പഴയ കുപ്പികൾ വീണ്ടും ഉപയോഗപ്രദമാക്കാം; അറിയണം ഈ വഴികൾ
Mail This Article
ഉപയോഗം കഴിഞ്ഞാല്‍ മുന്നും പിന്നും നോക്കാതെ കാണുന്നിടത്ത് നാം വലിച്ചെറിയുന്ന ഒന്നാണ് കുപ്പികള്‍. അതിപ്പോൾ പ്ലാസ്റ്റിക് കുപ്പി ആയാലും ഗ്ലാസ് കുപ്പിയായാലും. ട്രെയിനിലോ ബസ്സിലോ എവിടെ ആയാലും കുപ്പിയുടെ ആവശ്യം കഴിഞ്ഞാല്‍ നമ്മള്‍ വലിച്ചെറിയും. നമ്മള്‍ നമ്മുടെ കുട്ടികള്‍ക്ക് ഒരു മോശം മാതൃകയാണ് ഇത് വഴി കാണിച്ചു കൊടുക്കുന്നത് എന്നോര്‍ക്കുക. ഇങ്ങനെ വലിച്ചെറിഞ്ഞു കളയാതെ ഉപയോഗപ്രദമായി കുപ്പി എന്തുകൊണ്ട് നമുക്ക് ഉപയോഗിച്ച് കൂടാ. അത്തരത്തില്‍ ചില ഉപയോഗങ്ങള്‍ നോക്കാം.
അടുക്കള സംഭരണി
അടുക്കളയിലും മറ്റും സാധനങ്ങള്‍ ഇട്ടു വയ്ക്കാന്‍ നമുക്ക് കുപ്പികള്‍ ആവശ്യമാണ്. ഇതിനു എന്തിനു പുതിയ കുപ്പികള്‍ വാങ്ങണം. ഓരോ സാധനങ്ങള്‍ വാങ്ങിയ പഴയ പ്ലാസ്റ്റിക് കുപ്പികള്‍ ഉണ്ടെങ്കില്‍ അടുക്കളസാധനങ്ങള്‍ ഇതില്‍ ഇട്ടു വയ്ക്കാം. അലങ്കാരത്തിനു അല്‍പ്പം പെയിന്റ്റോ ചിത്രപണിയോ കൂടി ചെയ്‌താല്‍ നല്ല ഭംഗി കിട്ടും.
ചെടിച്ചട്ടി
ഏതു തരത്തിലെ പ്ലാസ്റ്റിക് കുപ്പികളും ചെടിച്ചട്ടിയായി ഉപയോഗിക്കാം. മൂടിയുടെ ഭാഗം കളഞ്ഞ ശേഷം മണ്ണ് നിറച്ചാല്‍ ഇതില്‍ ചെടി നടാം. അൽപം ക്രിയാത്മകത വേണം എന്ന് മാത്രം.
പലവിധ ഉപയോഗങ്ങൾ
പഴയ കുപ്പികള്‍ ഉപയോഗിച്ച് അടുക്കളയിലും കുളിമുറിയിലും ഇനിമുതല്‍ സ്വന്തമായി തയാറാക്കിയ സോപ്പ് ഡിസ്പെൻസർ ഉപയോഗിക്കാം. നിറം നല്‍കി പ്രത്യേകം ഡിസൈന്‍ ചെയ്തു രൂപമാറ്റം വരുത്തി പലരീതിയില്‍ കുപ്പികള്‍ ഉപയോഗിക്കാം. പ്ലാസ്റ്റിക് കുപ്പികള്‍ ചെറിയ കുട്ടികളുടെ സാധനങ്ങള്‍ വയ്‌ക്കാനും വലിയവ വീടിന്റെ പല സ്ഥലങ്ങളിലായി വിവിധ സാധനങ്ങള്‍ വയ്‌ക്കാനായും ഉപയോഗിക്കാം. ലൈറ്റ് ഹോൾഡറും ഫ്‌ളവർ വെയിസും മുതൽ മുതൽ വലിയ പ്ലാസ്റ്റിക് വീടുകൾ വരെ നിർമിച്ച കലാകാരന്മാരുണ്ട്. അപ്പോൾ അടുത്ത തവണ വലിച്ചെറിയും മുൻപ് ഇത്തരം പുനരുപയോഗ സാധ്യതകളെ കുറിച്ച് ഓർക്കൂ...
English Summary- Reusing Plastic Bottles in Artistic Way