പുതിയ ക്രൂസർ ബൈക്കുമായി റോയൽ എൻഫീഡ് വില 1.76 ലക്ഷം മുതൽ

Mail This Article
പുതിയ ക്രൂസർ ബൈക്കുമായി റോയൽ എൻഫീൽഡ്. ഏറെക്കാലമായി തുടരുന്ന കാത്തിരിപ്പിനു വിരാമമിട്ട് മീറ്റിയോർ എന്ന് പേരിട്ടിരിക്കുന്ന ബൈക്കാണ് റോയൽ എൻഫീൽഡ് പുറത്തിറക്കിയത്. ഫയർബോൾ ( 1.76 ലക്ഷം) സ്റ്റെല്ലാർ ( 1.81 ലക്ഷം) സൂപ്പർനോവ (1.90) എന്നിങ്ങനെ മൂന്നു വേരിയന്റുകളിലായാണ് പുതിയ ബൈക്ക് വിപണിയിലെത്തുന്നത്. തണ്ടർബേർഡ്, തണ്ടർബേർഡ് എക്സ് ബൈക്കുകളുടെ പകരക്കാരനാണ് മീറ്റിയോർ 350. നിലവിലെ ‘തണ്ടർബേഡ്’ ശ്രേണിയുടെ പിൻഗാമിയായിട്ടാവും റോയൽ എൻഫീൽഡ് മീറ്റിയോർ 350 എത്തുന്നത്.
കമ്പനി പുതുതായി വികസിപ്പിച്ച ജെ പ്ലാറ്റ്ഫോമിൽ പുറത്തെത്തുന്ന ആദ്യ ബൈക്കാവും മീറ്റിയോർ 350. തണ്ടർബേഡിലും തണ്ടർബേഡ് എക്സിനും കരുത്തേകുന്ന പഴയ എൻജിനു പകരമായി പുത്തൻ എയർ കൂൾഡ്, ഫ്യുവൽ ഇഞ്ചക്റ്റഡ് 350 സി സി എൻജിനും മീറ്റിയോറിലൂടെ അരങ്ങേറും. മുമ്പത്തെ പുഷ് റോഡ് ആക്ച്വുവേറ്റഡ് വാൽവിനു പകരം സിംഗിൾ ഓവർഹെഡ് കാമു(എസ് ഒ എച്ച് സി)മായെത്തുന്ന ഈ എൻജിനു കൂട്ടായി ആറു സ്പീഡ് ഗീയർബോക്സും ഇടംപിടിക്കും.
പരമാവധി 20.5 ബി എച്ച് പി കരുത്തും 27 എൻ എം വരെ ടോർക്കുമാവും മീറ്റിയോറിലെ പുതിയ എൻജിൻ സൃഷ്ടിക്കുക. ‘തണ്ടർബേഡി’ലെ നിലവിലുള്ള 350 സി സി എൻജിൻ19.8 ബി എച്ച് പി കരുത്തും 28 എൻ എം ടോർക്കും സൃഷ്ടിക്കുന്ന സ്ഥാനത്താണിത്. നിലവിലെ യൂണിറ്റ് കൺസ്ട്രക്ഷൻ എൻജിനെ അപേക്ഷിച്ചു സുഗമമായ പ്രവർത്തനവും ഈ പുതിയ എൻജിനിൽ റോയൽ എൻഫീൽഡ് വാഗ്ദാനം ചെയ്യുന്നുണ്ട്.
English Summary: Royal Enfield Meteor 350 Launched at Rs 1.76 Lakh