പിറന്നാൾ നിറവിൽ പോറ്റുനാട്
Mail This Article
അബുദാബി ∙ യുഎഇയ്ക്ക് ഇന്ന് 48ന്റെ നിറവ്. 1971 ഡിസംബര്‍ 2നാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) രൂപംകൊണ്ടത്. കേവലം മരുഭൂമിയായിരുന്ന യുഎഇ കുറഞ്ഞ നാളുകൾകൊണ്ട് കൈവരിച്ച നേട്ടം ഇന്നു ബഹിരാകാശത്തോളം ഉയർന്നിരിക്കുന്നു. സാക്ഷാത്കരിച്ച സ്വപ്നങ്ങളിൽ മതിമറന്നിരിക്കാതെ പുതിയ ലക്ഷ്യത്തിലേക്കു കുതിക്കുകയാണ് രാജ്യവും ഭരണാധികാരികളും.
ഇത് യൂണിയൻ ഹൗസ്; യുഎഇ പിറവി കൊണ്ട ഭവനം
യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ഇവിടെ ഭരണാധികാരികൾ പതാക ഉയർത്തി. വർഷങ്ങൾക്കു മുൻപ് ഐക്യത്തിന്റെ ഈ ഭവനത്തിൽവച്ചായിരുന്നു യുഎഇയുടെ പിറവി. സഖ്യനാടുകളായി അറിയപ്പെട്ടിരുന്ന അബുദാബി, ദുബായ്, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ എന്നീ 6 പ്രവിശ്യകളായിരുന്നു യുഎഇയ്ക്ക് കീഴില്‍ അന്ന് അണിനിരന്നത്. 1972 ഫെബ്രുവരി 10ന് റാസല്‍ഖൈമയും ചേര്‍ന്നതോടെ ഒരു മാലയിലെ 7 മുത്തുകളായി സപ്ത എമിറേറ്റുകള്‍. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍റെയും രാഷ്ട്ര ശില്‍പി ഷെയ്ഖ് റാഷിദ് ബിന്‍ സഈദ് അല്‍ മക്തൂമിന്‍റെയും നേതൃത്വത്തിലായിരുന്നു ചരിത്രപരമായ ആ പ്രഖ്യാപനം. ബ്രിട്ടന്‍റെ അധീനതയിലായിരുന്ന ട്രൂഷ്യല്‍ സ്റ്റേറ്റ്സുകൾ ഇതോടെ യുഎഇ എന്ന സ്വതന്ത്ര രാജ്യ പദവിയിലേക്ക് ഉയര്‍ന്നു. ഖത്തറും ബഹ്റൈനും ഫെഡറേഷനില്‍ ചേരാന്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും അവസാന നിമിഷം പിന്മാറുകയായിരുന്നു. ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളിൽ ഒന്നാം സ്ഥാനമുണ്ട് യുഎഇ പാസ്പോർട്ടിന്. ഇതിലൂടെ സ്വദേശികൾക്ക് മുൻകൂട്ടി വീസയെടുക്കാതെ 165 രാജ്യങ്ങൾ സന്ദർശിക്കാമെന്നതാണ് നേട്ടം.
ഇവർ രാഷ്ട്ര ശിൽപികൾ
ഇന്നു മേഖലയിലെ ഏറ്റവും സ്വാധീനശക്തിയുള്ള രാജ്യമായി യുഎഇ തല ഉയർത്തി നിൽക്കുന്നതിനു പിന്നിൽ ഇവരാണ്. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താനും രാഷ്ട്ര ശിൽപി ഷെയ്ഖ് റാഷിദ് ബിൻ സഈദ് അൽ മക്തൂമും. ചിത്രത്തിനരികെ നിൽക്കുന്നത് ചിത്രം പകർത്തിയ ഇന്ത്യൻ ഫൊട്ടോഗ്രഫർ രമേഷ് ശുക്ല. രാഷ്ട്രത്തിന്‍റെ പ്രഖ്യാപനം മുതൽ ഓരോ നിമിഷവും ക്യാമറയിൽ ഒപ്പിയെടുത്തത് ഇന്ത്യക്കാരന്‍ രമേഷ് ശുക്ലയും പാക്കിസ്ഥാനില്‍നിന്നെത്തി സ്വദേശിയായി റോയല്‍ ഫൊട്ടൊഗ്രഫറായി മാറിയ നൂര്‍ അലി റാഷിദുമാണ്. ഇരുവരും ഫ്രെയിമിലാക്കിയ അപൂർവ നിമിഷങ്ങള്‍ മാത്രം മതി ഈ രാജ്യത്തിന്‍റെ നാള്‍ വഴികളറിയാന്‍. 7 ഭരണാധികാരികളും യുഎഇയുടെ ദേശീയ പതാകയ്ക്കുകീഴില്‍ അണിനിരന്ന അപൂര്‍വ മുഹൂര്‍ത്തം രമേഷ് ശുക്ലയുടെ ക്യാമറകണ്ണുകള്‍ ഒപ്പിയെടുത്തപ്പോള്‍ അത് ദേശീയദിനത്തിന്റെ ലോഗോ ആയി മാറി. പിന്നീടങ്ങോട്ട് വികസനത്തിന്‍റെയും പുരോഗതിയുടെയും നാള്‍ വഴികള്‍. വെറുമൊരു മണൽകാടിൽനിന്ന് ലോകത്തിന്‍റെ നെറുകിലേക്കുള്ള കുതിപ്പിന്‍റെയും വളർച്ചയുടെയും ഓർമകളുടെ കടലിമ്പമാണ് ഓരോ ദേശീയ ദിനവും സമ്മാനിക്കുന്നത്.
33 ലക്ഷം ഇന്ത്യക്കാർ
മലയാളികളടക്കം 33 ലക്ഷത്തോളം ഇന്ത്യക്കാരും ഈ രാജ്യത്തിന്റെ സന്തോഷത്തിൽ പങ്കുചേരുന്നു. ഇന്ത്യക്കാരുൾപെടെ 200ലേറെ രാജ്യങ്ങളിൽനിന്നുള്ള ലക്ഷക്കണക്കിന് വിദേശികളാണ് യുഎഇയിലുള്ളത്.
മുന്നേറും, കൈകോർത്ത്
വിവിധ മതസ്ഥർക്ക് അവരവരുടെ വിശ്വാസം അനുസരിച്ച് ജീവിക്കാനുള്ള സൗകര്യം ഒരുക്കിവരുന്നതിന് നൂറ്റാണ്ടുകളുടെ പഴമുണ്ടെന്ന് തെളിയിക്കുന്നതാണ് സർ ബനിയാസ് ദ്വീപിൽ 1400 വർഷം പഴക്കമുള്ള ക്രൈസ്തവ ദേവാലയം. മസ്ജിദും പള്ളിയും ക്ഷേത്രവും ഗുരുദ്വാരയുമെല്ലാം ഇവിടെയുണ്ട്. ഇതിനുപുറമെ അബുദാബിയിൽ പരമ്പരാഗത മാതൃകയിൽ മധ്യപൂർവദേശത്തെ ഏറ്റവും വലിയ ക്ഷേത്രം ഉയർന്നുവരുന്നു. ആഗോള കത്തോലിക്കാ സഭാ അധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയെ യുഎഇയിലെത്തിച്ച് മാനവസാഹോദര്യ സമ്മേളനം നടത്തിയത് ഏറ്റവു ഒടുവിലത്തെ ഉദാഹരണമാണ്. ഇതേ തുടർന്ന് അബുദാബിയിൽ എബ്രഹാമിക് ഫാമിലി ഹോം നിർമിക്കാൻ തീരുമാനിക്കുകയും ചെയ്തു. സാധ്യതകൾക്കും നിർമിത ബുദ്ധിക്കും സഹിഷ്ണുതയ്ക്കും സന്തോഷത്തിനും മന്ത്രാലയങ്ങൾ രൂപീകരിച്ചതും രാജ്യത്തിന്‍റെ കാഴ്ചപ്പാട് വിശാലമാണെന്ന് തെളിയിക്കുന്നു.
ഭാവിയിലേക്കുള്ള പാത വിദ്യാഭ്യാസത്തിലൂടെ: ഷെയ്ഖ് ഖലീഫ
അബുദാബി∙ ഭാവിയിലേക്കുള്ള പാത വിദ്യാഭ്യാസത്തിലൂടെയാണെന്നും അതിനാണ് മുന്തിയ പരിഗണന നൽകുന്നതെന്നും യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. പുതിയ ഫെഡറൽ ബജറ്റിന്റെ വലിയൊരു ഭാഗം വിദ്യാഭ്യാസ മേഖലയ്ക്കു നീക്കിവച്ചതും അതുകൊണ്ടാണെന്ന് യുഎഇയുടെ 48ാം ദേശീയ ദിനത്തോടനുബന്ധിച്ചു നൽകിയ പ്രസ്താവനയിൽ ഷെയ്ഖ് ഖലീഫ വ്യക്തമാക്കി. ഐക്യത്തിന്റെ കരുത്തിൽ അസാധ്യം എന്നത് യുഎഇയിൽ ഇല്ലാതായതായും ആസൂത്രണവും നടപടിയും നേട്ടവും ജീവിതത്തിന്റെ ഭാഗമാക്കിയതായും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. ഐക്യത്തിലൂടെയും ത്യാഗത്തിലൂടെയും യുഎഇ നേടിയെടുത്തത് മികച്ച വളർച്ചയാണെന്ന് അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. യുഎഇ ഭരണാധികാരികളുടെ സ്വപ്നവും ജനങ്ങളുടെ അഭിലാഷവും സാക്ഷാത്കരിച്ചതിന്റെ നേർസാക്ഷ്യമാണ് ഡിസംബർ 2 എന്ന് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികായിരുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പറഞ്ഞു. പ്രസിഡന്റ് ഷെയ്ഖ് ഖലീഫയുടെ നേതൃത്വത്തിൽ രാജ്യം രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചതായി സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി പറഞ്ഞു. ബഹിരാകാശത്തും ഭൂമിയിലും രാജ്യം നേടിയ നേട്ടത്തിൽ ദേശീയ ദിനത്തിന് തിളക്കമേകുന്നതായി ഉമ്മുൽഖുവൈൻ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ല പറഞ്ഞു. ഐക്യമാണ് പ്രധാന സ്വത്വം എന്നതിൽ സ്വദേശികൾക്ക് അഭിമാനിക്കാമെന്നും അതാണ് വിജയത്തിലേക്ക് രാജ്യത്തെ നയിച്ചതെന്നും സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി പറഞ്ഞു. നവീന ലോകത്തേക്ക് യുഎഇയുടെ കുതിപ്പിനുള്ള അടിത്തറയാണ് 48 വർഷത്തെ നേട്ടമെന്നാണ് ഫുജൈറ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി വിശേഷിപ്പിച്ചത്. 48ാമത് ദേശീയ ദിനത്തോടനുബന്ധിച്ചായിരുന്നു എമിറേറ്റ് ഭരണാധികാരികളുടെ പ്രസ്താവന.