മറൈൻ ഹെറിറ്റേജ് മത്സരം ഈ മാസം ആരംഭിക്കും

Mail This Article
മനാമ ∙ ബഹ്‌റൈനിലെ ഏറ്റവും പ്രധാനപ്പെട്ട സാംസ്‌കാരിക പരിപാടികളിലൊന്നായ മറൈൻ ഹെറിറ്റേജ് മത്സരം ഈ മാസം ആരംഭിക്കും. മത്സരത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി സംഘാടകർ അറിയിച്ചു. ബഹ്‌റൈൻ ഇൻഹെറിറ്റഡ് ട്രഡീഷനൽ സ്‌പോർട്‌സ് കമ്മിറ്റി (മാവ്‌റൂത്ത്)യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മത്സരം നവംബർ വരെ തുടരും. ബഹ്‌റൈന്റെ സമുദ്ര പൈതൃകത്തെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കപ്പെടുന്ന ഈ മത്സരത്തിൽ മത്സ്യബന്ധനം, നീന്തൽ, തുഴച്ചിൽ തുടങ്ങിയ പരിപാടികൾ ഉൾടുന്നു.
ഈ വർഷത്തെ പതിപ്പിൽ നാല് പ്രധാന മത്സരങ്ങളാണ് നടക്കുകയെന്ന് മവ്‌റൂത്ത് ബോർഡ് അംഗം അഹമ്മദ് അൽ ഖൽഫാൻ പറഞ്ഞു ഓപ്പൺ സ്വിമ്മിങ്, ഹഡാക്ക് ഫിഷിങ് മത്സരം, അണ്ടർവാട്ടർ ബ്രെത്ത് ഹോൾഡിങ് മത്സരം എന്നിവയ്‌ക്കൊപ്പം ജനപ്രിയ തുഴച്ചിൽ മത്സരവും തിരിച്ചുവരുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. പരിപാടിയുടെ ചെയർമാൻ ഖലീഫ അൽ ഖൗദിന്റെ നിർദേശ പ്രകാരം കമ്മിറ്റിയുടെ ഒരുക്കങ്ങൾ പുരോഗമിച്ചുവരികയാണ്.

മത്സരങ്ങളിൽ റജിസ്റ്റർ ചെയ്യാനും മത്സരങ്ങളിൽ പങ്കെടുക്കാനും അൽ ഖൽഫാൻ ബഹ്‌റൈൻ യുവാക്കളെ ക്ഷണിക്കുന്നതായും, സീസൺ മുഴുവൻ റജിസ്ട്രേഷൻ നടത്താമെന്നും സംഘാടകർ പറഞ്ഞു. മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടുന്നതിന് ചില നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കേണ്ടതുണ്ട്.
പങ്കെടുക്കുന്നവർ ശാരീരികമായും മാനസീകമായും ആരോഗ്യമുള്ളവരായിരിക്കണം, നന്നായി നീന്താൻ അറിയുകയും സാധുതയുള്ള തിരിച്ചറിയൽ കാർഡ് ഉണ്ടായിരിക്കുകയും വേണം.ഓപ്പൺ നീന്തൽ മത്സരത്തിൽ, മത്സരാർഥികളെ 30 നും 45 നും ഇടയിൽ പ്രായമുള്ളവർ, 46 നും 60 നും ഇടയിൽ പ്രായമുള്ളവർ. എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി വേർതിരിച്ചിരിക്കുന്നു. ഓരോ വിഭാഗത്തിലും 1,000 മീറ്റർ, 800 മീറ്റർ എന്നിങ്ങനെ രണ്ട് മത്സരങ്ങളുമുണ്ടാകും.

നീന്തുമ്പോൾ ഉപയോഗിക്കുന്ന കണ്ണട ഒഴികെ, നീന്തലിൽ സഹായിക്കുന്ന ഉപകരണങ്ങളോ അനുബന്ധ ഉപകരണങ്ങളോ ഉപയോഗിക്കാൻ അനുവദിക്കില്ല. എല്ലാ മുങ്ങൽ വിദഗ്ധർക്കും മത്സരിക്കാൻ ആവശ്യമായ നീന്തൽ ലൈസൻസ് ഉണ്ടായിരിക്കണം.സമിതിയുടെ അംഗീകാരമുള്ള ബോട്ടുകളിൽ മത്സരാർഥികളെ ഡൈവിങ് സൈറ്റുകളിലേക്ക് കൊണ്ടുപോകും.
മത്സരാർഥികൾ സംഘാടകർ നിർദ്ദേശിക്കുന്ന സ്‌ഥലത്ത് വെള്ളത്തിനടിയിൽ മൂന്നോ അഞ്ചോ മീറ്ററോളം മുങ്ങേണ്ടിവരും. പങ്കെടുക്കുന്നവരെല്ലാം ബോട്ടുകൾ പുറപ്പെടുന്നതിന് ഏകദേശം ഒരു മണിക്കൂർ മുമ്പ് അംവാജ് മറീനയിൽ എത്തണം. പങ്കെടുക്കുന്നവരെ ഒരു കയറിൽ ബന്ധിക്കും, സുരക്ഷാ കാരണങ്ങളാൽ, അവരെ സ്വയം അഴിക്കാൻ അനുവദിക്കില്ല.

ഹഡാക്ക് മത്സ്യബന്ധന മത്സരത്തിൽ, പങ്കെടുക്കുന്നവരെ ഗ്രൂപ്പുകളായി തിരിക്കും, ഓരോ ബോട്ടിലും രണ്ട് മുതൽ അഞ്ച് വരെ ആളുകൾ ഉൾപ്പെടുന്നു, എല്ലാവർക്കും ആവശ്യമായ ലൈസൻസ് ഉണ്ടായിരിക്കണം. പങ്കെടുക്കുന്നവർക്ക് സ്വന്തമായി മത്സ്യബന്ധന ഉപകരണങ്ങള്‍ കൊണ്ടുവരണം. മത്സര സ്ഥലവും സമയവും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മത്സര ഇനമായ തുഴച്ചിൽ മത്സരത്തിന്റെ നിയമാവലി ഇതുവരെ പുറത്തുവിട്ടിട്ടില്ല. പങ്കെടുക്കുന്നവർക്ക് almawrooth.org/registration-sea സന്ദർശിച്ച് മത്സരത്തിനായി റജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് Mawrooth Instagram പേജ് @mawroothbh സന്ദർശിക്കാവുന്നതാണ്.