ബുള്ളറ്റ് നിശബ്ദനാകുമ്പോൾ, ഇലക്ട്രിക് റോയൽ എൻഫീൽഡ് നവംബർ 4ന്
Mail This Article
ഇലക്ട്രിക് വാഹന വിപണിയിലേക്ക് റോയൽ എൻഫീൽഡിന്റെ ആദ്യ വാഹനം നവംബർ 4ന് വിപണിയിലെത്തും. പുറത്തിറക്കുന്നതിന് മുന്നോടിയായി പുതിയ ബൈക്കിന്റെ അവസാന ഘട്ട പരീക്ഷണയോട്ടങ്ങൾ നടത്തുന്ന ചിത്രങ്ങൾ പുറത്തുവന്നു. പുതിയ ബൈക്ക് പാരച്യൂട്ടിൽ ഇറക്കുന്നതുപോലുള്ള ടീസർ വിഡിയോ നേരത്തെ കമ്പനി പുറത്തുവിട്ടിരുന്നു
നിലവിൽ വിപണിയിലുള്ള ഇലക്ട്രിക് ബൈക്കുകളിൽ നിന്ന് വ്യത്യസ്തമായി റെട്രോ ലുക്കിലായിരിക്കും റോയൽ എൻഫീൽഡിന്റെ ബൈക്ക്. റൗണ്ട് എല്‍ഇഡി ഹെഡ്‌ലാംപ്, എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, അഡ്ജസ്റ്റബിൾ ബ്രേക്ക് ലിവറുകള്‍, വൃത്താകൃതിയിലുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ടിഎഫ്ടി സ്‌ക്രീന്‍ തുടങ്ങിയവയുണ്ടാകും.
അധികം വലുപ്പമില്ലാത്ത രൂപത്തിലുള്ള സിറ്റി മോട്ടോര്‍സൈക്കിളാണ് റോയല്‍ എന്‍ഫീല്‍ഡ് ആദ്യം പുറത്തിറക്കുക. ബൈക്കിന്റെ റേഞ്ച്, ബാറ്ററി, മറ്റ് പ്രത്യേകതകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. യുകെയിലും ഇന്ത്യയിലുമായാണ് ഇലക്ട്രിക് ബൈക്ക് വികസിപ്പിക്കുന്നത്.
ഇലക്ട്രിക് പദ്ധതികൾക്കായി 150 ദശലക്ഷം ഡോളർ റോയൽ എൻഫീൽഡ് നിക്ഷേപിക്കുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. ഈ വർഷം അവസാനത്തോടെ പ്രൊട്ടോടൈപ്പും അടുത്ത വർഷം ആദ്യം പ്രൊഡക്‌ഷൻ പതിപ്പും പുറത്തിറക്കാനാണ് പദ്ധതി. നേരത്തേ യൂറോപ്യൻ ഇലക്ട്രിക് ബൈക്ക് കമ്പനിയായ സ്റ്റാർക് ഫ്യൂച്ചർ എസ്‍എലിന്റെ 10.35 ശതമാനം ഓഹരി റോയൽ എൻഫീൽഡ് സ്വന്തമാക്കിയിരുന്നു.