ഹയാ സിം കാർഡുകൾ സൗജന്യം; ഒപ്പം ഓഫറുമായി ഉറീഡു
Mail This Article
ദോഹ ∙ ലോകകപ്പിനെത്തുന്ന ഫുട്ബോള്‍ ആരാധകര്‍ക്കായി സൗജന്യ ഹയാ സിം കാര്‍ഡുകളും നിലവിലെ ഉപയോക്താക്കള്‍ക്കായി പുത്തന്‍ ഓഫറും പ്രഖ്യാപിച്ച് ടെലികോം സേവന ദാതാക്കളായ ഉറീഡു.
നവംബര്‍ 1 മുതല്‍ ഹയാ സിം കാര്‍ഡുകളും ഖത്തറിലെ ഉപയോക്താക്കള്‍ക്കുള്ള '2022 ഗിഫ്റ്റ്' ഓഫറും ലഭ്യമാണെന്ന് ഉറീഡു ചീഫ് കൊമേഴ്സ്യല്‍ ഓഫിസര്‍ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് ബിന്‍ നാസര്‍ അല്‍താനി, മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സാറ അല്‍ ഡോറനി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
സാധാരണ സിം കാര്‍ഡുകള്‍ക്ക് പുറമെ ഇ-സിം കാര്‍ഡുകളും ലഭിക്കുമെന്ന് ഫിഫ ലോകകപ്പിന്റെ മിഡില്‍ ഈസ്റ്റ്-ആഫ്രിക്കന്‍ ദേശത്തെ ഔദ്യോഗിക ടെലികമ്യൂണിക്കേഷന്‍ ഓപ്പറേറ്റര്‍ കൂടിയായ ഉറീഡു അധികൃതര്‍ വിശദീകരിച്ചു.
ഖത്തറിലെ താമസക്കാരായ എല്ലാ ഉറീഡു പ്രീ-പെയ്ഡ്, പോസ്റ്റ്-പെയ്ഡ് ഉപയോക്താക്കള്‍ക്കുമായി 'ഉറീഡു 2022 ഗിഫ്റ്റ്' എന്ന ലോകകപ്പ് ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. നവംബര്‍ 1 മുതല്‍ ഡിസംബര്‍ 18 വരെ ഈ ഓഫര്‍ ഉപയോഗപ്പെടുത്താം. ഉറീഡു ആപ്പ് മുഖേന വേണം ആക്ടിവേറ്റ് ചെയ്യാന്‍. 3 ദിവസത്തേക്ക് 2022 എംബി ഡാറ്റ, 2022 മിനിറ്റിന്റെ ലോക്കല്‍ കോള്‍, 2022 ലോക്കല്‍ എസ്എംഎസ് എന്നിവയാണ് സൗജന്യമായി ലഭിക്കുന്നത്. അണ്‍ലിമിറ്റഡ് ഡാറ്റ പാക്കേജുള്ള ഉപയോക്താവ് ആണെങ്കില്‍ 2022 സ്റ്റാര്‍ പോയിന്റുകളും ലഭിക്കും.
ഹയാ സിം നല്കുന്ന ഓഫറുകള്‍
സൗജന്യമായി ലഭിക്കുന്ന ഹയാ സിം കാര്‍ഡില്‍ 3 ദിവസത്തെ കാലാവധിയില്‍ 2022 മിനിറ്റ് ലോക്കല്‍ കോള്‍, 2022 ലോക്കല്‍ എസ്എംഎസ്, 2022 എംബി ഇന്റര്‍നെറ്റ് ഡാറ്റയും സൗജന്യമായി ലഭിക്കും. 3 ദിവസത്തെ ഓഫര്‍ കഴിഞ്ഞാല്‍ റീ ചാര്‍ജ് സ്ക്രാച്ച് കാര്‍ഡ് അല്ലെങ്കില്‍ ഉറീഡു ആപ്പിലൂടെയോ വെബ്സൈറ്റിലൂടെയോ ഇന്റര്‍നാഷനല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചും റീചാര്‍ജ് ചെയ്യാം. ഇ-സിം ഉറീഡു നെറ്റ് വര്‍ക്ക് മുഖേന കണക്ട് ചെയ്ത് ആക്ടിവേറ്റാക്കാം. സാധാരണ പോലുള്ള സിം കാര്‍ഡുകള്‍ ഉറീദു ആപ്പ് മുഖേനയോ അല്ലെങ്കില്‍ ഉറീഡു ഇ-ഷോപ്പിലൂടെയോ ആക്ടിവേറ്റ് ചെയ്യാം.
ഹയാ സിം കാര്‍ഡുകള്‍ ലഭിക്കുന്നത്
ഖത്തറിലെ വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, അബു സമ്ര ലാന്‍ഡ് ബോര്‍ഡര്‍ ക്രോസിങ് എന്നിവിടങ്ങളിലെ ഡിസ്പെന്‍സിങ് മെഷീനുകളില്‍ നിന്ന് ഹയാ സിം കാര്‍ഡുകള്‍ ലഭിക്കും. ടാക്സികള്‍, മെട്രോ സ്റ്റേഷനുകള്‍, ഹോട്ടലുകള്‍, ഫിഫയുടെ ഫാന്‍ അക്കോമഡേഷന്‍ കേന്ദ്രങ്ങള്‍, ഫാന്‍ സോണുകള്‍, ഉറീഡു സ്റ്റോറുകള്‍, ഏജന്‍സി-ഡീലര്‍മാര്‍ തുടങ്ങി രാജ്യത്തുടനീളമുള്ള വിവിധ സ്ഥലങ്ങളില്‍ നിന്ന് സിം കാര്‍ഡുകള്‍ ലഭിക്കും. ഇതിനു പുറമെ ഉറീഡു ഇ-ഷോപ്പില്‍ നിന്ന് ഹയാം സിം ഓണ്‍ലൈന്‍ വഴിയും ലഭ്യമാകും. ഉറീഡുവിന്റെ ഇ-ഷോപ്പില്‍ നിന്നാണ് ഹയാ സിം കാര്‍ഡ് എടുക്കുന്നതെങ്കില്‍ ഖത്തറിലെ ഏതു ലൊക്കേഷനിലും സിം ഡെലിവര്‍ ചെയ്യും. ഇ-സിം ഉപയോഗിക്കാന്‍ ആണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ ഉപയോക്താവിന്റെ ഇ-മെയിലില്‍ സിം ലഭിക്കും.
English Summary: Ooredoo launches Hayya SIM enabling World Cup fans to stay connected free of charge