വീസ, മാസ്റ്റർ കാർഡ് മാതൃകയിൽ യുഎഇയുടെ ജയ്‌വാൻ കാർഡ്; ഡിജിറ്റൽ പേയ്മെന്റിന് ഇനി 'ഈസി'

Mail This Article
അബുദാബി ∙ വീസ/മാസ്റ്റർ കാർഡ് മാതൃകയിൽ യുഎഇ പുറത്തിറക്കിയ ജയ്‌വാൻ കാർഡ് പ്രാദേശിക, രാജ്യാന്തരതലത്തിൽ ഉപയോഗിക്കാൻ സജ്ജമായി. റുപേ കാർഡ് മാതൃകയിലുള്ള ജയ്‌വാൻ കാർഡ് പുറത്തിറക്കാൻ സാങ്കേതിക സഹായം നൽകിയിരിക്കുന്നത് ഇന്ത്യയാണ്. സെൻട്രൽ ബാങ്ക് ഓഫ് യുഎഇയുടെ (സിബിയുഎഇ) അനുബന്ധ സ്ഥാപനമായ അൽ ഇത്തിഹാദ് പേയ്മെന്റ്സ് (എഇപി) ആണ് രാജ്യത്തെ ആദ്യത്തെ ആഭ്യന്തര കാർഡ് പുറത്തിറക്കിയത്. ഡിജിറ്റൽ പേയ്മെന്റ് ഓപ്ഷനുകൾ വിപുലീകരിക്കാനുള്ള യുഎഇയുടെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതാണ് പുതിയ സംവിധാനം.
സുരക്ഷ വർധിപ്പിക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനും സാമ്പത്തിക സ്വാതന്ത്ര്യം ശക്തമാക്കുന്നതിനും ഈ കാർഡ് സഹായിക്കും. വ്യക്തികൾക്കും ബിസിനസുകൾക്കും സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ പേയ്മെന്റ് ഓപ്ഷൻ നൽകാനാണ് ജയ്‌വാൻ ലക്ഷ്യമിടുന്നതെന്ന് സെൻട്രൽ ബാങ്ക് അസിസ്റ്റന്റ് ഗവർണറും എഇപി ചെയർമാനുമായ സെയ്ഫ് ഹുമൈദ് അൽ ദാഹിരി പറഞ്ഞു. ഇടപാട് ചെലവ് കുറയ്ക്കുക, പ്രാദേശിക പേയ്മെന്റുകൾ വേഗത്തിലാക്കുക, ഇ-കൊമേഴ്സ് ശക്തമാക്കുക, സാമ്പത്തിക ഇടപാട് മെച്ചപ്പെടുത്തുക എന്നിവയാണ് മറ്റു ലക്ഷ്യങ്ങൾ.ഡെബിറ്റ്, ക്രെഡിറ്റ്, പ്രീപെയ്ഡ് കാർഡുകൾ ഉൾപ്പെടെ വിവിധതരം കാർഡുകൾ ലഭിക്കും.
ഓൺലൈൻ ഇടപാടുകൾ, എടിഎമ്മിൽനിന്ന് പണം പിൻവലിക്കൽ, പോയിന്റ് ഓഫ് സെയിൽ (പിഒഎസ്) എന്നിവയ്ക്കായും ഉപയോഗിക്കാം.മോണോ ബാഡ്ജ്, കോ–ബാഡ്ജ് എന്നീ രണ്ടിനം കാർഡുകളാണ് ലഭിക്കുക. യുഎഇ ഉൾപ്പെടെ ജിസിസി രാജ്യങ്ങളിലും തിരഞ്ഞെടുത്ത വിദേശ രാജ്യങ്ങളിലും മാത്രം ഉപയോഗിക്കാവുന്നതാണ് മോണോ ബാഡ്ജ് കാർഡ്. എന്നാൽ, പ്രാദേശികമായും രാജ്യാന്തരതലത്തിലും പൊതുവായി ഉപയോഗിക്കാവുന്നതാണ് കോ-ബാഡ്ജ് കാർഡ്. മാസ്റ്റർ കാർഡ്, വീസ, യൂണിയൻ പേ, ഡിസ്ക്കവർ തുടങ്ങിയ രാജ്യാന്തര പേയ്മെന്റ് നെറ്റ്‌വർക്കുകളുമായി സഹകരിച്ചാണ് പ്രവർത്തിക്കുക.
അതിനിടെ, സാംസങ് വോലറ്റിൽ ജയ്‌വാൻ കാർഡുകൾ പ്രവർത്തനക്ഷമമാക്കുന്നതിനു സാംസങ് ഗൾഫ് ഇലക്ട്രോണിക്സുമായി കരാർ ഒപ്പിട്ടു. ഗൂഗിൾ പേ, ആപ്പിൾ പേ എന്നിവയുമായും സഹകരിക്കും. 2025 പകുതിയോടെ ഇന്ത്യയിലും പിന്നീട് മറ്റു വിദേശ രാജ്യങ്ങളിലും ഉപയോഗിക്കാൻ സജ്ജീകരിക്കുന്നത് സംബന്ധിച്ച കരാറുകളിൽ ഉടൻ ഒപ്പുവയ്ക്കും. കാർഡിന്റെ സവിശേഷതകളെക്കുറിച്ച് ഏപ്രിലിൽ ബോധവൽക്കരണ ക്യാംപെയ്നിനും തുടക്കമിടും.