ADVERTISEMENT

അനാരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാൻ കാരണമാകും. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടിയാൽ അത് ഹൈപ്പർ ഗ്ലൈസീമിയയ്ക്ക് കാരണമാകും. ഇത് തുടർന്നാൽ നാഡികൾക്കും വൃക്കയ്ക്കും ഹൃദയത്തിനും തകരാറ് സംഭവിക്കും. ഭക്ഷണം നിയന്ത്രിക്കുന്നതിലൂടെ രക്തത്തിലെ ഗ്ലൂക്കോസ് നില സുരക്ഷിതമായ അളവിൽ നിയന്ത്രിച്ചു നിർത്താൻ കഴിയും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില നുറുങ്ങുകൾ ഉണ്ട്. അവ ഏതൊക്കെ എന്ന് നോക്കാം.

∙അയമോദക വെള്ളം
പ്രമേഹം ഉള്ളവർ ഭക്ഷണശേഷം അയമോദകച്ചായ കുടിക്കുന്നത് ഗുണം ചെയ്യും. അയമോദകം ഉപയോഗിച്ച് ചായ ഉണ്ടാക്കുന്നതിന് ഒരു ടേബിൾ സ്പൂൺ അയമോദകം, ഒരു ടേബിൾ സ്പൂൺ ഉലുവ, നാലിലൊന്ന് ടേബിൾ സ്പൂൺ കറുവപ്പട്ട പൊടിച്ചത് ഇവയാണ് ആവശ്യം. ഇവയെല്ലാം ഇട്ട് വെള്ളം തിളപ്പിക്കുക. ഭക്ഷണം കഴിച്ച് 45 മിനിറ്റിനു ശേഷം ഈ വെള്ളം അരിച്ചത് കുടിക്കാം.

Representative image. Photo Credit:matka_Wariatka/Shutterstock.com
Representative image. Photo Credit:matka_Wariatka/Shutterstock.com

∙കറ്റാര്‍ വാഴ
പ്രമേഹ നിയന്ത്രണത്തിനു സഹായിക്കുന്ന ഒരു ഔഷധസസ്യമാണ് കറ്റാർ വാഴ. വൈദ്യനിർദേശപ്രകാരം മാത്രമേ പ്രമേഹ ചികിത്സയ്ക്ക് കറ്റാർ വാഴ ഉപയോഗിക്കാവൂ. പ്രമേഹം നിയന്ത്രിക്കാൻ കറ്റാർവാഴയ്ക്കുള്ള കഴിവിനെ സംബന്ധിച്ച് കൂടുതൽ ഗവേഷണങ്ങൾ ആവശ്യമാണ്.

∙നെല്ലിക്ക
വിറ്റമിൻ സിയുടെ മികച്ച ഉറവിടമായ നെല്ലിക്ക പാൻക്രിയാറ്റൈറ്റിസിന്റെ ചികിത്സയ്ക്ക് സഹായകമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു. നെല്ലിക്കയിലടങ്ങിയ ക്രോമിയം, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ഇൻസുലിൻ സെൻസിറ്റിവിറ്റി കൂട്ടുകയും ചെയ്യുന്നു. നെല്ലിക്ക പൊടിച്ചും അച്ചാറാക്കിയും എല്ലാം ഉപയോഗിക്കാം.

∙ഞാവൽക്കുരു
പ്രമേഹ ചികിത്സയ്ക്ക് ഏറ്റവും ഫലപ്രദമാണ് ഞാവൽപ്പഴത്തിന്റെ കുരു. ഞാവൽക്കുരുവിൽ ജാംബൊലൈൻ, ജാമബൊസൈൻ എന്നീ സംയുക്തങ്ങൾ ധാരാളമായുണ്ട്. ഇവ രക്തത്തിലെ ഗ്ലൂക്കോസിന്റെ പുറന്തള്ളലിന്റെ അളവ് കുറയ്ക്കുന്നു. ദാഹം കുറയ്ക്കുകയും ഇടയ്ക്കിടെയുള്ള മൂത്രശങ്ക പോലുള്ള പ്രശ്നങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു.

∙വെളുത്തുള്ളി
വെളുത്തുള്ളി കൊളസ്ട്രോൾ കുറയ്ക്കും എന്ന് തെളിയിക്കപ്പെട്ടതാണ്. രക്തസമ്മർദം കുറയ്ക്കാനും വെളുത്തുള്ളിക്ക് കഴിവുണ്ട്. പ്രമേഹരോഗികൾക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ വെളുത്തുള്ളി സഹായിക്കും. ഫാസ്റ്റിങ്ങിലെ രക്തത്തിലെ പഞ്ചസാരയുടെ അളവും HbA1c അളവും കുറയ്ക്കുന്നതിൽ വെളുത്തുള്ളി ഫലപ്രദമാണെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. എന്നിരുന്നാലും കൂടുതൽ ഗവേഷണങ്ങള്‍ ഈ മേഖലയിൽ ആവശ്യമാണ്.

∙മുരിങ്ങ
ഊർജം വർധിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും മുരിങ്ങയില സഹായിക്കും. മുരിങ്ങയിലയിലെ ധാതുക്കൾ ഇൻസുലിൻ ഉൽപാദനം കൂട്ടാൻ സഹായിക്കും. ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയ മുരിങ്ങിയിലയ്ക്ക് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും ഉണ്ട്.

Uluva

∙ഉലുവ വെള്ളം
ഉലുവ പ്രമേഹ നിയന്ത്രണത്തിന് സഹായിക്കുന്നു. പാചകത്തിൽ ഉപയോഗിക്കുന്ന ഉലുവയ്ക്ക് നിരവധി ഗുണങ്ങൾ ഉണ്ട്. പ്രമേഹനിയന്ത്രണത്തിന് സഹായിക്കുന്നു, ഗ്ലൂക്കോസ് ടോളറൻസ് കൂട്ടുന്നു, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. ഇൻസുലിൻ ഉൽപാദനം കൂട്ടുന്നു. തലേന്ന് രാത്രി ഒരു സ്പൂൺ ഉലുവ വെള്ളത്തിലിട്ട് കുതിർത്ത ശേഷം പിറ്റേദിവസം രാവിലെ ഈ വെള്ളം കുടിക്കാം.
ആരോഗ്യം മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഈ നുറുങ്ങുകൾ ഭക്ഷണത്തില്‍ ഉൾപ്പെടുത്താന്‍ ശ്രദ്ധിക്കാം.

English Summary:

Effective Home Remedies to Keep Your Blood Sugar Levels in Check Naturally

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com