സൗദിയിൽ കനത്ത മഴ; തെരുവുകളിൽ വെള്ളം നിറഞ്ഞു, ഗതാഗതക്കുരുക്ക്

Mail This Article
ജിദ്ദ∙ വെള്ളിയാഴ്ച വൈകീട്ട് മക്കയിലും ജിദ്ദയിലും മഴ പെയ്തു. മേഖലയിൽ മഴയുണ്ടാകുമെന്ന് സിവിൽ ഡിഫൻസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ശക്തമായ കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയാണ് മക്കയിൽ മഴയുണ്ടായത്. മസ്ജിദുൽ ഹറം, ഹറം പരിസരം, മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിലും കൂടാതെ മറ്റ് ഡിസ്ട്രിക്ടുകളിലും മർകസുകളിലും ശക്തമായ മഴ ലഭിച്ചു.
തെരുവുകളിൽ, പ്രത്യേകിച്ച് അസീസിയ പ്രദേശത്ത് വെള്ളം നിറഞ്ഞു. ഇത് വാഹന ഗതാഗതത്തിന് തടസം സൃഷ്ടിച്ചു. ചെറിയ ചില വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങി. മഴ മുന്നറിയിപ്പിനെ തുടർന്ന് സിവിൽ ഡിഫൻസ് ടീമുകൾ മക്കയിലുടനീളം തങ്ങളുടെ സാന്നിധ്യം ശക്തമാക്കിയിരുന്നു. ജിദ്ദയുടെ വിവിധ ഭാഗങ്ങളിലും സമാന്യം നല്ല മഴയാണ് ഉണ്ടായത്. താഴ്ന്ന സ്ഥലങ്ങളിലെല്ലാം നേരിയ വെള്ളക്കെട്ടുകളുണ്ടായി. മുൻകരുതലെന്നോണം ജിദ്ദ ഗവർണറേറ്റിലെ 72 സ്ഥലങ്ങളിൽ സിവിൽ ഡിഫൻസ് തങ്ങളുടെ സംവിധാനങ്ങൾ വിന്യസിച്ചിരുന്നു.