ADVERTISEMENT

കർക്കടകം ദുർഘടം എന്നും പഞ്ഞക്കർക്കടകം എന്നുമൊക്കെയുള്ള  പഴഞ്ചൊല്ലുകൾ മാഞ്ഞു. കർക്കടകമേ കടന്നുവരൂ എന്നു സന്തോഷത്തോടെ സ്വാഗതം ചെയ്യുകയാണു പുതുതലമുറ. ജീവിതശൈലിയിലും ഭക്ഷണ–ആരോഗ്യശീലങ്ങളിലും ശ്രദ്ധിച്ചാൽ കർക്കടകം അടിപൊളിയായി കടന്നുപോകും. കർക്കടകം സുഖകരമാക്കാൻ ശ്രദ്ധിക്കേണ്ടവ അറിയാം.

 

കുളി, ഭക്ഷണം
∙ എണ്ണതേച്ചുകുളി
കർക്കടകത്തിൽ വീട്ടിൽ തന്നെ ചെയ്യാവുന്ന സുഖചികിത്സയാണ് എണ്ണതേച്ചുകുളി. രക്തയോട്ടത്തിലുണ്ടാകുന്ന കുറവ്, പേശികൾക്കും എല്ലുകൾക്കും സംഭവിക്കുന്ന രൂപമാറ്റങ്ങൾ, സ്‌ഥാനഭ്രംശങ്ങൾ, നാഡികൾക്കുണ്ടാകുന്ന തളർച്ച, ശരീരക്ഷീണം തുടങ്ങിയവ പരിഹരിക്കാൻ എണ്ണതേച്ചുള്ള കുളി ഉത്തമം. ശരീരപ്രകൃതി മനസ്സിലാക്കി വേണം ഏതു തൈലമാണ് ഉപയോഗിക്കേണ്ടതെന്നു തീരുമാനിക്കാൻ. ഇതിന് ആയുർവേദ വിദഗ്‌ധന്റെ സഹായം തേടണം. സാധാരണയായി ധാന്വന്തരം തൈലമോ, വെളിച്ചെണ്ണയോ ഉപയോഗിച്ചാണു തേച്ചുകുളി. ശരീരത്തിൽ എണ്ണതേച്ചുപിടിപ്പിച്ച് അര മണിക്കൂറിനു ശേഷം ചെറു ചൂടുവെള്ളത്തിൽ കുളിക്കാം. ശരീരം ചൂടുവെള്ളത്തിലും തല തണുത്ത വെള്ളത്തിലുമാണു കഴുകേണ്ടത്.  രാത്രി തണുത്ത വെള്ളത്തിൽ കുളിക്കുന്നതു പൂർണമായും ഒഴിവാക്കുന്നതാണു നല്ലത്. ദേഹത്തെ എണ്ണമെഴുക്കു നീക്കാൻ പയറുപൊടി ഉപയോഗിച്ചാൽ ത്വക്കിന് ആരോഗ്യവും സൗന്ദര്യവുമേറും.

 

തിളപ്പിച്ച വെള്ളം
കുടിക്കുന്ന വെള്ളത്തിൽ തേൻ ചേർക്കാം. ചുക്ക്, മല്ലി തുടങ്ങിയവയിട്ടു തിളപ്പിച്ച വെള്ളവും നല്ലത്.  തുളസിയിലയും ചുക്കും കുറച്ചു കുരുമുളകും ചേർത്തു തിളപ്പിച്ചെടുത്താൽ ഒന്നാന്തരം ഔഷധപാനീയം റെഡി.  ജീരകം ചേർത്ത് തിളപ്പിച്ചാറ്റിയ വെള്ളം ദാഹശമനത്തിനു കുടിക്കാം.  അയമോദകം ചെറിയ അളവിൽ ചേർത്തതും ചുക്കുചേർത്തതുമായ വെള്ളവും ദാഹശമനത്തിന് ഉപയോഗിക്കാം. അരിഷ്ടങ്ങൾ കർക്കടകത്തിൽ ശരീരത്തിനു ഏറെ ഗുണം ചെയ്യും.  മുന്തിരിങ്ങ ചേർത്ത അരിഷ്‌ടവും ഏറെ നല്ലത്.

 

സൂപ്പ്, ഇലക്കറി
നാക്കിനു പിടിക്കുന്നതു ദേഹത്തിനു പിടിക്കില്ല എന്നൊരു ചൊല്ലുതന്നെയുണ്ട്. രുചിമാത്രം നോക്കിയാൽ പോരാ. പോഷകദായകമായതും ശുചിയുള്ളതും കാലാവസ്ഥയ്ക്കു ചേരുന്നതുമായ ഭക്ഷണം കർക്കടകത്തിൽ കഴിക്കാൻ ശ്രദ്ധിക്കണം. പൊതുവേ ദഹനശക്തി കുറയുന്ന കാലമായതിനാൽ അതിനു പറ്റിയ ചേരുവകളാണ് ഇൗ സമയത്തു നല്ലത്.

ചെറുപയർപരിപ്പ്, കുരുമുളക് എന്നിവ ചേർത്ത ഭക്ഷണങ്ങളും കോഴിമാംസ സൂപ്പും നല്ലതാണ്. പുളി, ഉപ്പ്, നെയ്യ്, തേൻ എന്നിവ ആഹാരത്തിൽ ചേർക്കാം. ഗോതമ്പ്, ചെറുപയർ, നവര, ചെന്നെല്ല് തുടങ്ങിയവ കൊണ്ടുള്ള ആഹാര പദാർഥങ്ങൾ ഇഷ്ടം പോലെ കഴിക്കാം. ആഹാരത്തിൽ ഇലക്കറികൾ നിർബന്ധമായും ഉൾപ്പെടുത്തണം. ഇലക്കറികളിൽ നിന്നു വൈറ്റമിൻ  ധാരാളം ലഭിക്കും. അധികം കൊഴുപ്പും മസാലയും എണ്ണയും ചേർത്ത വിഭവങ്ങൾ, ജങ്ക് ഫുഡ് എന്നിവ ഒഴിവാക്കുന്നതാണ് ഉത്തമം. 

സൂപ്പ് കുടിക്കാൻ പറ്റിയ കാലമാണു കർക്കടകം. മാംസവും പച്ചക്കറികളും ഉപയോഗിച്ചു സൂപ്പുണ്ടാക്കാം.  അഷ്ടചൂർണം 10 ഗ്രാം ചൂടുവെള്ളത്തിൽ ചേർത്തു ഭക്ഷണത്തിനു മുൻപു കഴിക്കുന്നതു ദഹനശക്തി കൂട്ടും. മഴക്കാലത്തു  ചെറുപയർ കറികൾ ധാരാളമുപയോഗിക്കാം. എളുപ്പം ദഹിക്കുമെന്നതും പ്രോട്ടീൻ ധാരാളമുണ്ടെന്നതും ഇതിന്റെ മെച്ചം.  ഭക്ഷണപദാർഥങ്ങൾ ചെറുചൂടോടെ ഉപയോഗിക്കണം. പഴകിയ ഭക്ഷണം ഒരു കാരണവശാലും കഴിക്കരുത്. 

ജീവിതചര്യ

നടപ്പും കിടപ്പും വ്യായാമവും: ശ്രദ്ധ വേണ്ട മാസം

കർക്കടത്തിലും, പൊതുവേ മഴക്കാലത്തും ആരോഗ്യം സൂക്ഷിക്കാം. കിടപ്പിലും നടപ്പിലുമടക്കം ശ്രദ്ധിക്കാനുണ്ടു ചിലത്.

 

karkidaka-kanji
Image Credit: santhosh_varghese/istock

ഉറക്കം
പകലുറക്കവും  രാത്രി ഉറക്കമിളപ്പും ആരോഗ്യത്തിനു നല്ലതല്ല. കഫപിത്തദോഷങ്ങൾക്ക് ഇതു വഴിയൊരുക്കും. ശുചിയുള്ളതും ഈർപ്പമില്ലാത്തതുമായ വസ്‌ത്രങ്ങൾ മാത്രമേ ധരിക്കാവൂ. നനഞ്ഞ വസ്‌ത്രങ്ങൾ ഫംഗസ് ബാധയ്‌ക്കു കാരണമാകും. പ്രത്യേകിച്ച് അടിവസ്‌ത്രങ്ങൾ. 

 

യാത്ര, താമസം
ചെരിപ്പില്ലാതെ യാത്ര ചെയ്യരുത്. യാത്ര കഴിഞ്ഞു വരുമ്പോൾ കൈകാലുകൾ കഴുകിയ ശേഷമേ വീട്ടിൽ പ്രവേശിക്കാവൂ. പരിസരശുചിത്വം പ്രധാനമാണ്. പരിസരത്തു വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. വെള്ളം കെട്ടി നിന്നാൽ അതിൽ അൽപം വേപ്പെണ്ണ തളിക്കുക. കൊതുക് ഉൾപ്പടെയുള്ളവയുടെ കീടങ്ങൾ നശിക്കും. ആര്യവേപ്പില കൊണ്ടു പുകയ്ക്കുന്നത് അണുനാശകമാണ്. ഈച്ചയും കൊതുകും കുറയും. അകിൽ, കുന്തിരിക്കം, ചന്ദനം എന്നിവയും പുകയ്ക്കാം.

 

വ്യായാമം
വ്യായാമവും ശാരീരിക അധ്വാനവും കർക്കടകത്തിൽ വർധിപ്പിച്ചേക്കാം എന്നു കരുതുന്നവരുണ്ട്. എന്നാലതു ഗുണത്തിനു പകരം ദോഷമേ ചെയ്യൂ. ജിമ്മിലെയടക്കം മൽപിടിത്തം ഒഴിവാക്കുന്നതാണു നല്ലത്. കഠിനജോലികൾ ഒഴിവാക്കണം. വ്യായാമം പതിവായി ചെയ്യുന്നവർക്കു തുടരാം. പക്ഷേ, മിതത്വം പാലിക്കണം. വലിയ അഭ്യാസ പ്രകടനങ്ങൾ കർക്കടകത്തിൽ ശരീരം താങ്ങില്ല. 

 

മരുന്നുകഞ്ഞി
മരുന്നുകഞ്ഞി വീട്ടിൽ തയാറാക്കാനും പ്രയാസമില്ല. വേണ്ട വിഭവങ്ങൾ നാല്. അരി, ഉലുവ, ജീരകം, അയമോദകം. അരിക്കു പകുതി ഉലുവ, ഉലുവയ്ക്കു പകുതി ജീരകം, അതിനും പകുതി അയമോദകം എന്ന ക്രമത്തിലാണ് ഉപയോഗിക്കേണ്ടത്. തിളച്ചതിനുശേഷം തേങ്ങാപ്പാലും ചേർത്തു വാങ്ങിവച്ചാൽ മരുന്നുകഞ്ഞി റെഡി. പലദേശങ്ങളിലും വ്യത്യസ്തമായ രീതിയിൽ കർക്കടകക്കഞ്ഞിയുണ്ടാക്കാറുണ്ട് എന്നതു മറക്കരുത്.

 

കടുത്ത വേനലിന്റെയും ചൂടിന്റെയും അസ്വസ്ഥതകൾ മാറുന്നതോടെ മനുഷ്യശരീരം പുഷ്ടിപ്പെടുന്ന സമയമാണു കർക്കടകം. ഈ സമയത്തു പരമാവധി ഔഷധമൂല്യം ശരീരത്തിലെത്തിക്കുക എന്നതാണു കർക്കടകത്തിലെ ചികിത്സയുടെ ലക്ഷ്യം. അടുത്ത ഒരു വർഷത്തേക്കു നമ്മുടെ ശരീരത്തെ ‘റീചാർജ്’ ചെയ്തു സുഖകരമായ ജീവിതം ഉറപ്പാക്കാനുള്ള വഴിയാണിത്. ഇതിന് അനുയോജ്യമാണു കർക്കടക ചികിത്സ.  ഭക്ഷണവും വ്യായാമവും ജീവിതശൈലികളും ക്രമീകരിക്കണം.  ആകുലതകളും ജോലിയുടെയും മറ്റും സമ്മർദവും ഒഴിവാക്കാൻ അൽപസമയം ധ്യാനവും ശീലിക്കാം.  പ്രാണായാമം, യോഗ പരിശീലനം എന്നിവയും ശീലിക്കാം. ശരീരവും മനസ്സും റീചാർജ് ചെയ്യുന്നതിനുള്ള  പരിശീലനമാണ് കർക്കടകത്തിൽ ഉണ്ടാകേണ്ടത്.

 

ഡോ. വി. അരുൺകുമാർ

സീനിയർ മെഡിക്കൽ ഓഫിസർ, കോട്ടയം ജില്ലാ ആയുർവേദ ആശുപത്രി

Content Summary: About Karkidaka Treatment and Lifestyle tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com