വാഹനം ഉപയോഗിക്കാതെ പക്ഷിക്കൂട് സംരക്ഷിച്ച ദുബായ് ഭരണാധികാരി മാതൃക; മലയാളി യുവാവിന്റെ ഹെൽമറ്റിനുള്ളിലെ 'ബുൾബുൾ' സംരക്ഷണം ഹിറ്റ്
Mail This Article
ദുബായ് ∙ സഹജീവികളോടുള്ള അനുകമ്പയിൽ യുഎഇ ഭരണാധികാരികളെ മാതൃകയാക്കി സൈക്ലിസ്റ്റായ മലയാളി യുവാവ്. തന്റെ ഹെൽമറ്റിൽ കൂടുകൂട്ടിയ കിളികൾക്കായി സൗകര്യം ചെയ്തുകൊടുത്ത് കാസർകോട് തൃക്കരിപ്പൂർ എടച്ചാക്കൈ സ്വദേശി ഇർഷാദ് ഇസ്മായീലാ(29)ണ് മിണ്ടാപ്രാണികളോടുള്ള സ്നേഹം പ്രകടമാക്കിയത്. പക്ഷികളോടും മൃഗങ്ങളോടും അനുകമ്പ പ്രകടമാക്കിയ യുഎഇ ഭരണാധികാരികളുമായി ബന്ധപ്പെട്ടുള്ള ഒട്ടേറെ സംഭവങ്ങൾ മുൻപ് വൈറലായിട്ടുണ്ട്.
സൈക്ലിങ് പ്രേമിയായ ഇർഷാദിന് അടുത്തകാലത്ത് ശക്തമായ മഴ കാരണം റൈഡിന് പോകാൻ സാധിച്ചിരുന്നില്ല.എന്നാൽ, കഴിഞ്ഞ ദിവസം സൈക്ലിങ് പുനരാരംഭിക്കാൻ നോക്കിയപ്പോഴാണ് ഹെൽമറ്റിൽ കിളിക്കൂട് കണ്ടത്. വീട്ടിനോട് ചേർന്നുള്ള കാർപോർച്ചിൽ തൂക്കിയിട്ടിരുന്ന ഹെൽമറ്റിൽ ബുൾബുൾ പക്ഷി ചുള്ളിക്കമ്പുകളും മറ്റും വച്ച് കൂടൊരുക്കുകയായിരുന്നു. പിന്നീട് കൂട്ടിൽ പക്ഷി മൂന്ന് മുട്ടകളിട്ടു. ഇത് കണ്ട് ആദ്യം വിസ്മയം തോന്നിയെങ്കിലും പതുക്കെ എടുത്തുമാറ്റാനായിരുന്നു ആലോചിച്ചത്. പെട്ടെന്നാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അൽ മക്തൂം, ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരുടെ പക്ഷി സ്നേഹത്തെക്കുറിച്ചുള്ള വാർത്തകൾ ഒാർമയില്‍ തെളിഞ്ഞു വന്നത്. സൈക്ലിങ് പരിപാടി താത്കാലികമായി മാറ്റിവച്ച്, കൂടിന് യാതൊരു ശല്യവുമുണ്ടാക്കാതെ സൂക്ഷിക്കാനുള്ള തീരുമാനമെടുക്കാൻ അധികം ആലോചിക്കേണ്ടി വന്നില്ല. മാത്രമല്ല, കുട്ടികളോ മറ്റോ കൂടോ മുട്ടകളോ നശിപ്പിക്കാതിരിക്കാനും കിളികളെ ശല്യപ്പെടുത്താതിരിക്കാനും ശ്രദ്ധിച്ചു.
അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ മുട്ടകൾ വിരിഞ്ഞു ലോകത്തെ നോക്കി ചിലച്ചത് സുന്ദരമായ ചിറകുകളുള്ള 3 ബുൾബുൾ കുഞ്ഞുങ്ങൾ!. അവയുടെ കിളിക്കൊഞ്ചലുകൾ വീട്ടുകാരുടെയെല്ലാം ഹൃദയത്തിൽ സംഗീതം പൊഴിച്ചു. ഒരു മാസത്തോളം എല്ലാവരുടെയും മനംകവർന്ന പക്ഷികൾ പിന്നീട് കൂടും ഹെൽമെറ്റും ഉപേക്ഷിച്ച് അനന്ത വിഹായുസ്സിലേയ്ക്ക് ചിറകുവിടർത്തി.
∙സൈക്ലിങ് ക്ലബുകാരുടെ പിന്തുണ സഹായകമായി
ഇൗ വിശഷങ്ങളെല്ലാം തൃക്കരിപ്പൂർ സൈക്ലിങ് ക്ലബിലെ അംഗമായ ഇൗ യുവാവ് അവരുടെ വാട്സാപ്പ് ഗ്രൂപ്പിൽ പങ്കിട്ടുകൊണ്ടിരുന്നു. അവരിൽ ചിലരാണ് കിളിക്കൂട് പരിചരിക്കേണ്ട വിധം പങ്കുവച്ചത്. ചിറകുവിടർത്താറായപ്പോൾ പക്ഷികൾ പറന്നുപോയെങ്കിലും താത്കാലികമായി അവയ്ക്ക് കൂടൊരുക്കാൻ കഴിഞ്ഞതിൽ ഇര്‍ഷാദ് സന്തോഷവാനാണ്. സൈക്ലിങ് ഗ്രൂപ്പിന്റെ പിന്തുണ വലുതായിരുന്നുവെന്നും അവരുടെ ഒാരോ നിർദേശങ്ങളും കിളിക്കൂട് പരിചരിക്കാൻ സഹായകമായെന്നും ഇൗ യുവാവ് പറഞ്ഞു.
∙വാർത്തകളിലൂടെയറിഞ്ഞ യുഎഇ ഭരണാധികാരികൾ മാതൃക
നാട്ടിൽ വസ്ത്രവിപണിയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന ഇർഷാദ് ഇതുവരെ യുഎഇ സന്ദർശിച്ചിട്ടില്ലെങ്കിലും ഇൗ രാജ്യത്തേക്കുറിച്ചും ഭരണാധികാരികളെക്കുറിച്ചും എല്ലാകാര്യവും മനപ്പാഠം. സമൂഹമാധ്യമത്തിലൂടെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അൽ മക്തൂം, ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരുടെ ദൈനംദിന വിശേഷങ്ങൾ അറിയുന്നു. പക്ഷികളോടും മൃഗങ്ങളോടും അവർ കാണിക്കുന്ന സ്നേഹവും അനുകമ്പയും നൽകിവരുന്ന പരിചരണവും മറ്റാരേക്കാളും മഹത്തരമാണ് എന്നാണ് ഇർഷാദിന്റെ അഭിപ്രായം.
2017ൽ സമൂഹമാധ്യമത്തിലൂടെ ഹൃദയങ്ങൾ കീഴടക്കിയ യുഎഇ ഭരണാധികാരികളുടെ ഒരു 'രക്ഷാദൗത്യ'ത്തിന്റെ കഥയാണ് ഇർഷാദ് ആദ്യം വായിച്ചറിഞ്ഞത്. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അൽ മക്തൂം എന്നിവർ ദുബായിലെ ഒരു വനമേഖലയ്ക്കടുത്തെ നിർമാണസ്ഥലത്ത് നിന്ന് ഹൂബാറ ബുസ്റ്റാർഡ് പക്ഷിയെയും അതിന്‍റെ മുട്ടകളെയും രക്ഷപ്പെടുത്തിയതാണ് സംഭവം. പക്ഷിയെയും മുട്ടകളെയും സംരക്ഷിക്കുന്നതിനായി പദ്ധതി പ്രദേശത്തിന്റെ മറ്റൊരു ഭാഗത്തേക്ക് മാറ്റാൻ ഇരുവരും ഉടൻ ഉത്തരവിടുകയായിരുന്നു. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്. ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോ മണിക്കൂറുകൾക്കുള്ളിൽ ലക്ഷക്കണക്കിന് പേർ കാണുകയും ഇരുവരെയും പ്രശംസകൾ കൊണ്ട് മൂടുകയും ചെയ്തു.
പിന്നീടൊരിക്കൽ ദുബായ് ഭരണാധികാരി പക്ഷികൾക്ക് ഭക്ഷണം നൽകുന്ന വിഡിയോയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 2020ൽ തന്റെ മെഴ്സിഡസ് എസ് യുവിയുടെ ബോണറ്റിൽ പക്ഷിക്കൂട് കണ്ടതിനെതുടർന്ന് തത്കാലത്തേക്ക് ആ വാഹനം ഉപയോഗിക്കാതെ കൂട് സംരക്ഷിച്ച വാർത്തയും വൈറലായിരുന്നു.