ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

കേരളത്തിലെ ഒരു സാധാരണ വീട്ടമ്മ, ജീവിതത്തിലെ ഓട്ടപ്പാച്ചിലുകളും പ്രസവവുമൊക്കെ കഴിഞ്ഞതോടെ ശരീരത്തിൽ കാര്യമായ വ്യത്യാസങ്ങൾ പ്രകടമായെങ്കിലും ഇതൊന്നും തന്നെ ബാധിക്കുന്നതേയല്ലെന്നു കരുതി ഭർത്താവും രണ്ടു കുട്ടികളുമായി തിന്നും കുടിച്ചുമൊക്കെ മുന്നോട്ടു പോയി. പക്ഷേ താൻ ശ്രദ്ധിക്കാതെ വിട്ട ശരീരം അനാരോഗ്യ ലക്ഷണങ്ങൾ പ്രകടമാക്കിയതോടെ, ഇനി ഇങ്ങനെ മുന്നോട്ടു പോകാൻ കഴിയില്ലെന്ന ഉറച്ച തീരുമാനമെടുത്തതായിരുന്നു ആ വീട്ടമ്മയുടെ വിജയം. ഇത് കോട്ടയം പുതുപ്പള്ളി സ്വദേശി ശാലിനി. തന്റെ ഉറക്കം കെടുത്താൻ വന്ന ഓവേറിയൻ സിസ്റ്റിനെയും ഫൈബ്രോയ്ഡിനെയും മുട്ടുവേദനയെയുമെല്ലാം നിശ്ചയദാർഢ്യം കൊണ്ട് കീഴടക്കിയതെങ്ങനെയെന്നു ശാലിനി പറയുന്നു.

 

എന്താ ഈ ഫിറ്റ്നസ്?

ഫിറ്റ്നസ് എന്നൊക്കെ പറഞ്ഞു കേട്ടിട്ടുള്ളതല്ലാതെ അതിനെക്കുറിച്ച് യാതൊരു ധാരണയും എനിക്കുണ്ടായിരുന്നില്ല. കല്യാണം കഴിഞ്ഞ് രണ്ടു പ്രസവം കഴിയുന്നതോടെ സ്ത്രീകളുടെ ശരീരം തടി വയ്ക്കുമെന്നും അതൊക്കെ സ്വാഭാവികമാണെന്നുമുള്ള തിരിച്ചറിവിൽ ജീവിതം മുന്നോട്ടു പൊയ്ക്കൊണ്ടിരുന്ന ഒരു ശരാശരി വീട്ടമ്മയായിരുന്നു ആറു മാസം മുൻപുവരെ ഞാൻ. ജീവിതത്തിന്റെ ഓട്ടപ്പാച്ചിലുകൾക്കിടയിൽ ശരീരഭാരം 67 കിലോ വരെയെത്തി. പക്ഷേ ഇതൊക്കെ ആര് ഗൗനിക്കാൻ. എന്നാൽ ശരീരംതന്നെ എനിക്കു ചില ലക്ഷണങ്ങൾ കാണിച്ചു തന്നു; ഇങ്ങനെ മുന്നോട്ടു പോയാൽ പറ്റില്ലെന്ന്. അതിന്റെ ആദ്യ പടിയായിരുന്നു മുട്ടുവേദന. ആദ്യമൊക്കെ ചെറിയ രീതിയിൽ വേദന വന്നെങ്കിലും അതു കാര്യമാക്കിയില്ല. ദിവസം ചെല്ലുന്തോറും വേദനയും കലശലായി. മുട്ടുവേദനയ്ക്കൊപ്പം ഓവേറിയൻ സിസ്റ്റും ഫൈബ്രോയ്ഡും തിരിച്ചറിഞ്ഞു. പോരെങ്കിൽ കൊളസ്ട്രോൾ ലെവൽ ബോർഡറിലും. ഇത്രയുമൊക്കെ പോരേ ഒരു സാധാരണക്കാരിയുടെ ഉറക്കം കെടുത്താൻ.

 

പക്ഷേ ഞാൻ തോറ്റുകൊടുക്കാൻ തയാറല്ലായിരുന്നു. ജീവിതം പഴയതുപോലെ തിരിച്ചു പിടിച്ചേ മതിയാകൂ എന്നുറപ്പിച്ചു. ശരീരഭാരം ആദ്യം കുറയ്ക്കണം, ശേഷം മതി മറ്റു കാര്യങ്ങളെക്കുറിച്ച് ആലോചിക്കാൻ എന്ന നിശ്ചയത്തോടെ മുന്നോട്ടു പോയി. സ്വയം വിചാരിച്ച് ശരീരഭാരം കുറയ്ക്കാൻ സാധിക്കില്ലെന്ന് അറിയാവുന്നതുകൊണ്ടുതന്നെ ഒരു ഫിറ്റ്നസ് ആൻഡ് ഫാറ്റ്‌ലോസ് ഗ്രൂപ്പിൽ ചേർന്നു. ഒരു സാധാരണ സ്ത്രീ എന്ന നിലയിൽ തുടക്കം ഒട്ടും എളുപ്പമായിരുന്നില്ല, മെല്ലെ ഓരോന്നായി പഠിച്ചെടുക്കുകയും തെറ്റുകൾ വരുത്തുകയും തിരുത്തുകയും ഒക്കെ ചെയ്ത് മുന്നേറി. അത്രമേൽ ആഗ്രഹിച്ചും കാത്തിരുന്നും ചേർന്നതു കൊണ്ടാണോ എന്നറിയില്ല, ഒരിക്കലും പിന്മാറില്ലെന്ന് ആദ്യമേ നിശ്ചയിച്ചിരുന്നു. മുന്നോട്ടു തന്നെ പോകൂ എന്ന് എന്നോട് പറയാൻ തുടക്കത്തിൽ ആ ഗ്രൂപ്പിന്റെ തലച്ചോറും ഹൃദയവുമായ ആ  പെൺകുട്ടിയും ഞാനും മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ഇപ്പോൾ വീട്ടിൽ നിന്ന് മോട്ടിവേഷൻ കിട്ടിത്തുടങ്ങിയിട്ടുണ്ട്.

shalini2

 

ശാലിനീ, നീ മിടുക്കിയാണ്...

ഗ്രൂപ്പിൽ നൽകുന്ന വർക്ഔട്ടും ഡയറ്റുമൊക്കെ കൃത്യമായി ചെയ്യുന്ന ഞാൻ ദിവസവും എന്നെത്തന്നെ അഭിനന്ദിച്ചുകൊണ്ടിരുന്നു. ഓരോ വർക്ഔട്ട് സെഷൻ പൂർത്തിയാക്കുമ്പോഴും ‘വെൽഡൺ ശീലിനീ...’ എന്ന് സ്വയം പറയുമ്പോൾ കിട്ടുന്ന ആത്മവിശ്വാസം വളരെ വലുതായിരുന്നു. ‘ഫിറ്റ്നസിൽ ഇത് വളരെയേറെ ശരിയാണ്. പിന്മാറാതെ, പതറാതെ മുന്നോട്ടു പോവുക, താണ്ടാൻ ഒരുപാടുണ്ട് എന്ന് അവനവനെത്തന്നെ വിശ്വസിപ്പിക്കുക. വർക്ഔട്ട് തുടങ്ങുമ്പോൾ 67കിലോ ആയിരുന്ന ഭാരം അ‍ഞ്ചു മാസംകൊണ്ട് 56 ൽ എത്തിക്കാൻ സാധിച്ചു. 22 സെന്റീമീറ്റർ ഉണ്ടായിരുന്ന വയറും കുറഞ്ഞു. ഫാറ്റ് 21 ശതമാനത്തിൽ എത്തി നിൽക്കുന്നു. പക്ഷേ എന്നെ ഏറ്റവും അദ്ഭുതപ്പെടുത്തിയത് ഓവേറിയൻ സിസ്റ്റും ഫൈബ്രോയ്ഡും പൂർണമായും ഇല്ലാതായതാണ്. കൂടാതെ കൊളസ്ട്രോൾ ലെവൽ മുൻപ് ബോർഡർ ലൈൻ ആയിരുന്നത് ഇപ്പോൾ നോർമൽ ആയി നിൽക്കുന്നു.

 

ഞാൻ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് ഇപ്പോൾ സംഭവിച്ചതെല്ലാം. ഞാൻ വർക്ഔട്ട് ചെയ്യുമെന്നോ ശരീരഭാരം കുറയ്ക്കുമെന്നോ വിചാരിച്ചിട്ടേയില്ല. ഭാരം കൂടുമ്പോഴും പഴയ വസ്ത്രങ്ങൾ ഉപയോഗിക്കാൻ കഴിയാതെ വരുമ്പോഴുമെല്ലാം ഇതൊക്കെ ഒരു സ്ത്രീയുടെ ജീവിതത്തിലെ സ്വാഭാവിക മാറ്റങ്ങളായി കണ്ടിരുന്ന എനിക്ക് ഇപ്പോൾ അഭിമാനം തോന്നുന്നുണ്ട്. അതുകൊണ്ടുതന്നെ ഞാൻ വീണ്ടും പറയുന്നു, മെല്ലെയാണെങ്കിലും മുന്നോട്ടു തന്നെ പോകുക. കൃത്യമായ ഭക്ഷണക്രമവും വ്യായാമവും കൊണ്ട് ഇത് സാധ്യമാണ്. ഇപ്പോൾ വാരിവലിച്ചു കഴിക്കാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്. കഴിക്കുന്ന ഓരോ ഭക്ഷണത്തിന്റെയും പോഷകമൂല്യങ്ങളെ പറ്റി കൃത്യമായി ആലോചിക്കാറുണ്ട്. ശാസ്ത്രമനോവൃത്തി വച്ചു പുലർത്തിയിരുന്നു എന്നതിൽക്കവിഞ്ഞു ഫിറ്റ്നസ് സംബന്ധമായ ടെക്‌നിക്കൽ അറിവുകളൊന്നും മുൻപ് എനിക്കുണ്ടായിരുന്നില്ല. കൃത്യമായ അറിവുകൾ പകരുക, സംശയനിവാരണങ്ങൾ നടത്തുക, പ്രചോദനം നൽകി കൂടെ നിൽക്കുകയൊക്കെ ചെയ്ത് എന്നെ നയിച്ച ഗ്രൂപ്പിന്റെ കൂടി വിജയമാണിത്. തളർന്നു പോകുന്നുവെന്നു തോന്നുമ്പോഴെല്ലാം ഗ്രൂപ്പ് അഡ്മിൻ പറയുന്ന ഒരു വാചകമുണ്ട് ‘എഫ് നും ടി യ്ക്കും ഇടയിൽ ഏത് wovel ചേർക്കണമെന്നുള്ള തീരുമാനം നിങ്ങളുടേതാണെന്ന്’. അതുമാത്രം മതിയായിരുന്നു മുന്നോട്ടു പോകാനുള്ള ധൈര്യത്തിന്. 

Read Also: ഭാരം കുറഞ്ഞതല്ല, പിസിഒഡിയും മൈഗ്രേനും മാറിയതും ഗുളികകളില്ലാത്ത പീരീഡ്സ് സ്വന്തമാക്കിയതുമാണ് എന്റെ വിജയം

ഭാരം കുറഞ്ഞു, കൊഴുപ്പ് കുറച്ചപ്പോൾ മുൻപത്തെക്കാൾ എളുപ്പം പടികൾ കയറാനും നടക്കുവാനും കഴിയുന്നു. ഇപ്പോഴത്തെ എന്നെക്കണ്ട് അദ്ഭുതപ്പെട്ടവരിൽ കൂട്ടുകാരികളും സഹോദരിമാരുമുണ്ട്. മാറ്റങ്ങൾ എനിക്കു തരുന്ന സന്തോഷവും ആത്മവിശ്വാസവും ചെറുതല്ല. ഇപ്പോഴും വ്യായാമവും ഡയറ്റും തുടരുന്നു. ദിവസം ഒരു മണിക്കൂർ ചെലവാക്കാൻ ഉണ്ടെങ്കിൽ, ആകെ ഇന്റർനെറ്റ് ഉപയോഗത്തിൽനിന്ന് പതിനഞ്ച് മിനിറ്റ് ചെലവഴിക്കാൻ ഉണ്ടെങ്കിൽ, തോറ്റുപോകില്ലെന്ന ഉറപ്പുണ്ടെങ്കിൽ നിങ്ങൾക്കും ഫിറ്റ്നസിലേക്ക് അനായാസം നടന്നു കയറാം.

Content Summary: Weight and fat loss tips of Shalini

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com