കുവൈത്തിലേക്കുള്ള ചില സർവീസുകൾ 4 ദിവസത്തേക്ക് റദ്ദാക്കി ഇത്തിഹാദ് എയർവേയ്സ്
Mail This Article
അബുദാബി∙ അബുദാബി ആസ്ഥാനമായുള്ള ഇത്തിഹാദ് എയർവേയ്സ് കുവൈത്തിലേക്കുള്ള ചില സർവീസുകൾ നാല് ദിവസത്തേക്ക് റദ്ദാക്കി. നിയന്ത്രണത്തിനപ്പുറമുള്ള കാരണങ്ങളാണ് സർവീസ് റദ്ദാക്കാൻ കാരണമെന്ന് എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു. അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. ഇന്ന് മുതൽ നവംബർ 2 വരെയാണ് സർവീസ് മുടക്കമെന്ന് അധികൃതർ വ്യക്തമാക്കി.
അബുദാബിയിൽ നിന്ന് കുവൈത്തിലേയ്ക്കുള്ള ഇവൈ 651, കുവൈത്തിൽ നിന്ന് അബുദാബിയിലേയ്ക്കു പറക്കുന്ന ഇവൈ 652 വിമാനങ്ങളെയാണ് തീരുമാനം ബാധിച്ചത്. ഈ വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് ഇതര വിമാനങ്ങളിൽ വീണ്ടും യാത്രാ സൗകര്യം നൽകാനും മുഴുവൻ റീഫണ്ടു നൽകാനും തയ്യാറാണെന്ന് എയർലൈൻ അറിയിച്ചു. യാത്രക്കാർ എയർലൈൻ അധികൃതരെ നേരിട്ട് ബന്ധപ്പെടുക. അല്ലെങ്കിൽ, etihad.com/manage സന്ദർശിച്ചോ വിവരങ്ങൾ അന്വേഷിക്കണം. ഏറ്റവും പുതിയ ഫ്ലൈറ്റ് വിവരങ്ങൾ എയർലൈൻ ഉപയോക്താക്കളെ എസ്എംഎസ് അല്ലെങ്കിൽ ഇമെയിൽ വഴി അപ്‌ഡേറ്റ് ചെയ്യുന്നുണ്ടെന്ന് ഇത് ഉറപ്പാക്കും.
ബുക്കിങ്ങിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുന്നതിന് ഉപയോക്താക്കൾക്ക് എയർലൈനിന്‍റെ പ്രാദേശിക ഫോൺ നമ്പറുകളിലും തത്സമയ ചാറ്റിലും സമൂഹമാധ്യമ അക്കൗണ്ടുകളിലും ബന്ധപ്പെടാം. അതേസമയം, ഗൾഫ് രാജ്യങ്ങളിലേക്കുള്ള മറ്റ് ഇത്തിഹാദ് എയർവേയ്‌സ് വിമാനങ്ങൾ ഈ കാലയളവിൽ അബുദാബിയിൽ നിന്ന് ഇപ്പോഴും സർവീസ് നടത്തുന്നുണ്ട്.