ബൈഡന് പകരം കമല ഹാരിസോ?; സംവാദം ആയുധമാക്കി ലാറ ട്രംപ്
Mail This Article
ഹൂസ്റ്റണ്‍∙ യുഎസ് പ്രസിഡന്‍റും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ ജോ ബൈഡൻ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്മാറുമോ എന്ന ചോദ്യം ശക്തമാകുന്നു. മുൻ യുഎസ് പ്രസിഡന്‍റും എതിർ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപുമായ നടത്തിയ സംവാദത്തിൽ നേരിട്ട തിരിച്ചടി പുതിയ ചോദ്യത്തിന് കാരണമായിരിക്കുന്നത്. വിഷയം ചര്‍ച്ചയാക്കി ഡോണൾഡ് ട്രംപിന്‍റെ മരുമകള്‍ ലാറ ട്രംപും രംഗത്തു വന്നു.
‘‘ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ പ്രൈമറികളില്‍ വന്ന് ജോ ബൈഡനെ ഡെമോക്രാറ്റ് പക്ഷത്ത് അവരുടെ നോമിനിയാക്കാന്‍ വോട്ട് ചെയ്തു. ജോ ബൈഡന്‍ യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?. ഇനി ജോ ബൈഡന്‍ പിന്മാറിയാല്‍ പിന്നെയുള്ള സാധ്യത കമല ഹാരിസിനാണ്. അവരാണെങ്കില്‍ ബൈഡനെക്കാൾ കനത്ത പരാജയം ഏറ്റുവാങ്ങുമെന്ന് പോളുകള്‍ പറയുന്നു. ജോ ബൈഡനോ കമല ഹാരിസോ മത്സരിച്ചാലും ഡോണൾഡ് ട്രംപിന് പിന്നിൽ അമേരിക്കന്‍ ജനത അണിനിരക്കുകയാണെന്നാണ്.
നമുക്ക് ഡോണൾഡ് ട്രംപിന്‍റെ നാലു വര്‍ഷം ഉണ്ടായിരുന്നു. അന്ന് നമ്മുടെ അതിര്‍ത്തികള്‍ എത്രത്തോളം സുരക്ഷിതമായിരുന്നു എന്ന് നമ്മുക്ക് അറിയാം. അന്ന് ആളുകളുടെ പോക്കറ്റില്‍ എത്ര പണമുണ്ടായിരുന്നു എന്ന് നമുക്കറിയാം. ഗ്യാസ് എത്ര വിലകുറഞ്ഞതായിരുന്നു. ലോക വേദിയില്‍ നമ്മള്‍ എത്ര സുരക്ഷിതരായിരുന്നു. ഡോണൾഡ് ട്രംപ് അവിടെ ഉണ്ടായിരുന്നു, ആളുകള്‍ അദ്ദേഹത്തെ വീണ്ടും അധികാരത്തില്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നു. ’’– ലാറ വ്യക്തമാക്കി
എന്തായാലും വരും ദിവസങ്ങള്‍ ഡെമോക്രാറ്റുകളെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. ബൈഡനെ തന്നെ മുന്‍നിര്‍ത്തയാണ് തിരഞ്ഞെടുപ്പമായി മുന്നോട്ടു പോകുന്നതെങ്കില്‍ തന്ത്രങ്ങള്‍ പുനപരിശോധിക്കേണ്ടി വരുമെന്നുറപ്പ്. അതല്ല ബൈഡന് പകരം പുതിയ മുഖം അവതരിപ്പിക്കേണ്ടതുണ്ടെങ്കില്‍ ഇനി സമയം വൈകാനില്ല എന്നാണ് നിരീക്ഷകരുടെ പക്ഷം.