ജീവകാരുണ്യ മേഖലയിൽ പുതിയ പദ്ധതിയുമായി ഡാലസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ സെന്റ് പോൾസ് മെൻസ് ഫെലോഷിപ്

Mail This Article
ഡാലസ്∙ അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിലുൾപ്പെട്ട ഡാലസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ സെന്റ് പോൾസ് മെൻസ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ 'ഹാബെബ്' എന്ന പേരിൽ പുതിയ ജീവകാരുണ്യ പദ്ധതിക്ക് തുടക്കം കുറിച്ചു. 'ഈ എളിയവനിലൊരുവന് നിങ്ങൾ ചെയ്യുന്നതെന്തും എനിക്കായി ചെയ്യുന്നതാകുന്നു' എന്ന ക്രിസ്തു വചനത്തെ അടിസ്ഥാനമാക്കി വിശക്കുന്നവർക്ക് ആഹാരം നൽകുക എന്ന ഉദ്ദേശ്യത്തോടെ ആരംഭിക്കുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം 2025 മാർച്ച് 23ന് കുർബാനയ്ക്ക് ശേഷം ഭദ്രാസനാധിപൻ യൽദൊ മാർ തീത്തോസ് നിർവഹിച്ചു.
കേരളത്തിലുള്ള അശരണർക്കും രോഗികൾക്കും ആലംബഹീനർക്കും മാസത്തിൽ ഒരു നേരത്തെ ഭക്ഷണം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിവാഹ വാർഷികം, ജന്മദിനം, പ്രിയപ്പെട്ടവരുടെ ഓർമ്മ ദിനങ്ങൾ, മറ്റു വിശേഷ ദിവസങ്ങൾ തുടങ്ങിയ അവസരങ്ങളിൽ സഹൃദയരായ ആളുകൾ നൽകുന്ന സംഭാവനകൾ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ആതുര സേവന രംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇത്തരം പദ്ധതികൾ പ്രശംസനീയമാണെന്നും വിശക്കുന്നവർക്ക് ഒരു നേരത്തെ ഭക്ഷണം നൽകുക എന്നത് ക്രൈസ്തവ ധർമ്മമാണെന്നും മെത്രാപോലീത്ത ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. വികാരി ഫാ. ബേസിൽ അബ്രാഹാം, അസ്സോസിയേറ്റ് വികാരി ഫാ. മാർട്ടിൻ ബാബു, പി.സി. വർഗീസ് (കത്തീഡ്രൽ വൈസ് പ്രസി), ജോസഫ് ജോർജ് (ട്രഷറർ), സെസിൽ മാത്യു (ജോ.സെക്ര), ചാക്കോ കോര (സെന്റ് പോൾസ് മെൻസ് ഫെലോഷിപ്പ് വൈസ് പ്രസി), യൽദോ ചാക്കോ (സെക്ര), ജിറ്റു കുരുവിള (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റിയംഗങ്ങൾ ഉദ്ഘാടന ചടങ്ങുകൾക്ക് നേതൃത്വം നൽകി.
പദ്ധതിയിൽ സഹകരിക്കാൻ താൽപര്യമുള്ളവർ സെന്റ് പോൾസ് മെൻസ് ഫെലോഷിപ്പ് സെക്രട്ടറിയുമായി ബന്ധപ്പെടണം.
(വാർത്ത: ജോർജ് കറുത്തേടത്ത്)