്നു. പക്ഷേ അന്ന് വൈകുന്നേരം തന്നെ അതിന് ജീവൻ നഷ്ടപ്പെടുകയായിരുന്നു. പിറ്റേന്ന് രാവിലെയാണ് അമ്മയാന കുഞ്ഞിനെ തുമ്പിക്കൈയിൽ തൂക്കിയെടുത്ത് നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. അന്നു പകർത്തിയ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
കുട്ടിയാനയുടെ മുൻകാലുകളിൽ ഒന്ന് തുമ്പിക്കൈയിൽ ചുറ്റിയെടുത്താണ് അമ്മയാന അതിന്റെ ജഡം വഹിച്ചുകൊണ്ട് നീങ്ങിയത്. ഭക്ഷണം കഴിക്കുന്ന സമയത്ത് മാത്രമാണ് ആന കുഞ്ഞിന്റെ ജഡം താഴെവയ്ക്കാൻ തയാറായതെന്ന് നിരീക്ഷകർ പറയുന്നു. രണ്ടുദിവസമാണ് ഇതേ നിലയിൽ അമ്മയാന പോകുന്നിടത്തെല്ലാം കുഞ്ഞിന്റെ ജഡവുമായി നടന്നത്. എന്നാൽ രണ്ടുദിവസം പിന്നിട്ടപ്പോഴേക്കും ആനക്കൂട്ടത്തിന്റെ നേതാവെത്തി അമ്മയാനയെ ജഡത്തിനരികിൽ നിന്നും ഓടിച്ചുവിട്ടു. കാട്ടാനക്കൂട്ടത്തോടൊപ്പം അമ്മയാന അവിടെനിന്നും നീങ്ങുകയും ചെയ്തു.
ബുദ്ധിശക്തിയുള്ള ആനകൾക്ക് മനുഷ്യരെപ്പോലെ തന്നെ വൈകാരിക തലങ്ങളുണ്ടെന്ന് കോളറാഡോ കോളജിലെ ന്യൂറോഅനാട്ടമി പ്രൊഫസറായ ബോബ് ജേക്കബ്സ് പറയുന്നു. ആനയുടെ തലച്ചോറിൽ എന്തൊക്കെ ചിന്തകളും വികാരങ്ങളുമാണ് നടക്കുന്നതെന്ന് കൃത്യമായി നിർവചിക്കാനാവില്ലെങ്കിലും ഇത്തരം സാഹചര്യങ്ങളിൽ മനുഷ്യന്റെ മനോവിചാരങ്ങൾക്ക് സമമായിരിക്കും ഇവയുടെ തോന്നലുകളുമെന്നാണ് അദ്ദേഹത്തിന്റെ നിഗമനം.
മനുഷ്യനെപോലെ തന്നെ വേണ്ടപ്പെട്ടവരുടെ വേർപാട് ആനകൾക്കും മനസ്സിലാക്കാൻ സാധിക്കും എന്നാണ് ഇത്തരം പെരുമാറ്റ രീതികൾ വിരൽ ചൂണ്ടുന്നതെന്ന് എക്കോളജിസ്റ്റായ ജോൺ പോൾസൺ പറയുന്നു. എന്നാൽ ജഡങ്ങൾ ഒപ്പം കൊണ്ടുനടക്കാൻ ഇവയെ പ്രേരിപ്പിക്കുന്ന ഘടകം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. രണ്ടുവർഷമാണ് ആനകളുടെ ഗർഭകാലം. ഇത്രയും കാലംകൊണ്ട് ഭ്രൂണാവസ്ഥയിലുള്ള കുഞ്ഞുമായി അമ്മയാനയ്ക്ക് ഒരു പ്രത്യേക ആത്മബന്ധം ഉടലെടുക്കും. ഇതാവാം കുഞ്ഞിനെ ഉപേക്ഷിച്ചു പോകുന്നതിൽ നിന്നും അമ്മയാനയെ പിന്തിരിപ്പിക്കുന്നതെന്നാണ് നിഗമനം.
English Summary: Elephant Mom Carries Body of Dead Calf for Days