റാപിഡ് റൈഡർ പ്ലസുമായി സ്കോഡ; വില 7.99 ലക്ഷം രൂപ
Mail This Article
സ്കോഡയുടെ സെഡാനായ റാപിഡിന്റെ പുതിയ പതിപ്പ് വിൽപനയ്ക്കെത്തി. റാപിഡ് റൈഡർ പ്ലസ് സെഡാന് 7.99 ലക്ഷം രൂപയാണു ഷോറൂം വില. കാറിനു കരുത്തേകുന്നത് ഒരു ലീറ്റർ ടി എസ് ഐ പെട്രോൾ എൻജിനാണ്. ആറു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ. കാറിലെ എൻജിന് 110 പി എസ് വരെ കരുത്തും 175 എൻ എമ്മോളം ടോർക്കും സൃഷ്ടിക്കാനാവും. ലീറ്ററിന് 18.97 കിലോമീറ്ററാണു റാപിഡ് റൈഡർ പ്ലസിനു സ്കോഡ ഓട്ടോ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.
ശേഷിയേറിയ 1.6 ലീറ്റർ എം പി ഐ പെട്രോൾ എൻജിനെ അപേക്ഷിച്ച് അഞ്ചു ശതമാനത്തോളം അധിക കരുത്താണ് ഈ ടി എസ് ഐ എൻജിൻ സൃഷ്ടിക്കുക. ടോർക്കിലാവട്ടെ 14% ആണു വർധന. കരുത്തും ടോർക്കും ഉയരുന്നതിനൊപ്പം ഇന്ധനക്ഷമതയിലും ഗണ്യമായ പുരോഗതിയുണ്ട്: 23% വർധന. കാറിൽ സ്മാർട്ലിങ്ക് സാങ്കേതികവിദ്യയുടെ പിൻബലമുള്ള 16.51 സെന്റീ മീറ്റർ കളർ ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനമാണു സ്കോഡ സജ്ജീകരിച്ചിരിക്കുന്നത്. ക്ലൈമട്രോണിക് ടെക്നോളജിക്കൊപ്പം പിന്നിൽ ക്രമീകരിക്കാവുന്ന വിധത്തിലുള്ള ഇരട്ട എ സി വെന്റും 12 വോൾട്ട് പവർ സോക്കറ്റുമുണ്ട്. നാലു നിറങ്ങളിലാണു ‘റാപിഡ് റൈഡർ പ്ലസ്’ ലഭ്യമാവുക: കാൻഡി വൈറ്റ്, കാർബൺ സ്റ്റീൽ, ബ്രില്യന്റ് സിൽവർ, ടോഫി ബ്രൗൺ.
അത്യാധുനിക സാങ്കേതികവിദ്യയുടെ പിൻബലമുള്ള ഒരു ലീറ്റർ ടി എസ് ഐ പെട്രോൾ എൻജിൻ സഹിതമുള്ള പുത്തൻ ‘റാപിഡ്’ ശ്രേണി വിപുലീകരിച്ചു വരികയാണെന്ന് സ്കോഡ ഓട്ടോ ഇന്ത്യ ബ്രാൻഡ് ഡയറക്ടർ സാക് ഹൊളിസ് വെളിപ്പെടുത്തി. മികച്ച കരുത്തിന്റെയും തകർപ്പൻ ഇന്ധനക്ഷമതയുടെയും സംഗമമാണ് ഈ പുതിയ എൻജിനെന്നും അദ്ദേഹം അവകാശപ്പെട്ടു.
English Summary: Skoda Rapid Raider Plus Launched