ഡെൻവറിൽ അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് അറ്റൻഡന്റ് കൊല്ലപ്പെട്ടു;പ്രതി പിടിയിൽ

Mail This Article
ഡെൻവർ∙ ഡെൻവറിൽ അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് അറ്റൻഡന്‍റിനെ കുത്തിക്കൊലപ്പെടുത്തിയതായി റിപ്പോർട്ട്. 71 കാരിയായ സെലിൻഡ ലെവ്നോയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി ഡെൻവറിൽ ലേഓവറിൽ ആയിരുന്നപ്പോഴാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
1989 മുതൽ ഫ്ലൈറ്റ് അറ്റൻഡന്‍റായി ജോലി ചെയ്തുവരുന്ന ലെവ്നോ അമേരിക്ക വെസ്റ്റ് എന്ന എയർലൈനിലാണ് കരിയർ ആരംഭിച്ചത്. 2005ൽ അമേരിക്കൻ എയർലൈൻസുമായി ലയിച്ചതോടെ ലെവ്നോ അവിടെ ജോലി തുടർന്നു.
ഡൗണ്ടൗൺ ഡെൻവറിലെ ലേഓവർ ഹോട്ടലിലാണ് ലെവ്നോ കൊല്ലപ്പെട്ടതെന്ന് അസോസിയേഷൻ ഓഫ് പ്രഫഷനൽ ഫ്ലൈറ്റ് അറ്റൻഡന്‍റ്സ് (എപിഎഫ്എ) അറിയിച്ചു. സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് ഡെൻവർ ഇന്‍റർനാഷനൽ എയർപോർട്ടിന് സമീപമുള്ള മറ്റൊരു ഹോട്ടലിലേക്ക് ജീവനക്കാരെ താൽക്കാലികമായി മാറ്റുമെന്നും അവർ അറിയിച്ചു.
ഡെൻവർ പൊലീസ് ഡിപ്പാർട്ട്‌മെന്‍റ് ഞായറാഴ്ച ഫെയ്സ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ, ജനുവരി 11ന് വൈകുന്നേരം 5 നും 6 നും ഇടയിൽ ഡൗണ്ടൗൺ ഡെൻവറിൽ മൂന്ന് വ്യത്യസ്ത ആക്രമണങ്ങൾ നടന്നതായി അറിയിച്ചു. രണ്ടാമത്തെ ആക്രമണത്തിന് ഇരയായ ഒരു സ്ത്രീ ആശുപത്രിയിൽ വച്ച് മരിച്ചു. ആക്രമണങ്ങൾ പരുക്കേറ്റ മറ്റ് രണ്ട് പേർ ചികിത്സയിലാണ്.