ADVERTISEMENT

ഇസ്രയേൽ– ഹമാസ് വിഷയത്തിൽ അശാന്തിയുടെ ഭീതി പടരുകയാണ് ഇപ്പോഴും. യുദ്ധമുഖത്തെ ദുരിതം ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിലടക്കം ചർച്ചകളും നടക്കുന്നുണ്ട്. ഇതിനിടെ കേരളത്തിൽ നടന്ന ഇസ്രയേൽ വിരുദ്ധ പ്രക്ഷോഭത്തിന് തടിച്ചുകൂടിയ ജനങ്ങൾ എന്ന അവകാശവാദത്തോടെ ഒരു ചിത്രമടങ്ങിയ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.

∙ അന്വേഷണം

Massive protest against Israel in Kerala, India എന്ന കുറിപ്പിനൊപ്പമാണ് ഒരു ചിത്രത്തോടൊപ്പമുള്ള പോസ്റ്റ് പ്രചരിക്കുന്നത്.പോസ്റ്റ് കാണാം.

റിവേഴ്സ് ഇമേജ് സെർച്ചിൽ വൈറൽ ചിത്രം പരിശോധിച്ചപ്പോൾ 2017 ഓഗസ്റ്റിൽ പ്രസിദ്ധീകരിച്ച സമാന ചിത്രമടങ്ങിയ നിരവധി വാർത്താ റിപ്പോർട്ടുകൾ ഞങ്ങൾക്കു ലഭിച്ചു. ബിബിസിയുടെ റിപ്പോർട്ടിൽ സണ്ണി ലിയോണിയെ കാണാനെത്തിയ ആയിരക്കണക്കിനാളുകൾ എന്നാണ് തലക്കെട്ട് നൽകിയിരിക്കുന്നത്.

മറ്റ് റിപ്പോർട്ടുകൾ പരിശോധിച്ചപ്പോൾ 2017 ഓഗസ്റ്റ് 17ന് മനോരമ ഓൺലൈനിലും ഇതേ വാർത്ത നൽകിയിട്ടുള്ളതായി കണ്ടെത്തി.

മൊബൈൽ ഷോറും ഉദ്ഘാടനത്തിനെത്തിയ ബോളിവുഡ് താരം സണ്ണി ലിയോണിയെ കാണാൻ എംജി റോഡിൽ മഹാരാജാസ് കോളജ് ഗ്രൗണ്ടിനു മുൻപിൽ തടിച്ചു കൂടിയത് ആയിരങ്ങൾ. രാവിലെ 11 മണിക്കാണ് ഉദ്ഘാടന ചടങ്ങ് നിശ്ചയിച്ചതെങ്കിലും ഒന്നര മണിക്കൂർ വൈകിയാണു താരം വേദിയിലെത്തിയത്. രാവിലെ ഒൻപതര മുതൽ ആരാധകർ താരത്തെ കാത്തു നിൽക്കുകയായിരുന്നു. അംഗരക്ഷകരുടെ അകമ്പടിയുണ്ടായിരുന്നെങ്കിലും കനത്ത തിരക്കിൽ ഏറെ പ്രയാസപ്പെട്ടാണു താരം വേദിയിലെത്തിയത് എന്ന് വ്യക്തമാക്കുന്നുണ്ട്. മറ്റൊരു റിപ്പോർട്ടിലും ഇതേ ചിത്രവും വാർത്തയും നൽകിയിട്ടുണ്ട്.

തന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ ഇതേ ചിത്രം സണ്ണി ലിയോണിയും പങ്ക് വച്ചിട്ടുണ്ട്.പോസ്റ്റ് കാണാം.

My car in literally a sea of love in Kochi Kerala!! Thanks #fone4 എന്ന തലക്കെട്ടോടെയാണ് ചിത്രം പങ്ക് വച്ചിരിക്കുന്നത്. ലഭ്യമായ വിവരങ്ങളിൽ നിന്ന് fone4 മൊബൈലിന്റെ കൊച്ചി ഷോറൂം ഉദ്ഘാടനത്തിന് സണ്ണി ലിയോൺ എത്തിയപ്പോൾ താരത്തെ കാണാൻ തടിച്ചുകൂടിയ ആൾക്കൂട്ടമാണിതെന്ന് വ്യക്തമായി. 

∙ വസ്തുത

കേരളത്തിൽ നടന്ന ഇസ്രയേൽ വിരുദ്ധ പ്രക്ഷോഭമെന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രം തെറ്റിദ്ധരിപ്പിക്കുന്നതാണ്.fone4 മൊബൈലിന്റെ കൊച്ചി ഷോറൂം ഉദ്ഘാടനത്തിന് 2017ൽ നടി സണ്ണി ലിയോൺ കൊച്ചിയിലെത്തിയപ്പോൾ താരത്തെ കാണാൻ തടിച്ചുകൂടിയ ആൾക്കൂട്ടത്തിന്റെ ചിത്രമാണിത്.

English Summary :The Viral Image is not an anti-Israel protest in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com