പുണ്യനിലാവ് പെയ്യട്ടെ, ഇന്ന് ഇരുപത്തിയേഴാം രാവ്

Mail This Article
അബുദാബി ∙ ഗൾഫ് രാജ്യങ്ങളിൽ റമസാനിലെ ഇരുപത്തിയേഴാം രാവ് ഇന്ന്. ആയിരം മാസങ്ങളെക്കാൾ ശ്രേഷ്ഠമായ ലൈലത്തുൽ ഖദ്റിന്റെ പുണ്യം തേടി വിശ്വാസികൾ രാത്രി ആരാധനാലയങ്ങളെ ഭക്തിസാന്ദ്രമാക്കുന്നു. ഒരു ദിവസം വൈകി വ്രതം ആരംഭിച്ച കേരളത്തിൽ നാളെയാണ് ഇരുപത്തിയേഴാം രാവ്.
റമസാനിലെ ഏറ്റവും സവിശേഷമാക്കപ്പെട്ട രാവാണ് ‘നിർണയത്തിന്റെ രാത്രി’ എന്നർഥം വരുന്ന ലൈലത്തുൽ ഖദ്ർ. ഏതു ദിവസമാണെന്ന് വ്യക്തമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും 21, 23, 25, 27, 29 രാവുകളിൽ ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കുന്നവരാണ് ഏറെപ്പേരും. 27ാം രാവിനാണ് കൂടുതൽ സാധ്യതയെന്ന പണ്ഡിതരുടെ നിഗമനം ഉള്ളതിനിലാണ് ആ ദിവസത്തിന് കൂടുതൽ സ്വീകാര്യത കൈവന്നത്.
83 വർഷവും 3 മാസവും പ്രാർഥനകളിൽ ഏർപ്പെട്ടതിൻറെ പുണ്യം ഒറ്റ രാവിലൂടെ നേടാമെന്ന അപൂർവ അവസരമാണ് ലൈലത്തുൽ ഖദ്റിലൂടെ വിശ്വാസികൾക്ക് ലഭിക്കുക. ദൈവ കൽപന അനുസരിച്ച് മാലാഖമാർ ഭൂമിയിലേക്ക് ഇറങ്ങുന്ന ലൈലത്തുൽ ഖദ്ർ രാവിൽ ഉൾപ്പെട്ടവർക്ക് പാപമുക്തിയും സ്വർഗപ്രവേശവും ലഭിക്കുമെന്ന വിശ്വാസം റമസാനിലെ അവസാന പത്തുകളിൽ മസ്ജിദുകളിലെ തിരക്കിനു പ്രേരണയായി. തിരക്ക് കണക്കിലെടുത്ത് പള്ളികളിൽ സൗകര്യങ്ങൾ വിപുലപ്പെടുത്തുകയും കൂടുതൽ വൊളന്റിയർമാരെ നിയമിക്കുകയും ചെയ്തിരുന്നു.
യുഎഇയിലെ ഭൂരിഭാഗം പള്ളികളിലും 45 മുതൽ 60 മിനിറ്റ് ദൈർഘ്യമേറിയതാണ് നിശാ പ്രാർഥന. വിവിധ പള്ളികളിൽ അർധരാത്രി 12.00, 12.30, 1.00, 1.30, 2.00, 2.30, 3.00 എന്നീ വ്യത്യസ്ത സമയങ്ങളിൽ ആണ് നിശാ പ്രാർഥന. ഒരിടത്തെ പ്രാർഥനയ്ക്കു എത്താൻ സാധിക്കാത്തവർക്ക് മറ്റു പള്ളികളിൽ പങ്കുകൊള്ളാൻ അവസരം ലഭിക്കും.