ഇഫ്താർ: റമസാനിൽ ടെന്റൊരുക്കി ഇൻകാസ് യുഎഇ നാഷനൽ കമ്മിറ്റി

Mail This Article
ഷാർജ ∙ റമസാനിൽ കാരുണ്യത്തിന്റെ ടെന്റൊരുക്കി ഇഫ്താർ വിരുന്നൂട്ടുകയാണ് ഇൻകാസ് യുഎഇ നാഷനൽ കമ്മിറ്റി. ഇയർ ഓഫ് കമ്യൂണിറ്റി (സമൂഹവർഷം) വർഷത്തിൽ ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യക്കാരായ അഞ്ഞൂറിലേറെ പേർക്കാണ് ഇൻകാസ് ദിവസേന സമൂഹ നോമ്പുതുറ ഒരുക്കിവരുന്നത്. എന്നാൽ ചില ദിവസങ്ങളിൽ ആയിരത്തോളം പേർ എത്തുന്നുണ്ടെന്നും എല്ലാവർക്കും നോമ്പുതുറക്കാനുള്ള സൗകര്യം ഒരുക്കുന്നുണ്ടെന്നും സംഘാടകർ പറഞ്ഞു.
ഷാർജ സർക്കാരിന്റെ അനുമതിയോടെ ഇൻകാസ് നാഷനൽ കമ്മിറ്റി പ്രസിഡന്റ് സുനിൽ അസീസിന്റെ നേതൃത്വത്തിൽ റമസാൻ 1ന് തുടങ്ങിയ ഇഫ്താർ 30 വരെ തുടരും. ഇതാദ്യമായാണ് ഇൻകാസ് ഒരു മാസം നീണ്ടുനിൽക്കുന്ന സമൂഹ നോമ്പുതുറ സംഘടിപ്പിക്കുന്നത്. യുഎഇയിലെ വിവിധ എമിറേറ്റിലെ ഇൻകാസ് യൂണിറ്റുകളുടെയും ഉദാരമതികളുടെയും സഹകരണത്തോടെയാണ് ഇഫ്താർ വിതരണം.

വിവിധ യൂണിറ്റിലെ വനിതകൾ ഉൾപ്പെടെ ഇൻകാസ് പ്രവർത്തകർ നേരിട്ടെത്തി നോമ്പുതുറയ്ക്ക് ആവശ്യമായ തയാറെടുപ്പ് നടത്തും. മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോൺഗ്രസ് വാക്താവ് സന്ദീപ് വാര്യർ തുടങ്ങിയ നേതാക്കൾ ടെന്റ് സന്ദർശിച്ചിരുന്നു.
കഴിഞ്ഞ ദിവസം നടന്ന ഇഫ്താർ സംഗമത്തിൽ ഇൻകാസ് യുഎഇ ജനറൽ സെക്രട്ടറി കെ.സി. അബൂബക്കർ, ജനറൽ സെകട്ടറി ബി.എ. നാസർ, അൽഫലാഹ് ഒപ്ടിക്സ് സിഇഒ ലത്തീഫ് കന്നോര, വിവിധ യൂണിറ്റ് പ്രതിനിധികളായ അബ്ദുൽമനാഫ്, ഷിജി അന്ന ജോസഫ്, ബിജു എബ്രഹാം, സി.എ. ബിജു, സിന്ധു മോഹൻ, രാജി നായർ, ബിജോയ് ഇഞ്ചിപറമ്പിൽ, ഉസ്മാൻ ചൂരക്കോട്, കബീർ, ജിജോ, അയ്യൂബ് എന്നിവർ പ്രസംഗിച്ചു. മുതിർന്ന നേതാക്കൾ കെ. ബാലകൃഷ്ണൻ, അഡ്വ. വൈ.എ. റഹിം, സംഘടനാ ജനറൽ സെക്രട്ടറി എസ്.എം. ജാബിർ തുടങ്ങിയവരും പങ്കെടുത്തു.