ഫ്ലാറ്റിലുമൊരുക്കാം പൂന്തോട്ടം; വളർത്താൻ പറ്റിയ ചെടികൾ
Mail This Article
സാധാരണ വീടുകളില്‍ നിര്‍മ്മിക്കുന്ന പോലെ വലിയ പൂന്തോട്ടങ്ങള്‍ ഫ്ലാറ്റുകള്‍ക്കുള്ളില്‍ പ്രവർത്തികമല്ല. മിക്ക ഫ്ലാറ്റുകളിലും ബാല്‍ക്കണി മാത്രമാകും പൂന്തോട്ടം സ്ഥാപിക്കാന്‍ ലഭിക്കുന്ന ഏകയിടം. എന്നാല്‍ മനസ്സുവച്ചാൽ ഫ്ലാറ്റിനുള്ളില്‍ നല്ലൊരു പൂന്തോട്ടം നമുക്കും ഉണ്ടാക്കിയെടുക്കാം. പൂക്കള്‍ ഉള്ളതും അല്ലാത്തതും ചട്ടിയില്‍ വയ്ക്കാവുന്നതുമായ നിരവധി ഇന്‍ഡോര്‍ പ്ലാന്റുകള്‍ ഇന്ന് ലഭ്യമാണ്. അത്തരം ചില ചെടികള്‍ നോക്കാം.
ആഫ്രിക്കന്‍ വയലറ്റ്
ഫ്ലാറ്റിനുള്ളില്‍ വളര്‍ത്താവുന്ന പൂച്ചെടിയാണ് ആഫ്രിക്കന്‍ വയലറ്റ്. അധികം സൂര്യപ്രകാശം ആവശ്യമില്ലത്തതും എന്നാല്‍ ധാരാളം പൂക്കള്‍ പിടിക്കുന്നതുമായ ചെടിയാണ് ഇത്. ഉയരം വയ്ക്കുന്നതിനനുസരിച്ച് ഇവ വെട്ടിനിര്‍ത്തണം. സൂര്യപ്രകാശം അധികം ആവശ്യമില്ലെങ്കിലും വെള്ളം വേണ്ട ചെടിയാണിത്. രണ്ടു ദിവസം കൂടുമ്പോള്‍ ചെടി നനച്ചു കൊടുക്കണം.
ഓര്‍ക്കിഡ്
പുറത്തും അകത്തും വയ്ക്കാവുന്ന ചെടിയാണ് ഓര്‍ക്കിഡ്. പലതരത്തില്‍ പല വര്‍ണ്ണങ്ങളില്‍ ഓര്‍ക്കിഡ് ലഭിക്കും. ചില ഓര്‍ക്കിഡുകള്‍ ധാരാളം സൂര്യപ്രകാശം ആവശ്യമുള്ളവയും മറ്റുചിലത് തണല്‍ ആവശ്യമുള്ളവയുമാണ്. അതുകൊണ്ട് ഫ്ലാറ്റിനുള്ളില്‍ വളര്‍ത്തുവാന്‍ സൂര്യപ്രകാശം ആവശ്യമില്ലാത്ത നോക്കി വാങ്ങണം.
ചെമ്പരത്തി
വീടുകളിലെ പൂന്തോട്ടത്തിലെ താരമാണ് ചെമ്പരത്തി. അധികപരിചരണം ആവശ്യമില്ലാത്തതിനാൽ ഇവ ഫ്ലാറ്റിനുള്ളിലും വളർത്താം. ചില്ലകൾ വെട്ടി നിർത്തണം. ഇവ സൂര്യപ്രകാശം ലഭിക്കത്തക്ക വിധത്തില്‍ വയ്ക്കണം. അല്ലെങ്കില്‍ ചെമ്പരത്തിയില്‍ ഫംഗസ് ബാധ ഉണ്ടാകാനും സാധ്യത കൂടുതലാണ്.
ബെഗോണിയ
വളരെ എളുപ്പം വളര്‍ത്താവുന്ന ചെടിയാണ് ബെഗോണിയ. ഇവയ്ക്ക് പ്രത്യേകിച്ച് ശ്രുശ്രൂഷ ആവശ്യമില്ല എന്നതും ഈ ചെടിക്ക് പ്രിയമേറുന്നു. ചട്ടികളിലും പടര്‍ന്നു കയറുന്ന വിധത്തിലും ഇവ വളര്‍ത്താം.
English Summary- Indoor Plants Suitable for Flats