വൃക്കകളെ ആരോഗ്യത്തോടെ സൂക്ഷിക്കാന്‍ പിന്തുടരാം ഈ അഞ്ച് ശീലങ്ങള്‍
Mail This Article
ശരീരത്തില്‍ നിന്ന് മാലിന്യങ്ങളെയും അമിതമായ ദ്രാവകങ്ങളെയും പുറന്തള്ളാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട അവയവങ്ങളാണ് വൃക്കകള്‍. വൃക്കകള്‍ തകരാറിലായാല്‍ മാലിന്യങ്ങളും വിഷവസ്തുക്കളും ശരീരത്തില്‍ കെട്ടിക്കിടന്ന് പല വിധത്തിലുള്ള രോഗങ്ങളും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകും. വൃക്കകളെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ ഇനി പറയുന്ന ചില ശീലങ്ങള്‍ പിന്തുടരുന്നത് സഹായിക്കും.
1. നല്ലവണ്ണം വെള്ളം കുടിക്കുക
ശരീരത്തിലെ ജലാംശം നിലനിര്‍ത്തേണ്ടത് വൃക്കകളെ ആരോഗ്യത്തോടെ സംരക്ഷിക്കാന്‍ അത്യാവശ്യമാണ്. ഓരോരുത്തരുടെയും വൃക്കകളുടെ ആരോഗ്യ സ്ഥിതിയനുസരിച്ച് ഒരു ദിവസം കുടിക്കേണ്ട വെള്ളത്തിന്‍റെ അളവില്‍ വ്യത്യാസം വരാം. വൃക്കരോഗങ്ങളുള്ളവര്‍ ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതാണ്.
2. പ്രമേഹം നിയന്ത്രിക്കാം
രക്തത്തിലെ പഞ്ചസാരയുടെ തോത് ഉയരുന്നത് മാലിന്യങ്ങളെ അരിച്ചെടുക്കാനുള്ള വൃക്കകളുടെ ശേഷിയെ ബാധിക്കാം. ഇതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ തോത് ഇടയ്ക്കിടെ പരിശോധിച്ച് അവ നിയന്ത്രണത്തില്‍ നിര്‍ത്താന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇതിനുവേണ്ടി ഭക്ഷണക്രമ നിയന്ത്രണവും വ്യായാമവും ചിലപ്പോള്‍ മരുന്നുകളും വേണ്ടിവന്നേക്കാം.
3. രക്തസമ്മര്‍ദം കുറയ്ക്കാം
പ്രമേഹം പോലെതന്നെ രക്തസമ്മര്‍ദവും നിയന്ത്രിച്ച് നിര്‍ത്തേണ്ടത് വൃക്കകളുടെ ആരോഗ്യത്തില്‍ നിര്‍ണായകമാണ്. ഇതിനുവേണ്ടി പരിശോധനകള്‍ നടത്തുകയും ആവശ്യമെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്നുകള്‍ കഴിക്കുകയും ചെയ്യേണ്ടതാണ്.
4. ഭക്ഷണത്തില്‍ മാറ്റം
ഉയര്‍ന്ന തോതിലുള്ള ഫൈബര്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വൃക്കകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായിക്കും. സംസ്കരിച്ച ഭക്ഷണവും ഉയര്‍ന്ന തോതിലുള്ള സോഡിയവും വൃക്കകള്‍ക്ക് ഹാനികരമായതിനാല്‍ ഇവയുടെ തോത് നിയന്ത്രിക്കേണ്ടതാണ്. പകരം പഴങ്ങളും പച്ചക്കറികളും ഹോള്‍ ഗ്രെയ്നുകളും പയര്‍ വര്‍ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
5. ഇടയ്ക്കിടെയുള്ള പരിശോധന
വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഇടയ്ക്കിടെ ആവശ്യമായ പരിശോധനകള്‍ നടത്തേണ്ടതും അത്യാവശ്യമാണ്. രക്തവും മൂത്രവും പരിശോധിച്ച് പ്രശ്നങ്ങള്‍ കണ്ടെത്താം. രോഗലക്ഷണങ്ങള്‍ കാണപ്പെടുന്ന പക്ഷം ആവശ്യമായ ചികിത്സ തേടാനും വൈകരുത്.
Content Summary: 5 Habits That Make Your Kidneys Healthier