സ്റ്റീവ് ജോബ്സിന്റെ പെൺ പതിപ്പാകണമെന്ന് സ്വപ്നം; ഒടുവിൽ ചോരത്തട്ടിപ്പിന് തടവറ
Mail This Article
ഒരൊറ്റത്തുള്ളി ചോര പരിശോധിച്ചാൽ നൂറോളം രോഗങ്ങളെപ്പറ്റി അറിയാം എന്നൊരു വാഗ്ദാനവുമായി ആരെങ്കിലും ലോകത്തിനു മുന്നിലേക്കു വന്നാൽ എന്താകും സ്ഥിതി? തീർച്ചയായും അതു ലോകത്തിന് ആവേശം പകരുന്ന വാർത്തയാകും. ആരോഗ്യമേഖലയെയും നിക്ഷേപകരെയും ആ വൃത്താന്തം ഇളക്കിമറിക്കും. ലോകത്തെ അമ്പരപ്പിച്ചു കൊണ്ടു കടന്നു വന്ന തെറാനോസ് എന്ന കമ്പനിയും യുഎസിനെ ഇളക്കിമറിച്ചു. എന്നാൽ, തങ്ങളുടേതു മാത്രമായ യന്ത്രം ഉപയോഗിച്ച് ഈ പരിശോധന സാധ്യതമാണെന്ന് ലോകത്തെ വിശ്വസിപ്പിച്ച, തെറാനോസിന്റെ തലപ്പത്തിരുന്ന യുവതിയെ കാത്ത് ജയിലഴികളൊരുങ്ങുകയാണ്. ഒറ്റത്തുള്ളി ചോരയിലൂടെ ഒട്ടേറെ രോഗങ്ങൾ മുൻകൂട്ടി അറിയാം എന്ന വാഗ്ദാനവുമായി സിലിക്കൺവാലിയിൽ കോളിളക്കം സൃഷ്ടിച്ച തെറാനോസ് എന്ന കമ്പനിയുടെ സ്ഥാപക എലിസബത്ത് ഹോംസ് എന്ന യുവസംരംഭക ജയിലഴികൾക്കുള്ളിലാകുമ്പോൾ അത് യുഎസിന്റെ നിക്ഷേപകരംഗത്തെയടക്കം അടിമുടിയുലച്ച അധ്യായമായി മാറുകയാണ്. സിലിക്കൺവാലിയിലെ ശതകോടീശ്വരിയായി പൊടുന്നനെ ഉദിച്ചുയർന്ന എലിസബത്ത് ഹോംസിന് 11 വർഷവും 3 മാസവും തടവുശിക്ഷയാണ് കലിഫോർണിയ ഡിസ്ട്രിക്ട് കോടതി കഴിഞ്ഞ ദിവസം ശിക്ഷ വിധിച്ചത്. നിക്ഷേപകരെയടക്കം വഞ്ചിച്ച എലിസബത്ത് ഹോംസ് (38) കുറ്റക്കാരിയാണെന്നു കോടതി നേരത്തേ കണ്ടെത്തിയിരുന്നു. ജയിൽമോചിതയായ ശേഷം 3 വർഷം പ്രത്യേക മേൽനോട്ടത്തോടെ താമസിക്കുകയും വേണമെന്ന് വിധിയിൽ പറയുന്നു. ‘‘ആവേശവും പ്രതീക്ഷയും നൽകി മുന്നോട്ടു വന്ന പ്രസ്ഥാനം അതിൽ വിശ്വാസമർപ്പിച്ചവരെ വഞ്ചിച്ച തട്ടിപ്പു കേസാണ് ഇത്’’– വിധിന്യായം വായിച്ചു കൊണ്ട് ജഡ്ജ് എഡ്വേഡ് ഡേവില പറഞ്ഞു. കോടതി കണക്കുകൂട്ടിയ നിക്ഷേപകരുടെനഷ്ടം 38.4 കോടി ഡോളറാണ്, ഏകദേശം 3100 കോടി ഇന്ത്യൻ രൂപ. ഓഹരിക്കമ്പോളത്തിലെ നഷ്ടം 12.1 കോടി ഡോളറും വരും. തെറാനോസിലൂടെ ഹോംസ് പത്തിലധികം നിക്ഷേപകരെ വഞ്ചിച്ചതായും കോടതി കണ്ടെത്തി. എന്തായിരുന്നു എലിസബത്ത് ഹോംസ് സ്വപ്നം കണ്ട പദ്ധതി? അതിവേഗം വളർന്നു ലോകത്തിനു പ്രതീക്ഷയായ കമ്പനിക്ക് എവിടെയാണ് ചുവടുപിഴച്ചത്?