ADVERTISEMENT

വടക്കു കിഴക്കന്‍ ഇറ്റാലിയന്‍ നഗരമായ പദുവയില്‍ നിന്നു റോമിലേക്ക് എത്രയും വേഗം മനുഷ്യ വൃക്കകള്‍ അവയവദാനത്തിനായി എത്തിക്കണമെന്നതാണ് ലക്ഷ്യം. ദൗത്യം ഇറ്റാലിയന്‍ പൊലീസ് തന്നെ ഏറ്റെടുത്തു. ലോകത്തിലെ ഏറ്റവും വേഗതയുള്ള ആംബുലന്‍സ് തന്നെ ഇതിനായി ഏര്‍പാടാക്കുകയും 550 കിലോമീറ്റര്‍ ദൂരം വിജയകരമായി മറികടന്നു. ലംബോര്‍ഗിനി ഹുറാക്കനാണ് ഈ അതിവേഗ ദൗത്യം ഇറ്റാലിയന്‍ പൊലീസിന് സാധ്യമാക്കികൊടുത്തത്. 

 

ഇറ്റാലിയന്‍ കാര്‍നിര്‍മാതാക്കളായ ലംബോര്‍ഗിനി 2017ലാണ് അവരുടെ ഒരു ഹുറാക്കന്‍ രാജ്യത്തെ പൊലീസിന് കൈമാറിയത്. പിന്നീട് പൊലീസ് വാഹനത്തിന്റെ നീല, വെള്ള നിറങ്ങളിലേക്ക് മാറിയ ഈ ഹുറാക്കന്റെ ഡോറുകളില്‍ പൊലിസിയ എന്ന് എഴുതിയിട്ടുമുണ്ട്. പൊലീസിന്റെ ഹുറാക്കന്‍ അതിവേഗ ആംബുലന്‍സ് ദൗത്യം ഏറ്റെടുത്ത വിശദാംശങ്ങള്‍ ഇറ്റാലിയന്‍ പൊലീസ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. 

 

കഴിഞ്ഞ ഡിസംബര്‍ 20നായിരുന്നു ഈ അവയവദാന ദൗത്യം ഹുറാക്കനും ഇറ്റാലിയന്‍ പൊലീസും നടപ്പിലാക്കിയത്. ഹൃദയത്തെ പോലെ വൃക്കയുടെ കാര്യത്തില്‍ എത്രയും പെട്ടെന്ന് ലക്ഷ്യസ്ഥലത്തേക്ക് എത്തിക്കേണ്ടതില്ല. അതുകൊണ്ടാണ് എയര്‍ആംബുലന്‍സ് സേവനം ഉപയോഗിക്കാതിരുന്നത്. 24 മുതല്‍ 36 മണിക്കൂര്‍ വരെ മനുഷ്യ വൃക്കകളില്‍ ജീവന്റെ തുടിപ്പുണ്ടാവും.

 

ഇറ്റലിയിലെ വടക്കു കിഴക്കന്‍ നഗരമായ പദുവയില്‍ നിന്നാണ് രണ്ട് വൃക്കകളുമായി പൊലീസ് ഹുറാക്കന്‍ പുറപ്പെട്ടത്. വഴിയില്‍ മൊഡേനയില്‍ മാത്രമായിരുന്നു നിര്‍ത്തിയത്. ലക്ഷ്യസ്ഥാനമായ റോമിലെത്തുമ്പോഴേക്കും ഹുറാക്കന്‍ 550 കിലോമീറ്റര്‍ പിന്നിട്ടു കഴിഞ്ഞിരുന്നു. ഈയൊരു യാത്രകൊണ്ട് രണ്ട് പേര്‍ക്ക് പുതുജീവന്‍ ലഭിക്കുകയും ചെയ്തു. വൃക്ക സ്വീകരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ക്രിസ്തുമസ് പുതുവത്സര ആശംസകളും ഇറ്റാലിയന്‍ പൊലീസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിട്ടുണ്ട്. ഹുറാക്കന് പുറമേ ആല്‍ഫ റോമിയോ ജുലിയ, ലാന്റ് റോവര്‍ ഡിസ്‌കവറി, ലംബോര്‍ഗിനി ഗല്ലാര്‍ഡോ തുടങ്ങിയ ഗംഭീര കാറുകളും ഇറ്റാലിയന്‍ പൊലീസ് സേനയുടെ ഭാഗമാണ്.

 

English Summary: Italian police use Lamborghini supercar to deliver kidneys to donor patients hundreds of miles apart

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com