ADVERTISEMENT

കോവിഡ് രണ്ടാം തരംഗം രാജ്യത്ത് വിനാശം വിതച്ചപ്പോള്‍ കൊറോണ വൈറസിനോളംതന്നെ ഭീതി പരത്തിയ ഒന്നാണ് ബ്ലാക്ക് ഫംഗസ് എന്നറിയപ്പെട്ട മ്യൂക്കർമൈക്കോസിസ്. മ്യൂകോര്‍മൈസെറ്റസ് എന്ന ഒരു കൂട്ടം പൂപ്പലുകള്‍ വരുത്തുന്ന ഈ അണുബാധ പ്രമേഹ രോഗികളിലും പ്രതിരോധ ശേഷി കുറഞ്ഞവരിലുമാണ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ കോവിഡ് കേസുകള്‍ കുറഞ്ഞു വരുമ്പോഴും പക്ഷേ, ബ്ലാക്ക് ഫംഗസിന്റെ ഭീതി ഒഴിയുന്നില്ല. ഡെങ്കിപ്പനി ബാധിതനായ ശേഷം രോഗമുക്തി നേടിയ ഡല്‍ഹിയിലെ ഒരു രോഗിയില്‍ മ്യൂക്കര്‍മൈക്കോസിസ് റിപ്പോര്‍ട്ട് ചെയ്തത് ആരോഗ്യമേഖലയില്‍ പുതിയ ആശങ്കകള്‍ക്ക് വഴിവയ്ക്കുകയാണ്. 

 

ഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ 49കാരനിലാണ് മ്യൂക്കര്‍മൈക്കോസിസ് കണ്ടെത്തിയത്. ഡെങ്കിപ്പനി മാറി 15 ദിവസത്തിനു ശേഷം പെട്ടെന്നു കാഴ്ച നഷ്ടമുണ്ടാകുന്നു എന്ന പരാതിയുമായാണ് രോഗി ആശുപത്രിയിലെത്തിയത്. കോവിഡ് പോലെ ഡെങ്കിപ്പനിയും ചിലരുടെ പ്രതിരോധ സംവിധാനത്തെ താറുമാറാക്കുന്നതാണ് മ്യൂക്കര്‍മൈക്കോസിസ് അവര്‍ക്ക് പിടിപെടാനുള്ള കാരണം. 

 

പലര്‍ക്കും പല രീതിയിലാണ് ഡെങ്കിപ്പനി ബാധിക്കുന്നത്. ചിലരില്‍ മിതമായ ലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍ ചില രോഗികള്‍ക്ക് ആരോഗ്യസ്ഥിതി സങ്കീര്‍ണമാകുന്നു. ഉയര്‍ന്ന പനി, ക്ഷീണം, പേശീ വേദന, സന്ധിവേദന, തിണര്‍പ്പ്, തലവേദന, ഛര്‍ദ്ദി, മനംമറിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഇവരില്‍ പ്രത്യക്ഷപ്പെടാം. അണുബാധയുടെ കാഠിന്യമേറുന്നത് മ്യൂക്കര്‍മൈക്കോസിസ് പോലുള്ള അനുബന്ധ രോഗങ്ങളുടെ സാധ്യത വര്‍ധിപ്പിക്കും.

 

സുരക്ഷിതവും ഫംഗസ് രഹിതവുമായ ചുറ്റുപാടുകളില്‍ ഡെങ്കിപ്പനി ബാധിതരെ പാര്‍പ്പിക്കുന്നത് രോഗസാധ്യത കുറയ്ക്കാന്‍ സഹായകമാണ്. ഡെങ്കിബാധിതര്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളും നടത്തേണ്ടതാണെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു.

English Summary : Rare Case Of Mucormycosis Detected In A Dengue-Recovered Patient 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com