സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തി സൗദി കിരീടാവകാശി

Mail This Article
ജിദ്ദ ∙ വൊളോഡിമിർ സെലൻസ്‌കിയുമായി ജിദ്ദയിൽ കൂടിക്കാഴ്ച നടത്തി സൗദി കിരീടാവകാശി. രാജ്യാന്തര ചട്ടങ്ങൾക്ക് അനുസൃതമായി യുക്രെയ്നിൽ സമാധാനം പുലരട്ടെയെന്ന് കിരീടാവകാശി പറഞ്ഞു.
യുക്രെയ്ന് സൗദി അറേബ്യ നേരത്തെ ഭക്ഷ്യ മെഡിക്കൽ സഹായം എത്തിച്ചിരുന്നു. ഇതിനുള്ള കടപ്പാട് സെലൻസ്കി പ്രകടിപ്പിച്ചു. യുഎസുമായി ചർച്ചക്ക് അവസരം നൽകിയതിന് അദ്ദേഹം നന്ദി പറഞ്ഞു.
കൂടിക്കാഴ്ചയിൽ രണ്ട് സൗഹൃദ രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ വശങ്ങൾ അവലോകനം ചെയ്തു. സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായുള്ളത് ക്രിയാത്മകമായ ചർച്ചകളാണെന്ന് കൂടിക്കാഴ്ചക്ക് ശേഷം സെലൻസ്കി വ്യക്തമാക്കി.
മൂന്ന് വർഷമായി തുടരുന്ന യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ സൗദിയുടെ രണ്ടാമത്തെ പ്രധാന ചർച്ചയാണിത്. നേരത്തെ റഷ്യ യുക്രെയ്ൻ ചർച്ചക്കും സൗദി വഴി ഒരുക്കിയിരുന്നു. സൗദിയിലെത്തിയെങ്കിലും യുഎസുമായുള്ള ചർച്ചയിൽ സെലൻസ്കി നേരിട്ട് പങ്കെടുത്തില്ല.