ADVERTISEMENT

മിക്കവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് താരൻ. തലയോട്ടിയിൽ വെളുത്ത പൊടി പോലെ പറ്റിയിരിക്കുന്ന താരൻ, ചൊറിച്ചിലും ഉണ്ടാക്കും. വൃത്തിയില്ലായ്മയ്ക്കു പുറമെ സ്ട്രെസ്സ്, ഭക്ഷണ ശീലങ്ങൾ ഇവയും താരനു കാരണമാകും. ഭക്ഷണശീലങ്ങളിൽ മാറ്റം വരുത്തുന്നതു വഴിയും പ്രകൃതിദത്തമാർഗങ്ങളിലൂടെയും താരൻ പൂർണമായി അകറ്റാൻ സാധിക്കും. 

കാരണങ്ങൾ
തലയോട്ടിയിൽ ഉണ്ടാകുന്ന ഈ അവസ്ഥയ്ക്ക് പല കാരണങ്ങൾ ഉണ്ട്. തലയോട്ടി വരണ്ടത് (dry) ആകുന്നതാണ് ഒരു കാരണം. മലസേസിയ ഫംഗസിന്റെ അണുബാധ താരന് കാരണമാകും. സെബം അഴുക്കുകളെയും മാലിന്യങ്ങളെയും ആകർഷിക്കുമെന്നതിനാൽ എണ്ണമയമുള്ള ചർമവും തലയോട്ടിയും ഉള്ളവർക്കും താരൻ വരാം. ആർത്തവ സമയത്തും ആർത്തവ വിരാമത്തിലും നടക്കുന്ന ഹോർമോൺ മാറ്റങ്ങളും തലയോട്ടിയിൽ ചെകിളകൾ പോലെ താരൻ വരാൻ കാരണമാകും. സോറിയോസിസ്, എക്സിമ, സെബോറിക് ഡെർമൈറ്റിസ് തുടങ്ങിയ അവസ്ഥകളും താരൻ ഉണ്ടാകാനുള്ള സാധ്യത കൂട്ടും. 

താരൻ എങ്ങനെ തടയാം?
ചെറിയ തോതിൽ മാത്രമേ താരൻ ഉള്ളൂ എങ്കിൽ തലമുടി നന്നായി കഴുകുകയാണ് ആദ്യം ചെയ്യേണ്ടത്. സിങ്ക് പൈറിത്തിയോൺ, സൾഫർ, സാലിസിലിക് ആസിഡ്, സെലെനിയം സൾഫൈഡ് ഇവയടങ്ങിയ ഒരു ആന്റിഡാൻഡ്രഫ് ഷാമ്പു ഉപയോഗിച്ച് തല കഴുകാമെന്ന് അമേരിക്കൻ അക്കാദമി ഓഫ് ഡെർമറ്റോളജി അഭിപ്രായപ്പെടുന്നു. പ്രകൃതിദത്ത മാർഗങ്ങളിലൂടെ സ്വഭാവികമായി താരൻ എങ്ങനെ കുറയ്ക്കാം എന്നറിയാം. 

വെളിച്ചെണ്ണയും നാരങ്ങയും
തലയോടിന്റെ മോയ്സ്ചറൈസർ ആയി വെളിച്ചെണ്ണ പ്രവർത്തിക്കും. നാരങ്ങയ്ക്ക് ആന്റിമൈക്രോബിയൽ ഗുണങ്ങളുണ്ട്. ഇത് താരനു കാരണമാകുന്ന സൂക്ഷ്മാണുക്കളെ തടയുന്നു. 2021 ൽ സയന്റിഫിക് റിപ്പോർട്സിൽ പ്രസിദ്ധീകരിച്ച പഠനമനുസിച്ച് ആന്റിഫംഗൽ ഗുണങ്ങളുള്ളതിനാൽ വെളിച്ചെണ്ണ താരൻ അകറ്റാൻ സഹായിക്കും. രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണയിൽ ഒരു ടേബിൾ സ്പൂൺ നാരങ്ങാ നീര് ചേർത്ത് തലയിൽ േതച്ച് പിടിപ്പിക്കുക. അരമണിക്കൂർ ഇത് തേച്ച് നിൽക്കണം. 

Photo credit : mama_mia / Shutterstock.com
Photo credit : mama_mia / Shutterstock.com

ആപ്പിൾ സിഡർ വിനഗർ
തലയോട്ടിയുടെ പിഎച്ച് നിലനിർത്തി ഫംഗസിന്റെ വളർച്ചയെ തടയാൻ ഇത് സഹായിക്കുന്നു. ആന്റിബാക്ടീരിയൽ, ആന്റിഫംഗൽ, ആന്റിഓക്സിഡന്റ് ഗുണങ്ങളുള്ള അസെറ്റിക് ആസിഡ് ആപ്പിൾ സിഡർ വിനഗറിലുണ്ട് എന്ന് ഇന്റർനാഷണൽ ജേണൽ ഓഫ് ഡെർമറ്റോളജിയിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ഷാംപൂ ഇട്ട് തല കഴുകിയ ശേഷം തലയോട്ടിയിൽ ഇത് പുരട്ടി അഞ്ച് മുതൽ പത്തുമിനിട്ടു വരെ വയ്ക്കാം. ആഴ്ചയിൽ രണ്ടു ദിവസം ഇങ്ങനെ ചെയ്യാം. രണ്ട് ടേബിൾ സ്പൂൺ ആപ്പിൾസിഡർ വിനഗർ ഒരു കപ്പ് വെളളത്തിൽ ചേർത്ത് നേർപ്പിച്ച ശേഷം മാത്രം പുരട്ടുക.

ടീ ട്രീ ഓയിൽ
ഒരു ആന്റിമൈക്രോബിയൽ, ആന്റിഫംഗൽ ഏജന്റ് ആയ ടീട്രീ ഓയിൽ. താരന്റെ ചികിത്സയ്ക്ക് നല്ലതാണ്. അഞ്ച് ശതമാനം ടീ ട്രീ ഓയിൽ താരനകറ്റാൻ ഫലപ്രദമെന്ന് ജേണൽ ഓഫ് ദി അമേരിക്കൻ അക്കാദമി ഓഫ് ഡെർമറ്റോളജിയിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. വെളിച്ചെണ്ണയോ ഒലിവ് ഓയിലോ എടുക്കുക. അതിൽ ഏതാനും തുള്ളി ടീ ട്രീ ഓയിൽ ചേർത്ത് തലയോട്ടിയിൽ തേയ്ക്കുക. ടീ ട്രീ ഓയിൽ ഷാമ്പുവിൽ  ചേർത്തും ഉപയോഗിക്കാം. 

യൂക്കാലിപ്റ്റ്സ് ഓയിൽ
താരൻ അകറ്റാൻ സഹായിക്കുന്ന ഒന്നാണിത്. വെളിച്ചെണ്ണയിലെ ഒലിവ് ഓയിലിലോ ഏതാനും തുള്ളി യൂക്കാലിപ്റ്റസ് ഓയിൽ ചേർത്ത് തലയിൽ പുരട്ടാം. ടീ ട്രീ ഓയിൽ പോലെ ഷാമ്പുവിൽ ചേർത്തും ഇതുപയോഗിക്കാം. 

വേപ്പില
ആന്റി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങളുള്ള ആര്യവേപ്പില താരൻ അകറ്റാൻ സഹായിക്കും. കുറച്ച് ആര്യവേപ്പില വെള്ളത്തിൽ തിളപ്പിക്കുക. വെള്ളം പച്ചനിറമാകുമ്പോൾ ഈ വെള്ളം അരിച്ച ശേഷം തല കഴുകാം. 

olive-oil-DUSANZIDAR-shutterstock
Representative image. Photo Credit:DUSAN ZIDAR/Shutterstock.com

ഒലിവ് ഓയിൽ 
ഒലിവ് ഓയിൽ ചൂടാക്കി തലയിൽ പുരട്ടാം. ഒരു രാത്രി ഇത് പുരട്ടി പിറ്റേന്ന് മുടി ചീകാം. ഒലിവ് ഓയിൽ ഒരു മോയ്സ്ചറൈസർ ആയി പ്രവർത്തിക്കും. ഇത് തലയോട്ടിക്ക് തണുപ്പ് നൽകുകയും താരൻ കുറയ്ക്കുകയും ചെയ്യും. 

മുട്ട
പ്രോട്ടീൻ ധാരാളമടങ്ങിയ മുട്ട താരൻ അകറ്റാൻ സഹായിക്കും. മുട്ട നന്നായി അടിച്ച് പതപ്പിച്ച ശേഷം തലയോട്ടിയിൽ പുരട്ടുക. 15–20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ തല കഴുകാം. 

ആവണക്കെണ്ണ
താരൻ അകറ്റാന്‍ ആഴ്ചയിൽ ഒരു ദിവസം ആവണക്കെണ്ണ ഉപയോഗിക്കാം. ഇത് ആന്റിമൈക്രോബിയൽ ഏജന്റ് ആയി പ്രവർത്തിക്കും. തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്തും. ആവണക്കെണ്ണയ്ക്കു കട്ടി കൂടുതലാണെങ്കിൽ വെളിച്ചെണ്ണ ചേർത്തും തലയിൽ പുരട്ടാം. 

ഉള്ളിനീര്
മുടി വളർച്ചയ്ക്ക് സഹായിക്കുന്ന ഒന്നാണ് ഉള്ളിനീര്. ഇത് താരനും അകറ്റും. സൾഫർ ധാരാളം അടങ്ങിയതിനാൽ തലയോട്ടിയിലെ താരനെ ഇത് നശിപ്പിക്കും. ഉള്ളിനീര് തലയോട്ടിയിൽ പുരട്ടി 15–20 മിനിറ്റിനു ശേഷം കഴുകിക്കളയാം.

home-made-yogurt-donot6-studio-shutterstock-com
Representative image. Photo Credit:donot6-studio/Shutterstock.com

യോഗർട്ടും തേനും
തേനും യോഗർട്ടും താരൻ അകറ്റാൻ സഹായിക്കും. യോഗർട്ടിൽ പ്രോബയോട്ടിക്സ് ധാരാളം ഉണ്ട്. തേൻ ഒരു ഹൈഡ്രേറ്റിങ്ങ് ഏജന്റ് ആണ്. ഇവ രണ്ടും ചേർത്താൽ താരൻ ഇല്ലാതാകും. യോഗർട്ടും അതിന്റെ പകുതി തേനും ചേർത്ത് തലയോട്ടിയിൽ പുരട്ടാം. 

അലൊവേര ജെൽ
തലയോട്ടിയിലെ ചർമത്തിന്റെ ആരോഗ്യത്തിന് അലൊവേര ജെൽ നല്ലതാണ്. ഇത് തലമുടിയെ മോയ്സ്ചറൈസ് ചെയ്യും. അലൊവേര ജെല്ലിന്റെ ആന്റിബാക്ടീരിയൽ ആന്റി ഫംഗൽ ഗുണങ്ങൾ താരൻ ഇല്ലാതാക്കുമെന്ന് ബയോകെമിസ്ട്രി റിസർച്ച് ഇന്റർനാഷണൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. അലൊവേര ജെൽ തലയോട്ടിയിൽ തേച്ചു പിടിപ്പിച്ച് അരമണിക്കൂറിനു ശേഷം കഴുകിക്കളയാം. 

ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
താരനകറ്റാൻ ഈ മാർഗങ്ങൾ ചെയ്യും മുൻപ് തലയില്‍ ചെറിയ ഒരു ഭാഗത്ത് പുരട്ടി നോക്കി അലർജി ഉണ്ടാകുന്നില്ല എന്നുറപ്പുവരുത്തണം. നാരങ്ങാനീര് ചിലർക്ക് ചർമത്തിൽ അസ്വസ്ഥത ഉണ്ടാക്കും. ആപ്പിൾസിഡർ വിനഗർ നേർപ്പിക്കാതെ ഉപയോഗിച്ചാൽ പൊള്ളലുണ്ടാക്കും. എണ്ണമയം കൂടുതലുള്ള തലയോട്ടിയാണെങ്കിൽ വെളിച്ചെണ്ണ കൂടുതലുപയോഗിക്കുന്നത് നല്ലതല്ല. ടീ ട്രീ ഓയിലും യൂക്കാലിപ്റ്റസ് ഓയിലും കൂടുതൽ ഉപയോഗിക്കുന്നത് അസ്വസ്ഥതയുണ്ടാക്കും. പാച്ച് ടെസ്റ്റ് നടത്തിയശേഷം ഈ പ്രകൃതിദത്തമാർഗങ്ങൾ പരീക്ഷിച്ചു നോക്കൂ. താരൻ കുറയ്ക്കാൻ ഇവ സഹായിക്കും.

English Summary:

Dandruff Solutions: The Ultimate Guide to Natural Remedies & Prevention Tips. Dandruff No More: The Ultimate Guide to Natural Dandruff Treatment.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com