ADVERTISEMENT

ഗെയിം ഓഫ്‌ ത്രോണ്‍സ്‌ എന്ന സൂപ്പര്‍ ഹിറ്റ്‌ ഇംഗ്ലീഷ്‌ സീരിസ്‌ കണ്ടവരാരും ഒരിക്കലും മറക്കാത്ത കഥാപാത്രമാണ്‌ എമിലിയ ക്ലാര്‍ക്ക്‌ അവതരിപ്പിച്ച ഡനേരിയസ്‌ ടാര്‍ഗേറിയന്റേത്‌. ഖലീസിയും ഡ്രാഗണ്‍ ക്വീനുമൊക്കെയായി അധികാരത്തിന്റെ മൂര്‍ത്തീഭാവമായി സീരിസില്‍ ഉടനീളം നിറഞ്ഞു നില്‍ക്കുകയായിരുന്നു എമിലിയയുടെ ഡനേരിയസ്‌. 

എന്നാല്‍ മരണത്തിന്റെ വക്കിലെത്തിച്ച രണ്ട്‌ അന്യൂറിസങ്ങളെ അതിജീവിച്ചാണ്‌ എമിലിയ ഗെയിം ഓഫ്‌ ത്രോണ്‍സിലെ അഭിനയം പൂര്‍ത്തിയാക്കിയതെന്ന്‌ എത്ര പേര്‍ക്കറിയാം? അടുത്ത്‌ നടന്ന ഒരു അഭിമുഖത്തില്‍ എമിലിയ തന്നെയാണ്‌ തന്റെ തലച്ചോറിന്റെ പ്രവര്‍ത്തനം തന്നെ ഭാഗികമായി നിലപ്പിച്ച രോഗത്തെ കുറിച്ച്‌ വെളിപ്പെടുത്തിയത്‌. 

എന്താണ്‌ അന്യൂറിസം ?
തലച്ചോറിലെ രക്തധമനിയുടെ ഭിത്തിയുടെ ഒരു ഭാഗം ദുര്‍ബലമായി പുറത്തേക്ക്‌ തള്ളുമ്പോഴാണ്‌ അന്യൂറിസം ഉണ്ടാകുന്നത്‌. ചികിത്സിക്കാതെ വിട്ടാല്‍ ഇത്‌ രക്തധമനി പൊട്ടി ആന്തരിക രക്തസ്രാവത്തിലേക്ക്‌ നയിക്കാം. രക്തത്തില്‍ ക്ലോട്ട്‌ ഉണ്ടായി രക്തധമനിക്കുള്ളിലെ രക്തപ്രവാഹത്തെ തടസ്സപ്പെടുത്താനും അന്യൂറിസം കാരണമാകും. ജീവന്‍ തന്നെ അപകടപ്പെടുത്താവുന്ന ഒരവസ്ഥയാണ്‌ ഇത്‌. 

2011ല്‍ വ്യായാമത്തിനിടെയാണ്‌ എമിലിയക്ക്‌ ആദ്യമായി അന്യൂറിസം ഉണ്ടായത്‌. വ്യായാമത്തിനിടെ പെട്ടെന്ന്‌ തലചുറ്റി വീഴുകയായിരുന്നു. കടുത്തതും തീവ്രമായതുമായ വേദനയും ഇതോടൊപ്പം ഉണ്ടായി. അന്യൂറിസം മൂലം തലച്ചോറിനും അതിനെ ചുറ്റിയുള്ള ആവരണത്തിനും ഇടയില്‍ രക്തം തളം കെട്ടി നില്‍ക്കുന്ന സബ്‌ അരക്‌നോയ്‌ഡ്‌ ഹെമറേജാണ്‌ പ്രശ്‌നമെന്ന്‌ ഡോക്ടര്‍മാര്‍ കണ്ടെത്തി. ശസ്‌ത്രക്രിയയെ തുടര്‍ന്ന്‌ സംസാരശേഷി നഷ്ടമാകുന്ന അഫേസിയ എന്ന അവസ്ഥയും എമിലിയ നേരിട്ടു. തന്റെ അഭിനയ ജീവിതം തന്നെ അവസാനിച്ചു എന്ന്‌ എമിലിയക്ക്‌ തോന്നിയ നാളുകളായിരുന്നു അത്‌. 

മരിക്കാന്‍ തന്നെ പലപ്പോഴും തോന്നിയിട്ടുണ്ടെന്നും തന്നെ ഒന്ന്‌ കൊന്ന്‌ തരാന്‍ മെഡിക്കല്‍ സംഘത്തോട്‌ അപേക്ഷിച്ചിട്ടുണ്ടെന്നും എമിലിയ അഭിമുഖത്തില്‍ പറഞ്ഞു. ഈയവസ്ഥയെ അതിജീവിച്ച്‌ സംസാരശേഷിയും തിരിച്ചു പിടിച്ചാണ്‌ ഗെയിം ഓഫ്‌ ത്രോണ്‍സിന്റെ രണ്ടാം സീസണിന്റെ ഷൂട്ടിങ്ങിന്‌ എമിലിയ എത്തിയത്‌. വളരെ ക്ഷീണിതയായിരുന്നു എന്നും പലപ്പോഴും തലചുറ്റി വീഴും പോലെ തോന്നിയിരുന്നു എന്നും താന്‍ ഇതിനെ അതിജീവിക്കില്ലെന്നാണ്‌ അന്ന്‌  കരുതിയതെന്നും  എമിലിയ പിന്നീട്‌ വെളിപ്പെടുത്തി. 

2013 ല്‍ ന്യൂയോര്‍ക്കില്‍ ഒരു നാടകം അവതരിപ്പിക്കുമ്പോഴാണ്‌ എമിലിയക്ക്‌ വീണ്ടും അന്യൂറിസം ഉണ്ടായത്‌. ഇത്തവണ തലച്ചോറിന്റെ മറുഭാഗത്തായിരുന്നു എന്ന്‌ മാത്രം. തലയോട്ടി തുറന്നുള്ള കൂടുതല്‍ സങ്കീര്‍ണ്ണമായ ശസ്‌ത്രക്രിയ ഇത്തവണ വേണ്ടി വന്നു. ഡനേരിയസ്‌ നേരിട്ടിട്ടുള്ള യുദ്ധങ്ങളെക്കാല്‍ ക്രൂരമായ ഒരു യുദ്ധത്തെ അതിജീവിച്ച തോന്നലാണ്‌ ഈ രണ്ടാം അന്യൂറിസം ആക്രമണത്തിന്‌ ശേഷം തനിക്ക്‌ തോന്നിയതെന്നും എമിലിയ ചൂണ്ടിക്കാട്ടുന്നു. 
ഇപ്പോള്‍ ഇതില്‍ നിന്ന്‌ 100 ശതമാനം മുക്തയായ എമിലിയ തന്നെ പോലെ കഷ്ടപ്പെട്ടവര്‍ക്ക്‌ താങ്ങും തണലുമാകാനും തീരുമാനിച്ചു. തലയ്‌ക്ക്‌ പരുക്കും പക്ഷാഘാതവുമൊക്കെ വരുന്ന വ്യക്തികളെ ജീവിതത്തിലേക്ക്‌ തിരികെ കൊണ്ട്‌ വരുന്ന ഒരു ചാരിറ്റി സ്ഥാപനത്തിനും എമിലിയ തുടക്കം കുറിച്ചു. 

ആര്‍ക്കൊക്കെ വരാം ?
സെറിബ്രല്‍ അന്യൂറിസം പൊതുവേ സ്‌ത്രീകള്‍ക്കും അയോര്‍ട്ടിക്‌ അന്യൂറിസം പുരുഷന്മാര്‍ക്കുമാണ്‌ സാധാരണ വരാറുള്ളത്‌. അബ്‌ഡൊമിനല്‍ അയോര്‍ട്ടിക്‌ അന്യൂറിസങ്ങള്‍ 60ന്‌ മുകളില്‍ പ്രായമായവര്‍, പുരുഷന്മാര്‍, പുകവലിയുടെ ചരിത്രമുള്ളവര്‍, വെളുത്ത വംശജര്‍ എന്നിവര്‍ക്ക്‌ വരാന്‍ സാധ്യത അധികമാണ്‌. 

ലക്ഷണങ്ങള്‍
രക്തധമനി പൊട്ടും വരെ പലരും തങ്ങള്‍ക്ക്‌ അന്യൂറിസമുണ്ടെന്ന്‌ തിരിച്ചറിയാറില്ല. തലചുറ്റല്‍, ബോധക്ഷയം, വര്‍ധിച്ച ഹൃദയമിടിപ്പ്‌, തലയിലും നെഞ്ചിലും വയറിലും പുറത്തിലും പെട്ടെന്നുണ്ടാകുന്ന തീവ്രമായ വേദന, അതികഠിനമായ തലവേദനയെ തുടര്‍ന്നുണ്ടാകുന്ന പെട്ടെന്നുള്ള ബോധക്ഷയം എന്നിവയെല്ലാം അന്യൂറിസത്തെ തുടര്‍ന്ന രക്തധമനി പൊട്ടിയതിന്റെ ലക്ഷണങ്ങളാണ്‌. 
രക്തസമ്മര്‍ദ്ദം താഴേക്ക്‌ പോകല്‍, തണുത്ത ചര്‍മ്മം, വര്‍ധിച്ച ഹൃദയമിടിപ്പ്‌, ആശയക്കുഴപ്പം, ഭക്ഷണം വിഴുങ്ങാന്‍ ബുദ്ധിമുട്ട്‌, നിരന്തരമായ ക്ഷീണം, കടുത്ത തലവേദന, ഓക്കാനം, ഛര്‍ദ്ദി, വയറ്റിലും നെഞ്ചിലും പുറത്തും വേദന, കാഴ്‌ചയില്‍ വ്യതിയാനം, വേഗത്തിലുള്ള പള്‍സ്‌ എന്നിവയെല്ലാം അന്യൂറിസം ലക്ഷണങ്ങളാണ്‌.

English Summary:

Silent Killer or Warning Signs? What You Need to Know About Aneurysms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com