സൈബർ തട്ടിപ്പ് കുരുക്കിലാകാതിരിക്കാൻ കരുതലെടുക്കാം
Mail This Article
റാസൽഖൈമ ∙ സൈബർ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് റാസൽഖൈമ പൊലീസ്. വ്യക്തിഗത, സാമ്പത്തിക വിവരങ്ങൾ സംരക്ഷിക്കുന്നതിനെക്കുറിച്ച് ബോധവൽക്കരിക്കുന്ന ക്യാംപെയ്നിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓരോ ദിവസവും വ്യത്യസ്ത രീതി അവലംബിച്ചാണ് തട്ടിപ്പുകാർ ഇരകളെ വലയിലാക്കുന്നതെന്നും പരിചയമില്ലാത്ത ഫോൺ, ഇമെയിൽ, എസ്എംഎസ് സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും ഇലക്ട്രോണിക് ഫ്രോഡ് എന്ന പേരിലുള്ള ക്യാംപെയ്നിലൂടെ പൊലീസ് ആവശ്യപ്പെട്ടു.
കംപ്യൂട്ടറിലെയും ഫോണിലെയും വ്യക്തിഗത വിവരങ്ങൾ നഷ്ടപ്പെടാതെ സൂക്ഷിക്കണം. സുരക്ഷിതമല്ലാത്ത വെബ്സൈറ്റുകളിൽ വ്യക്തിഗത, ബാങ്ക് വിവരങ്ങൾ നൽകി വഞ്ചിതരാകരുത്. വെബ്സൈറ്റുകളുടെ ആധികാരികത പരിശോധിച്ച് ഉറപ്പാക്കിയ ശേഷമേ ഇടപാടുകളുമായി മുന്നോട്ടുപോകാവൂ എന്നും അധികൃതർ ഓർമിപ്പിച്ചു.
സൈബർ തട്ടിപ്പ് നടത്തുന്നവർ പിടിക്കപ്പെട്ടാൽ ഒരു വർഷം തടവും 2.5 ലക്ഷം (56.8 ലക്ഷം രൂപ) മുതൽ 10 ലക്ഷം ദിർഹം (2.27 കോടി രൂപ) വരെ പിഴയുമാണ് ശിക്ഷ. കുറ്റാന്വേഷണ വിഭാഗവുമായി സഹകരിച്ച് മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിലാണ് ബോധവൽക്കരണം നടത്തുന്നത്.