പൊടി, വിട്ടുമാറാത്ത അലർജി; വീട്ടിലെ സീലിങ് ഫാൻ വൃത്തിയാക്കാൻ മറക്കരുത്
Mail This Article
വീട് വൃത്തിയാക്കുമ്പോൾ കണ്ണും കയ്യും എത്താത്ത ഇടങ്ങൾ വീടിനുള്ളിൽ വൃത്തിയാക്കാൻ അവശേഷിക്കും. ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സീലിങ് ഫാൻ വൃത്തിയാക്കുന്നത് ഏറെ ശ്രമകരമാണ്.
യഥാസമയത്ത് ഫാൻ വൃത്തിയാക്കിയില്ലെങ്കിൽ കാഴ്ചയിലെ അഭംഗി മാത്രമല്ല പൊടിപടലങ്ങളേറ്റ് അലർജി പോലെ പലവിധ അസുഖങ്ങളും പിടിപെട്ടെന്നു വരാം. എന്നാൽ വീട്ടിൽ തന്നെയുള്ള ചില വസ്തുക്കൾ ഉപയോഗിച്ച് എളുപ്പത്തിൽ ഫാനുകൾ വൃത്തിയാക്കാനാവും. അത് എങ്ങനെയാണെന്ന് നോക്കാം.
പൊടി നീക്കം ചെയ്യാൻ തലയിണക്കവർ
ഫാൻ വൃത്തിയാക്കുമ്പോൾ അതിലെ പൊടിപടലങ്ങൾ മുറിയിലും കട്ടിലിലുമൊക്കെ വീഴുന്നത് ഇരട്ടിപ്പണിയാണ്. തലയിണക്കവറോ നീളമുള്ള മറ്റ് കവറുകളോ ഉപയോഗിക്കുന്നതിലൂടെ ഈ പ്രശ്നത്തിന് പരിഹാരംകാണാം. ബ്ലേഡ് മുഴുവനായി ഉൾക്കൊള്ളുന്നത്ര വലുപ്പത്തിലുള്ള തലയിണക്കവറോ തുണിയിലോ പേപ്പറിലോ നിർമിച്ച കവറോ ഉപയോഗിക്കുക. ഓരോ ബ്ലേഡുകളായി കവറിനുള്ളിലേക്ക് കടത്തിയശേഷം തുറന്നഭാഗം കൈകൾകൊണ്ട് ചേർത്തടച്ച് കവർ പുറത്തേക്ക് ഊരിയെടുക്കാം. പൊടിപടലങ്ങളിൽ ഏറെയും കവറിനുള്ളിൽ തന്നെ നിക്ഷേപിക്കപ്പെടുന്നതിനാൽ അവ തറയിലും പരിസരത്തിലും വീഴില്ല.
വിനാഗിരിയും ബേക്കിങ് സോഡയും
ഫാൻ വൃത്തിയാക്കാനായി മാറാല തുടയ്ക്കാനുള്ള വലിയ ബ്രഷോ ചൂലോ ഒക്കെയാണ് സാധാരണ എല്ലാവരും ഉപയോഗിക്കുന്നത്. എന്നാൽ ഇതിലും ഫലപ്രദമായി ഫാനിലെ അഴുക്കുകൾ നീക്കാൻ വിനാഗിരിയും ബേക്കിങ് സോഡയും സഹായിക്കും. അഴിച്ചുമാറ്റാവുന്ന ഫാനിലാണ് ഇത് എളുപ്പം ഉപയോഗിക്കാനാവുക.
1:2 അനുപാതത്തിൽ ബേക്കിങ് സോഡയും വിനാഗിരിയും എടുക്കുക. ഈ മിശ്രിതം ഫാനിന്റെ ബ്ലേഡുകൾക്ക് മുകളിൽ ഒഴിച്ച് അൽപസമയം കാത്തിരിക്കണം. പിന്നീട് ഒരു ബ്രഷ് ഉപയോഗിച്ച് ഉരച്ചാൽ പൊടിയും അഴുക്കുമെല്ലാം നിഷ്പ്രയാസം ഇളകി പോരും. അതിനുശേഷം ഉണങ്ങിയ തുണി ഉപയോഗിച്ച് ബ്ലേഡുകൾ വൃത്തിയായി തുടച്ച് ഫാൻ തിരികെ പിടിപ്പിക്കാം.
വിനാഗിരിയും ഡിഷ് വാഷും
ഒരു സ്പ്രേ ബോട്ടിലിൽ വിനാഗിരിയും വെള്ളവും ഒരേ അളവിൽ എടുക്കുക. ഇതിലേക്ക് മൂന്നോ നാലോ തുള്ളി ഡിഷ് വാഷ് ലിക്വിഡ് ഒഴിച്ചു കൊടുക്കാം. അതിനുശേഷം ബോട്ടിൽ നന്നായി കുലുക്കി ഇവ യോജിപ്പിക്കുക. ഒരു ഡസ്റ്റർ ഉപയോഗിച്ച് ഫാനിലെ പൊടിപടലങ്ങൾ തട്ടി നീക്കിയശേഷം ഈ മിശ്രിതം ബ്ലേഡുകളിലേയ്ക്ക് സ്പ്രേ ചെയ്യണം. അല്പസമയത്തിനുശേഷം ഉണങ്ങിയ തുണിയെടുത്ത് തുടച്ചു നീക്കിയാൽ പറ്റിപ്പിടിച്ചിരുന്ന അഴുക്കും പൊടിയും നീങ്ങി ഫാൻ തിളങ്ങുന്നത് കാണാം.
വിനാഗിരിയും പച്ചവെള്ളവും
ഡിഷ് വാഷും ബേക്കിങ് സോഡയും ഇല്ലെങ്കിലും വിനാഗിരിയും വെള്ളവും ചേർത്ത മിശ്രിതം ഉപയോഗിക്കുന്നതും ഫലപ്രദമാണ്. മുൻപ് പറഞ്ഞതുപോലെ ഒരേ അളവിൽ വിനാഗിരിയും വെള്ളവും സ്പ്രേ ബോട്ടിലിൽ എടുത്ത ശേഷം അത് യോജിപ്പിച്ച് ബ്ലേഡുകളുടെ പ്രതലത്തിൽ സ്പ്രേ ചെയ്യണം. അല്പസമയത്തിനു ശേഷം തുടച്ചു നീക്കാവുന്നതാണ്.