ADVERTISEMENT

ചോദ്യം: എന്റെ മകളുടെ മകൻ ഈയിടെ അവന്റെ കൂട്ടുകാരുമായി ചേർന്നു നടത്തിയ പാർട്ടിയിൽ വച്ച് ബിയർ കുടിച്ചു എന്നു കണ്ടു പിടിച്ചിരുന്നു. അവന്റെ മുത്തച്ഛൻ വലിയ തോതിൽ ലഹരിക്ക് അടിമയായിരുന്നു. പാരമ്പര്യമായി മദ്യാസക്തി ഉണ്ടാകാൻ സാധ്യതയുണ്ടോ? അവന്റെ അച്ഛനും അമ്മയും വളരെ ആശങ്കയിലാണ്. ഇതിന് എന്താണു ചെയ്യേണ്ടത്?

ഉത്തരം: ഒരാൾക്കു ലഹരിയോട് അമിതമായ ആസക്തിയും അടിമത്തവും (Dependance) ഉണ്ടാകുന്നതിന് പല കാരണങ്ങൾ ഉണ്ട്. ശരീരശാസ്ത്രപരമായ (Biological) ഘടകങ്ങൾ, വ്യക്തിത്വവുമായി ബന്ധപ്പെട്ട ഘടകങ്ങൾ എന്നിവയൊക്കെപ്പോലെ ജനിതകഘടകങ്ങൾക്കും ലഹരിയോട് അടിമത്തം ഉണ്ടാകുന്നതിൽ പങ്കുണ്ട്. ലഹരി അടിമത്തത്തിനു കാരണമാകുന്നത് മിക്കപ്പോഴും ഏതെങ്കിലും ഒരു ഘടകം മാത്രമല്ല, പല ഘടകങ്ങൾ കൂടിച്ചേർന്നുമാണ്.
അച്ഛനോ അമ്മയോ മറ്റ് കുടുംബാംഗങ്ങളോ അമിതമായി ലഹരി ഉപയോഗിക്കുന്നവരാണെങ്കിൽ കുട്ടികളിൽ ലഹരി ഉപയോഗത്തിന് സാധ്യത കൂടുതലാണ്. ലഹരിയോട് അടിമത്തം ഉണ്ടാകുന്നതിനും സാധ്യതയുണ്ട്. എന്നാൽ, ലഹരി ഉപയോഗിക്കുന്നവരുള്ള കുടുംബങ്ങളിൽ നിന്നു വരുന്ന എല്ലാ കുട്ടികളും മുതിർന്നവരാകുമ്പോൾ ലഹരിയോട് അടിമത്തം ഉള്ളവരാകണമെന്നില്ല. ആരോഗ്യകരമായ കുടുംബാന്തരീക്ഷം, കുടുംബബന്ധങ്ങൾ, നല്ല സൗഹൃദങ്ങൾ, ആരോഗ്യമുള്ള വ്യക്തിത്വം എന്നിവയൊക്കെ ലഹരിയില്‍ നിന്നു മാറിനിൽക്കാൻ കുട്ടിക്കു കഴിവു നൽകുന്ന ഘടകങ്ങളാണ്.
കൗമാരപ്രായത്തിലെ മസ്തിഷ്ക വളർച്ചയുടെ പ്രത്യേകതകൾ കാരണം ഈ പ്രായത്തിൽ ലഹരി ഉപയോഗം തുടങ്ങിയാൽ അതു പിന്നീടു ശീലമാകാനുള്ള സാധ്യത കൂടുതലാണ് എന്ന വസ്തുതയും പരിഗണിക്കേണ്ടതുണ്ട്. അതുകൊണ്ട്, കുട്ടിയെ കുറ്റപ്പെടുത്തുകയും ശിക്ഷിക്കുകയും ചെയ്യുന്നതിനു പകരം ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചു പറഞ്ഞ് മനസ്സിലാക്കുക. ഏതെങ്കിലും രീതിയിലുള്ള മാനസിക, വൈകാരിക പ്രശ്നങ്ങളോ ടെൻഷനുകളോ ഉണ്ടെങ്കിൽ അതിനു പരിഹാരം കണ്ടെത്തുക. കൂടുതൽ സമയം കുട്ടിയുടെ കൂടെ ചെലവഴിക്കുകയും തുറന്ന സംസാരങ്ങൾക്ക് അവസരം നൽകുകയും ചെയ്യുക. നല്ല കൂട്ടുകെട്ടുകളുടെ പ്രാധാന്യം കൂടി കുട്ടികള്‍ മനസ്സിലാക്കേണ്ടതുണ്ട്.

English Summary:

Genetics and Drug Consumption in Kids are Connected

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com