ഇളവ്; അവധിക്കൊപ്പം ഷോപ്പിങ് ആഘോഷം
Mail This Article
ദോഹ ∙ മധ്യവേനൽ അവധിക്കാലമായതോടെ ഷോപ്പിങ് നടത്താൻ ഇളവുകളും ഓഫറുകളുമായി അവധിക്കാല വിപണി ഉഷാർ. ഉപഭോക്താവിന്റെ മനസറിഞ്ഞാണ് വിപണികളുടെ പ്രവർത്തനം. ഇഷ്ടമുള്ളതെല്ലാം വാങ്ങണമെന്ന് ആഗ്രഹിച്ചാലും ബാഗേജ് പരിധിക്ക് മുൻപിൽ പ്രവാസികൾക്ക് ഉപേക്ഷിക്കേണ്ടി വരും.
ബാഗേജ് പരിധി കഴിഞ്ഞാൽ ആഗ്രഹിച്ചു വാങ്ങിയ പലതും മുറിയിൽ ഉപേക്ഷിച്ച് നാട്ടിലേക്ക് പോകേണ്ടിവരും. സാധാരണക്കാരായ പ്രവാസികൾക്ക് പോക്കറ്റനുസരിച്ചു ഷോപ്പിങ് നടത്താവുന്ന തരത്തിലാണ് വിപണികളിലെ ഓഫറുകൾ.
വാങ്ങേണ്ട സാധനങ്ങളുടെ പട്ടിക നേരത്തെ തയാറാക്കിയാൽ അനാവശ്യ സാധനങ്ങൾ വാങ്ങി കീശ കാലിയാകാതെ നോക്കാം. കൃത്യമായ പ്ലാനിങ്ങിൽ ഷോപ്പിങ് നടത്തിയാൽ കുടുംബ ബജറ്റിന്റെ താളവും തെറ്റില്ല.
ഇഷ്ടം പോലെ വാങ്ങാം, പോക്കറ്റ് കീറാതെ
എല്ലാ പ്രായക്കാർക്കുമുള്ള ഉൽപന്നങ്ങൾ വിപണിയിലുണ്ട്. വൻകിട ബ്രാൻഡുകളുടേത് മുതൽ ചെറുകിടക്കാരുടെ വരെ ഉൽപന്നങ്ങൾ സുലഭമാണ്. ഇഷ്ടമുള്ളവ പോക്കറ്റനുസരിച്ച് തന്നെ വാങ്ങാം. ദോഹയിലെ ചെറിയ സൂപ്പർമാർക്കറ്റുകൾ മുതൽ വലിയ ഹൈപ്പർമാർക്കറ്റുകളിലും ഷോപ്പിങ് മാളുകളിലും വരെ വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള വിഭാഗങ്ങളിൽ ഓഫറുകൾ ധാരാളമുണ്ട്.
പെർഫ്യൂം, സോപ്പുകൾ, വ്യത്യസ്ത തരം ഡ്രൈ ഫ്രൂട്‌സ്, ഈന്തപ്പഴം, സ്വീറ്റ്‌സ് തുടങ്ങി സ്മാർട് ഫോണുകൾ, ടെലിവിഷൻ, ലാപ്‌ടോപ്, ക്യാമറ, വിവിധ ഇലക്ട്രോണിക് ഉപകരണങ്ങൾ, ടോർച്ചുകൾ, ട്രോളി ബാഗുകൾ, പെട്ടികൾ, തുണിത്തരങ്ങൾ, കോസ്‌മെറ്റിക് ഉൽപന്നങ്ങൾ തുടങ്ങി ദീർഘനേരം യാത്ര ചെയ്യുമ്പോൾ കഴുത്തു വേദനിക്കാതിരിക്കാനുള്ള നെക്ക് പില്ലോ വരെ വിപണിയിലുണ്ട്.
ഭൂരിഭാഗം ഉൽപന്നങ്ങൾക്കും ഓഫറുകളുണ്ട്. വ്യത്യസ്ത വലുപ്പത്തിലുള്ള വീലുള്ളതും ഇല്ലാത്തതുമായ ഭാരം കുറഞ്ഞതും കൂടിയതുമായ പെട്ടികൾ, ബാക്ക് പാക്കുകൾ, ട്രോളി ബാഗുകൾ എന്നിവയ്ക്കെല്ലാം ആവശ്യക്കാരേറെയുള്ള സമയമാണിത്. പെട്ടികൾക്ക് 80 റിയാൽ, ബാക്ക് പാക്കുകൾക്ക് 45 റിയാൽ എന്നിങ്ങനെയാണ് വില തുടങ്ങുന്നത്. നാട്ടിലേക്ക് സ്മാർട് ടിവികൾ വാങ്ങി കൊണ്ടു പോകുന്നവരെ ലക്ഷ്യമിട്ട് ടെലിവിഷൻ വിപണിയും ഉഷാറാണ്.
നാട്ടിലേക്ക് പോകുമ്പോൾ സ്മാർട് ഫോൺ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങുന്നവരാണ് മിക്കവരും. ബ്രാൻഡുകൾ അനുസരിച്ചാണ് വില. വില അൽപം കൂടിയാലും ഉയർന്ന നിലവാരമുള്ള, അംഗീകൃത ബ്രാൻഡുകളുടെ സാധനങ്ങൾ നോക്കി വാങ്ങുന്നതിലാണ് ഭൂരിഭാഗം പേർക്കും താൽപര്യം. ഈ മാസം 15 മുതൽ അവധിക്കാല യാത്രകൾക്ക് തുടക്കമാകും. മിക്ക ഹൈപ്പർമാർക്കറ്റുകളിലും ജൂലൈ വരെ ഓഫറുകൾ തുടരും.
English Summary: Market is buzzing with discounts and offers as the mid-summer holiday approaches