തണുത്ത കാറ്റ് ശ്വാസകോശത്തെ ബാധിക്കും; പക്ഷേ വയറിന് നിങ്ങളെ രക്ഷിക്കാന്‍ കഴിയും
Mail This Article
കിടുകിടാ വിറപ്പിക്കാന്‍ മാത്രമല്ല നമ്മുടെ ശ്വാസകോശത്തിന് പണി തരാനും തണുത്ത കാറ്റിന് സാധിക്കും. തണുത്ത, വരണ്ട കാറ്റ് ശ്വസിക്കുമ്പോള്‍ ശരീരം അതില്‍ ഈര്‍പ്പമുണ്ടാക്കാനായി കിണഞ്ഞ് പരിശ്രമിക്കുന്നത് വായുനാളികള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കാം. ഈ അസ്വസ്ഥത വായുനാളികള്‍ ചുരുങ്ങുന്നതും മുറുകുന്നതുമായ അവസ്ഥയായ ബ്രോങ്കോസ്‌പാസത്തിലേക്ക് നയിക്കാം. ബ്രോങ്കോസ്‌പാസം ശ്വാസംമുട്ടല്‍, ചുമ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതാണ്.
ആസ്‌മ, ക്രോണിക് ഒബ്‌സ്‌ട്രക്ടീവ് പള്‍മനറി ഡിസീസ് പോലുള്ള പ്രശ്‌നങ്ങളുള്ളവരില്‍ ഇത് രൂക്ഷമാക്കാന്‍ തണുത്ത കാലാവസ്ഥയ്‌ക്ക് സാധിക്കും. വയറും ശ്വാസകോശവും തമ്മിലുള്ള ബന്ധം ഇത്തരം സാഹചര്യങ്ങളില്‍ ശരീരത്തിന്റെ തുണയ്‌ക്കെത്തുമെന്ന് നൂപൂര്‍ പാട്ടില്‍ ഫിറ്റ്‌നസിലെ നൂപുര്‍ പാട്ടില്‍ ഇന്ത്യ ടുഡേയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
വയറിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതും സന്തുലിതമായ ഭക്ഷണക്രമം പിന്തുടരുന്നതും ശ്വാസകോശത്തിന് സംരക്ഷണമൊരുക്കുമെന്നും നൂപൂര്‍ പാട്ടില്‍ അഭിപ്രായപ്പെടുന്നു. വയറിലെ ആരോഗ്യകരമായ ബാക്ടീരിയകള്‍ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ കരുത്തുറ്റതാക്കും. തണുത്ത കാറ്റും കാലാവസ്ഥയും മൂലമുള്ള ശ്വാസകോശ അണുബാധകളെ നേരിടാന്‍ കരുത്തുറ്റ പ്രതിരോധ സംവിധാനത്തിന് സാധിക്കും. നേരെ മറിച്ച്, ശ്വാസകോശത്തിലെ അണുബാധകള്‍ വയറിലെ ബാക്ടീരിയകളുടെ സന്തുലനത്തെയും ബാധിക്കാറുണ്ട്. ഇവ രണ്ടും പരസ്‌പരം ബന്ധിക്കപ്പെട്ടിരിക്കുന്നു.
പഴങ്ങളും പച്ചക്കറികളും ഹോള്‍ ഗ്രെയ്‌നുകളും ലീന്‍ പ്രോട്ടീനുകളും യോഗര്‍ട്ട് പോലുള്ള പ്രോബയോട്ടിക്കുകളും അടങ്ങിയ ഭക്ഷണം വയറിന്റെ ആരോഗ്യത്തെ നിലനിര്‍ത്താന്‍ ആവശ്യമാണ്. ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതും നിത്യവും വ്യായാമം ചെയ്യുന്നതും ഗുണം ചെയ്യും.
ചൂടുള്ള ഹെര്‍ബല്‍ ചായകള്‍, സൂപ്പുകള്‍ എന്നിവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതും വയറിനെയും ശ്വാസകോശത്തെയും സഹായിക്കും. കൊഴുപ്പുള്ള മീനിലും ഫ്‌ളാക്‌സ് വിത്തുകളിലും അടങ്ങിയിട്ടുള്ള ഒമേഗ-3 ഫാറ്റി ആസിഡുകളും വയറിനെയും ശ്വാസകോശ ആരോഗ്യത്തെയും സംരക്ഷിക്കുന്നതാണ്. പ്രതിരോധ സംവിധാനത്തെ കരുത്തുറ്റതാക്കാന്‍ വൈറ്റമിന്‍ ഡിയുടെ തോതും ആവശ്യത്തിന് ഉണ്ടായിരിക്കണം. വെയില്‍ കൊണ്ടോ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം സപ്ലിമെന്റുകള്‍ കഴിച്ചോ വൈറ്റമിന്‍ ഡിയുടെ തോത് നിലനിര്‍ത്താം. ഇഞ്ചി, വെളുത്തുള്ളി പോലുള്ള വിഭവങ്ങളും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് സഹായകമാണ്.
വെള്ളംകുടിയും കിഡ്നി രോഗങ്ങളും: വിഡിയോ