കാര്‍ മോഡിഫിക്കേഷന് ചെയ്യണോ? എങ്കിൽ അറിഞ്ഞിരിക്കാം ഇവ

Mail This Article
കാറിനെ സ്നേഹിക്കുന്നവര്‍ കാറിന്റെ പരിപാലനത്തിലും അധിക ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുന്നതിലും മടി കാണിക്കാറില്ല. അതിനൊപ്പം തന്നെ അനുയോജ്യമായ ഉപകരണങ്ങളും നമുക്ക് ആവശ്യമാണ്. കാറിന്റെ പരിപാലനത്തിനു മാത്രമല്ല ലുക്ക് കൂടുതല്‍ ആകര്‍ഷണീയമാക്കാനും അനുയോജ്യമായ ടൂളുകള്‍ ഉപകാരപ്രദമാണ്. കാര്‍ മോഡിഫിക്കേഷന് ഇഷ്ടപ്പെടുന്നവര്‍ക്ക് അത്യാവശ്യം വേണ്ട ഉപകരണങ്ങള്‍ എന്തൊക്കെയെന്ന് മനസിലാക്കാം.
ഹാന്‍ഡ് ടൂള്‍
കാറുകളെ ഇഷ്ടപ്പെടുന്നവര്‍ ആദ്യം തന്നെ ഉറപ്പിക്കേണ്ടത് അടിസ്ഥാനപരമായ ടൂളുകള്‍ കൈവശമുണ്ടെന്നതാണ്. സ്പാനറുകളും സ്ക്രൂഡ്രൈവറുകളും പ്ലെയറുകളും ഉള്‍പ്പെടുന്നവയാണിത്. മികച്ച ഗുണനിലവാരമുള്ളവയായിരിക്കം ഈ ഹാന്‍ഡ് ടൂളുകളെന്ന് ഉറപ്പിക്കണം. ഇത്തരം ഉപകരണങ്ങള്‍ക്കു വേണ്ടി വരുന്ന ചിലവ് ഒരിക്കലും പാഴ് ചിലവാവില്ല.
പവര്‍ ടൂള്‍
കാറുകളുടെ മോഡിഫിക്കേഷന്റെ സമയത്ത് പവര്‍ടൂളുകള്‍ ഏറെ ഉപകാരപ്പെടും. പുതിയ ബോഡി കിറ്റ് വാഹനത്തില്‍ സ്ഥാപിക്കാന്‍ മികച്ചൊരു ഇലക്ട്രിക് ഡ്രില്‍ ഉണ്ടെങ്കില്‍ ഒരുപാട് ഗുണം ചെയ്യും. ആംങ്കില് ഗ്രൈന്‍ഡര്‍ ഉപയോഗിച്ച് ലോഹ ഭാഗങ്ങള്‍ മുറിച്ചു മാറ്റാനും വാഹനത്തിന്റെ പുറം ഭാഗം മിനുസപ്പെടുത്താനും സാധിക്കും. ഇത്തരം ഉപകരണങ്ങള്‍ കാറിന്റെ പല മോഡിഫിക്കേഷനുകളും വീട്ടില്‍ വെച്ചു തന്നെ ചെയ്യാന്‍ സഹായിക്കുകയും ചെയ്യും.
ഡയഗ്നോസ്റ്റിക് ടൂള്‍
ഇലക്ട്രോണിക്സിന് വലിയ പ്രാധാന്യം നല്കുന്നവയാണ് ഇപ്പോള്‍ പുറത്തിറങ്ങുന്ന കാറുകള്‍. ഒബിഡി-II സ്കാനര്‍ പോലുള്ള ഉപകരണം നിങ്ങളുടെ വാഹനത്തിന്റെ പ്രശ്നം ആരെക്കാളും മുമ്പ് തിരിച്ചറിയാന്‍ നിങ്ങളെ സഹായിക്കും. കാറിന്റെ കമ്പ്യൂട്ടറില്‍ നിന്നുള്ള എറര്‍ കോഡുകള്‍ പിടിച്ചെടുക്കുന്ന ഇത്തരം ഉപകരണങ്ങള്‍ എവിടെയാണ് പ്രശ്നമെന്ന് കൃത്യതയോടെ കണ്ടെത്താന്‍ സഹായിക്കുകയും ചെയ്യും. സെന്‍സറുകളുടേയും എന്ജിന്റേയുമെല്ലാം പ്രശ്നങ്ങള്‍ എളുപ്പത്തില്‍ അറിയാനാവും.
സുരക്ഷാ ഉപകരണങ്ങള്‍
ഏതു മോഡിഫിക്കേഷനും മുമ്പ് പ്രാധാന്യം നല്‍കേണ്ടത് സുരക്ഷക്കാണ്. അതുകൊണ്ടുതന്നെ ആദ്യം നിലവാരമുള്ള സുരക്ഷാ ഗിയറുകള്‍ വാങ്ങാനാണ് പണം ചിലവാക്കേണ്ടത്. മികച്ച കയ്യുറകളും ഡ്രൈവിങ് കണ്ണടകളും ഗുണം ചെയ്യും. വാഹനത്തിലെ ജാക്കി പോലുള്ളവ നല്ല നിലവാരമുള്ളതാണെന്ന് ഉറപ്പിക്കണം. അവയുടെ പ്രവര്‍ത്തനം നേരത്തെ പരിശോധിക്കുന്നതും നല്ലതാണ്. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ പെട്ടെന്ന് ഉപയോഗിക്കേണ്ടി വരുന്നത് പലപ്പോഴും അപ്രതീക്ഷിത അപകടങ്ങള്‍ക്കു പോലും കാരണമാവാറുണ്ട്.
സവിശേഷ ഉപകരണങ്ങള്‍
സസ്പെന്ഷന് അപ്ഗ്രേഡ് പോലുള്ള മോഡിഫിക്കേഷനുകള്‍ക്ക് സ്പ്രിങ് കംപ്രസര്‍ പോലുള്ള ഉപകരണങ്ങള്‍ ആവശ്യമാണ്. എക്സ്ഹോസ്റ്റ് സിസ്റ്റം മാറ്റാനാണ് ശ്രമിക്കുന്നതെങ്കില്‍ പൈപ്പ് ബെന്‍ഡര്‍ ഉപകാരപ്പെടും. നിങ്ങളുടെ കാറിന്റെ ആവശ്യത്തിന് അനുസരിച്ചുള്ള ഉപകരണങ്ങള്‍ കൈവശമുള്ളത് അപ്രതീക്ഷിതമായി പോലും ഗുണം ചെയ്യും.
ഒതുക്കി വെക്കണം
ആവശ്യത്തിന് ഉപകരണങ്ങള്‍ ഉണ്ടായാല്‍ മാത്രം പോര അത് അടുക്കി ഒതുക്കി വെക്കുകയും വേണം. ഇത് ഇത്തരം ഉപകരണങ്ങള്‍ ആവശ്യമുള്ളപ്പോള്‍ ഉപയോഗിക്കാനാവുമെന്ന് ഉറപ്പിക്കാനും സഹായിക്കും. ടൂള്‍ബോക്സുകളും പെഗ്ബോര്ഡുകളും ഇതിന് സഹായിക്കും. ഇനി മാഗ്നെറ്റിക് ട്രേകളുണ്ടെങ്കില് ചെറിയ ഉപകരണങ്ങളോ വാഹന ഭാഗങ്ങളോ നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ സഹായിക്കുകയും ചെയ്യും. ആവശ്യത്തിന് ഉപകരണങ്ങളും അവ ഉപയോഗിക്കാനുമുള്ള പ്രായോഗിക അറിവുമുണ്ടെങ്കില്‍ മോഡിഫിക്കേഷന്റെ ഭാഗമായുള്ള വെല്ലുവിളികളെ എളുപ്പം മറികടക്കാനാവുകയും ചെയ്യും.