‘സ്നേഹം നെഞ്ച് വിരിച്ച കുരിശ്’: കുവൈത്തിൽ നിന്നൊരു ഈസ്റ്റർ ഗാനം
Mail This Article
കുവൈത്ത് സിറ്റി ∙ കുവൈത്തിലെ അബ്ബാസിയായിലെ കുടുംബ കൂട്ടായ്‌മ ഈസ്റ്റർ ഗാനം പുറത്തിറക്കി. നാല് വ്യത്യസ്‌ത ഭാഗങ്ങളുള്ളതാണ് മൂന്നേകാൽ മിനിറ്റ് വരുന്ന വിഡിയോ ഗാനം. കുരിശിനെക്കുറിച്ച് ചോദിക്കുന്ന കുട്ടികളും അവർക്ക് മറുപടി പറയുന്ന മുതിർന്നവരുമാണ് ഗാനത്തിന്‍റെ ആദ്യഭാഗത്ത്. കുഞ്ഞുകുട്ടികൾ മുതൽ കൗമാരക്കാർ വരെയുള്ളവരും മുതിർന്നവരുമായി മുപ്പതിൽപ്പരം ആളുകൾ പങ്കെടുത്ത ഗാനം, പ്രഫഷനൽ ഗായകരോടൊപ്പം സംഗീതാസ്വാദകരും പാടുന്നു.
തിരുഹൃദയം എന്നു വെച്ചാലെന്താണെന്ന് പാടുന്ന കുട്ടികളോടുള്ള മറുപടിയാണ് ഗാനത്തിന്‍റെ രണ്ടാം ഭാഗത്ത്. ഓരോ ഭാഗത്തിനും വെവ്വേറെ ട്യൂണുകൾ. വ്യത്യസ്‌ത പ്രായത്തിൽപ്പെടുന്ന കുട്ടികളാണ് ഓരോ ഭാഗത്തും. സത്യം കൊണ്ട് സ്വാതന്ത്രരാവുക എന്നാൽ എന്താണെന്ന് സീനിയർ സെക്കൻഡറി വിഭാഗത്തിലെ കുട്ടികൾ ചോദിച്ച് പാടുന്നു. അവർക്കുള്ള മറുപടിക്ക് ശേഷം കർമ്മനിരതരാവുന്ന കുട്ടികളെയാണ് ഗാനരംഗത്ത് കാണുക. സുനിൽ കെ ചെറിയാനാണ് രചനയും സംഗീതവും. ലീന സോബൻ ഏകോപനം. ജിഷ ഡേവിസ് നൃത്തസംവിധാനം. അബ്ബാസിയായിലെ ഫ്ളാറ്റിൽ സജ്ജമാക്കിയ സ്റ്റുഡിയോയിൽ സോബൻ ജെയിംസ് റെക്കോഡ് ചെയ്ത ഗാനം ഒരു ഹോളിൽ വച്ചാണ് ചിത്രീകരിച്ചത്.