അണ്ഡാശയ അര്‍ബുദം 93 % ശതമാനം കൃത്യതയോടെ പ്രവചിച്ച് നിര്‍മിത ബുദ്ധി
Mail This Article
അണ്ഡാശയത്തെ ബാധിക്കുന്ന അര്‍ബുദത്തെ പലപ്പോഴും നിശ്ശബ്ദ കൊലയാളി എന്നാണ് വിളിക്കാറുള്ളത്. ആദ്യ ഘട്ടങ്ങളില്‍ പ്രത്യേകിച്ചു ലക്ഷണങ്ങളൊന്നും പ്രത്യക്ഷമാകാറില്ലെന്നതാണ് കാരണം. ലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങുമ്പോഴേക്കും അര്‍ബുദം ചികിത്സിച്ച് മാറ്റാനാകുന്ന നില വിട്ടിരിക്കും. എന്നാല്‍ ഇപ്പോള്‍ ആദ്യ ഘട്ടങ്ങളില്‍ തന്നെ 93 ശതമാനം കൃത്യതയോടെ അണ്ഡാശയ അര്‍ബുദം പ്രവചിക്കുന്ന, നിര്‍മ്മിത ബുദ്ധിയില്‍ അധിഷ്ഠിതമായ പരിശോധന വികസിപ്പിച്ചിരിക്കുകയാണ് അമേരിക്കയിലെ ശാസ്ത്രജ്ഞര്‍.
ജോര്‍ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി സ്‌കൂള്‍ ഓഫ് ബയോളജിക്കല്‍ സയന്‍സസിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. രോഗിയുടെ രക്തത്തിലെ മെറ്റബോളൈറ്റുകളെ കുറിച്ചുള്ള വിവരങ്ങള്‍ ഉപയോഗിച്ച് മെഷീന്‍ ലേണിങ്- നിര്‍മ്മിത ബുദ്ധി സങ്കേതങ്ങളുടെ സഹായത്തോടെയാണ് രോഗനിര്‍ണ്ണയം നടത്തുന്നത്. ഗവേഷണഫലം ഗൈനക്കോളജിക് ഓങ്കോളജി എന്ന മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ചു.
അണ്ഡാശയ അര്‍ബുദം ഉള്‍പ്പെടെയുള്ള അര്‍ബുദങ്ങള്‍ നേരത്തെ കണ്ടെത്താന്‍ നിര്‍മ്മിത ബുദ്ധിയുടെ അടിസ്ഥാനത്തിലുള്ള ഈ സമീപനം വഴി സാധിക്കുമെന്ന് സ്‌കൂള്‍ ഓഫ് ബയോളജിക്കല്‍ സയന്‍സസ് പ്രഫസര്‍ ജോണ്‍ മക്‌ഡോണള്‍ഡ് പറയുന്നു. അവസാന ഘട്ടങ്ങളില്‍ അണ്ഡാശയ അര്‍ബുദം നിര്‍ണ്ണയിക്കപ്പെടുന്നവര്‍ക്ക് ചികിത്സയ്ക്ക് ശേഷവും അഞ്ച് വര്‍ഷ അതിജീവന നിരക്ക് 31 ശതമാനം മാത്രമാണ്. നേരത്തെ കണ്ടെത്തി ചികിത്സയാരംഭിച്ചാല്‍ 90 ശതമാനത്തിനു മുകളിലേക്ക് അഞ്ച് വര്‍ഷ അതിജീവന നിരക്ക് ഉയര്‍ത്താന്‍ സാധിക്കുമെന്നും പ്രഫസര്‍ മക്‌ഡോണള്‍ഡ് കൂട്ടിച്ചേര്‍ക്കുന്നു.
ജോര്‍ജിയ, നോര്‍ത്ത് കരോളിന, ഫിലാഡെല്‍ഫിയ, പശ്ചിമ കാനഡ എന്നിവിടങ്ങളിലെ 564 സ്ത്രീകളിലാണ് ഈ പരിശോധന രീതി പരീക്ഷിച്ചത്. ഇതില്‍ 431 പേര്‍ അണ്ഡാശയ അര്‍ബുദ ബാധിതരും 133 പേര്‍ അര്‍ബുദമില്ലാത്തവരുമായിരുന്നു. തന്മാത്രാതലത്തിലെ വൈജാത്യങ്ങള്‍ മൂലം സാര്‍വത്രികമായ ഒരു ബയോമാര്‍ക്കര്‍ മറ്റു ചില അര്‍ബുദങ്ങളുടെ കാര്യത്തിലെന്ന പോലെ അണ്ഡാശയ അര്‍ബുദത്തിന്റെ കാര്യത്തില്‍ ലഭ്യമല്ല. ഇതിനാല്‍ നിര്‍മ്മിത ബുദ്ധിയും മെഷീന്‍ ലേണിങ്ങും ഉപയോഗിച്ചുള്ള സമീപനം കൂടുതല്‍ കൃത്യത രോഗനിര്‍ണ്ണയത്തില്‍ കൊണ്ടു വരുമെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു.
സ്ത്രീകളിലെ ഹൃദ്രോഗത്തിനു പിന്നിലെ കാരണങ്ങള്‍: വിഡിയോ