ADVERTISEMENT

ന്യൂഡൽഹി ∙ വീണ്ടും സർക്കാർ പാർലമെന്റിൽ ആ കണക്കു പറഞ്ഞു: പകർച്ചവ്യാധികളല്ലാത്ത രോഗങ്ങൾ (നോൺ കമ്യൂണിക്കബ്ൾ ഡിസീസസ് – എൻഡിസി) മൂലം മരിക്കുന്നവരുടെ എണ്ണം രാജ്യത്ത് കുത്തനെ കൂടുന്നതിന്റെ കണക്ക്. പറഞ്ഞത് 5 വർഷം മുൻപത്തെ കണക്കാണ് – പ്രതിവർഷം 53 ലക്ഷം പേരാണ് എൻഡിസി കാരണം മരിക്കുന്നത്. എന്നാൽ, ഇത്തവണത്തെ ബജറ്റിൽ  ആരോഗ്യമേഖലയ്ക്കു വേണ്ടത്ര വകയിരുത്തലില്ലാത്തപ്പോൾ, സർക്കാർ ഈ സാഹചര്യത്തെ ഗൗരവത്തോടെ കാണുന്നുണ്ടോയെന്ന സംശയമുയരുന്നു.

∙ ഇന്ത്യയിൽ വർഷത്തിൽ നാലിൽ ഒരാൾ വീതം, 70 വയസ്സിനു മുൻപ് എൻഡിസി മൂലം മരിക്കുന്നു.

∙ ലോകത്ത് എൻഡിസി മൂലമുള്ള മരണത്തിന്റെ ഏകദേശം 10% ഇന്ത്യയിലാണ്.

ഹൃദയ സംബന്ധിയായ രോഗങ്ങൾ, അർബുദം, ക്രോണിക് ശ്വാസകോശ രോഗങ്ങൾ, പ്രമേഹം തുടങ്ങിയവയാണ് എൻഡിസി ഗണത്തിലുള്ളത്. ജനിതക, ശാരീരിക, പരിസ്ഥിതി, വ്യക്തിസ്വഭാവപരങ്ങളായ കാരണങ്ങളാണ് ഇവയ്ക്കു പിന്നിലുള്ളത്. ഭക്ഷണത്തിലെ പ്രശ്നങ്ങൾ, വ്യായാമമില്ലായ്മ ഉൾപ്പെടെ പ്രശ്നങ്ങൾ, പുകയില ഉപയോഗം, മദ്യപാനം തുടങ്ങിയവയാണ് ഈ രോഗങ്ങളിലേക്ക് എത്തിക്കുന്ന വ്യക്തിസ്വഭാവപരമായ കാരണങ്ങളുടെ പട്ടികയിലുള്ളത്. നീണ്ടുനിൽക്കുന്ന രോഗാവസ്ഥ എന്നതും എൻഡിസികളുള്ളവരുടെയും അവരുടെ കുടുംബത്തിന്റെയും സാമ്പത്തികസ്ഥിതിയെ ഉൾപ്പെടെ ദോഷകരമായി ബാധിക്കുന്നു.

ഇന്ന് ആരോഗ്യ സഹമന്ത്രി ഡോ. ഭാരതി പവാർ രാജ്യസഭയിൽ നൽകിയ മറുപടിയിലുള്ളത് 2017 ൽ പുറത്തുവന്ന കണക്കുകളാണ്. അതനുസരിച്ച്, 

∙രാജ്യത്ത് പ്രതിവർഷമുണ്ടാകുന്ന മരണങ്ങളിൽ 37.9 ശതമാനവും എൻഡിസി മൂലമെന്നതായിരുന്നു 1990 ലെ സ്ഥിതി. 

∙2016 ആയപ്പോഴേക്കും ഇത് 61.8 ശതമാനമായി വർധിച്ചു.

എൻഡിസികൾക്കെതിരെയുള്ള മുൻകരുതൽ നടപടികൾക്ക് ഊന്നൽ  നൽകേണ്ടതിന്റെ ആവശ്യകതയും മന്ത്രി വ്യക്തമാക്കി. കോവിഡ് വന്നപ്പോൾ, കോ–മോർബിഡിറ്റി (രോഗിയിൽ ഒരേ സമയം ഒന്നിലധികം രോഗങ്ങളുള്ള അവസ്ഥ) ഉള്ളവർ കൂടുതൽ പ്രശ്നത്തിൽ എന്ന സാഹചര്യവുമുണ്ടായി. എൻഡിസി പകർച്ചവ്യാധികൾക്കു സമാനമായ രീതിയിൽ വർധിക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ പഠനങ്ങളുടെ കൂടി അടിസ്ഥാനത്തിൽ ആരോഗ്യ മന്ത്രാലയം പറയുന്നത്. 2025 ആകുമ്പോഴേക്കും എൻഡിസി മൂലമുള്ള മരണങ്ങളുടെ എണ്ണം 25% കുറയണമെന്നതാണ് ദേശീയ കർമ പദ്ധതിയിലൂടെ കേന്ദ്ര സർക്കാർ മുന്നോട്ടുവച്ചിട്ടുള്ള ലക്ഷ്യം.

ആരോഗ്യ ബജറ്റ്

ആരോഗ്യ ഗവേഷണ വകുപ്പിന് കഴിഞ്ഞ വർഷം ലഭിച്ചത് 3,080 കോടി രൂപയാണ്. ഇത്തവണ 3,200 കോടി. ആയുഷ് വകുപ്പിന് കഴിഞ്ഞ വർഷം നീക്കിവച്ചിരുന്നത് 2,970 കോടി. ഇത്തവണ അത് 3,050 കോടിയായി. ദേശീയ ആരോഗ്യ മിഷന് കഴിഞ്ഞ വർഷം 36,576 കോടി. ഇപ്പോൾ, 37,000 കോടി. അതായത് 1.6% വർധന. ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കഴിഞ്ഞ വർഷം ലഭിച്ചത് 82,290 കോടി. ഇപ്പോൾ വകയിരുത്തൽ 83,000 കോടി. പുതുതായി പ്രഖ്യാപിച്ച മാനസികാരോഗ്യ പദ്ധതിക്കുൾപ്പെടെയുള്ള വകയിരുത്തലും ചേർത്താൽ, കഴിഞ്ഞ വർഷത്തേതിനെ അപേക്ഷിച്ച് 16% വർധനയാണുള്ളത്. മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 2.1% പോലുമില്ല ഇത്. ‌ആരോഗ്യമേഖലയ്ക്കുള്ള ബജറ്റ് വിഹിതം 2.5% മുതൽ 3% വരെയെങ്കിലും ആക്കുകയെന്ന ലക്ഷ്യം ഇനിയും ഏറെ ദൂരെയാണ്. 

ചികിൽസയ്ക്ക് വ്യക്തികൾ സ്വന്തമായി ചെലവാക്കുന്ന പണത്തിന്റെ തോത് 65 ശതമാനത്തിൽനിന്ന് 35 ശതമാനമാക്കി കുറയ്ക്കുക എന്നതാണ് ഇത്തവണത്തെ സാമ്പത്തിക സർവേ മുന്നോട്ടുവയ്ക്കുന്ന മറ്റൊരു ലക്ഷ്യം. പൊതു ബജറ്റിൽ ആരോഗ്യമേഖലയ്ക്ക് നൽകിയ പ്രാധാന്യത്തിന്റെ അടിസ്ഥാനത്തിലുള്ള 189 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 179 ാമതെന്നാണ് ചില കണക്കുകൾ സൂചിപ്പിക്കുന്നത്. 

രാജ്യത്തെ ആരോഗ്യമേഖലയുടെ സ്ഥിതി എന്തെന്ന് കോവിഡ് പ്രതിസന്ധിയിൽ കഴിഞ്ഞ വർഷം കണ്ടതാണ്. എന്നിട്ടും, ആരോഗ്യമേഖലയ്ക്ക് വേണ്ടത്ര പ്രാധാന്യം കൽപിക്കപ്പെടുന്നില്ല. ബജറ്റിനെ അടുത്ത 25 വർഷത്തിൽ സാധ്യമാകേണ്ട സാമ്പത്തിക വളർച്ചയ്ക്കുള്ള രൂപരേഖയെന്നാണ് ധനമന്ത്രി വിശേഷിപ്പിച്ചത്. സാമ്പത്തിക വളർച്ചയ്ക്ക് അധ്വാനിക്കേണ്ട ജനതയ്ക്ക് അതിനുള്ള ആരോഗ്യം വേണം. അത് ഉറപ്പാക്കാനുള്ള താൽപര്യം വ്യക്തമാക്കുന്നതല്ല ബജറ്റ് വിഹിതം. 

 

Content Summary : NDC death rates rising steeply: Is the budget neglecting the health sector?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com