ചെറുകിട ഇടത്തരം സംരംഭങ്ങളെ സഹായിക്കാൻ 50 കോടി ദിർഹത്തിന്റെ ഗ്രോത്ത് ഫണ്ട് പ്രഖ്യാപിച്ച് ഷെയ്ഖ് ഹംദാൻ
Mail This Article
ദുബായ് ∙ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കി ആഗോള തലത്തിൽ വിപുലീകരിക്കാൻ ദുബായ് 50 കോടി ദിർഹത്തിന്റെ ഇന്റർനാഷനൽ ഗ്രോത്ത് ഫണ്ട് പ്രഖ്യാപിച്ചു. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് നൂതന പദ്ധതി പ്രഖ്യാപിച്ചത്. എമിറേറ്റിലെ ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തി ആഗോള തലത്തിലേക്കു ഉയരാൻ സംരംഭകർക്ക് അവസരമൊരുക്കുകയാണ് ദുബായ്. വ്യവസായ സംരംഭം കെട്ടിപ്പടുക്കാൻ ദുബായ് തിരഞ്ഞെടുത്ത ആഗോള സംരംഭകർക്ക് ദുബായ് ചേർത്തുപിടിക്കുന്നുവെന്നതിന്റെ തെളിവാണ് പദ്ധതി. ദുബായ് സാമ്പത്തിക വികസന അജണ്ട ഡി33ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഇത് ആക്കം കൂട്ടും.
ദുബായിൽ ആരംഭിച്ച എല്ലാ ചെറുകിട, ഇടത്തരം കമ്പനി ഉടമകൾക്കും അവരുടെ രാജ്യം പരിഗണിക്കാതെ തന്നെ രാജ്യാന്തര തലത്തിൽ ബിസിനസ് വ്യാപിപ്പിക്കാൻ സഹായിക്കുന്നതിനാണ് എമിറേറ്റ്സ് എൻബിഡിയുമായി സഹകരിച്ച് പുതിയ പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്. സാമ്പത്തിക സഹായത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ഫെബ്രുവരിയിൽ പ്രഖ്യാപിക്കും. അധിക മാർജിൻ ഈടാക്കാതെയാകും ബാങ്ക് സാമ്പത്തിക സഹായം ലഭ്യമാക്കുക. ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് ദുബായ് സർക്കാരിന്റെയും എമിറേറ്റ്‌സ് എൻബിഡിയുടെയും പ്രതിനിധികൾ ഉൾപ്പെടുന്ന ഒരു സംയുക്ത സ്റ്റിയറിങ് കമ്മിറ്റി രൂപീകരിക്കുമെന്നും വ്യക്തമാക്കുന്നു.