ക്ളോസറ്റ് തകർന്ന് മരണം: വാൾ മൗണ്ട് കമോഡുകളെ ഇനി പേടിക്കണോ?
Mail This Article
വാൾ മൗണ്ട് കമോഡ് പൊട്ടിവീണ് വീട്ടമ്മ മരിച്ച വാർത്തയുടെ പശ്ചാത്തലത്തിൽ കുറച്ചുകാര്യങ്ങൾ പറയാം. വർഷങ്ങൾക്ക് മുൻപ് വീട് പുതുക്കിപ്പണിതപ്പോൾ ടോയ്‌ലറ്റ് കമോഡ് സെലക്റ്റ് ചെയ്യേണ്ട ഘട്ടമെത്തി. ഇക്കാലത്ത് വാൾ മൗണ്ട് കമോഡുകളാണ് പ്രചാരത്തിലുള്ളത്. പക്ഷേ എന്തെല്ലാം ഗുണങ്ങൾ ഉണ്ടായാലും വാൾ മൗണ്ട് ടൈപ്പ് തെരഞ്ഞെടുക്കേണ്ട എന്ന തീരുമാനിച്ചിരുന്നു.
നല്ല ഭംഗിയാണ്, അഴുക്ക് അടിഞ്ഞുകൂടില്ല, തറ വൃത്തിയാക്കാൻ എളുപ്പമാണ്, കൺസീൽഡ് ഫ്ലഷ് സിസ്റ്റമായതിനാൽ സ്ഥലം ലാഭിക്കാം, വിലയിൽ സിംഗിൾ യൂണിറ്റ് ഫ്ലോർ മൗണ്ട് കമോഡുകളെ താരതമ്യപ്പെടുത്തിയാൽ വലിയ വ്യത്യാസമൊന്നുമില്ല തുടങ്ങിവയാണ് വാൾ മൗണ്ട് കമോഡുകളുടെ ഗുണങ്ങൾ.
ഇനി എന്തുകൊണ്ട് 'ഇത് വേണ്ട' എന്ന തീരുമാനത്തിലെത്തി എന്നതിനെക്കുറിച്ച് പറയാം. പൊതുവായ കാരണങ്ങളേക്കാൾ വ്യക്തിപരമായ കാരണങ്ങളാണെന്ന് വേണമെങ്കിൽ കണക്കാക്കാവുന്നതാണ്.
1. എന്തിലും ഒരു അപകട സാധ്യത മുന്നിൽക്കാണുന്ന സ്വഭാവം പണ്ടു തൊട്ടേ ഉണ്ട്. അതുകൊണ്ട് ഇത്തരത്തിലുള്ള വാൾ മൗണ്ട് സിസ്റ്റം എന്തെങ്കിലും കാരണത്താൽ തകരാറിലായി ഇളകി വീഴില്ലേ? എന്ന തോന്നൽ ഉള്ളതിനാൽ ആ റിസ്ക് ഫാക്റ്ററിന് മുൻഗണന നൽകി ഒഴിവാക്കി.
2. ലോകത്തെല്ലായിടത്തും ഇത്തരം വാൾ മൗണ്ട് സിസ്റ്റം ഉപയോഗിക്കുന്നതാണ്. പക്ഷേ ഇളകി വീണ് അപകടങ്ങൾ ഉണ്ടായതിനെക്കുറിച്ചുള്ള വാർത്തകൾ അധികം കേട്ടിട്ടില്ല എന്നത് പൊതുവേ ഇത് സുരക്ഷിതമാണെന്നതിനുള്ള തെളിവാണെങ്കിലും, ഇതിന്റെ ഡിസൈൻ ഒരു 'fail safe' ഡിസൈനാണെന്ന് പറയാൻ കഴിയില്ല. മൂന്നു ഘടകങ്ങളിലാണ് ഇതിന്റെ സുരക്ഷിതത്വം ഇരിക്കുന്നത്.
- നിർമാണത്തിന്റെ ഗുണനിലവാരം, ഡിസൈൻ.
- ഉറപ്പിക്കുന്ന പണിക്കാരന്റെ വൈദഗ്ദ്യവും അറിവും
- ഉറപ്പിച്ച് വച്ചിരിക്കുന്ന ചുവരിന്റെ ഗുണനിലവാരം.
ഇതിൽ ഒന്നാമത്തെ കാര്യം നല്ല കമ്പനിയുടെ നല്ല ഉൽപന്നം വാങ്ങി പരിഹരിക്കാമെന്ന് കരുതാം. പക്ഷേ പണിക്കാരുടെയും ചുവരിന്റെയും കാര്യത്തിൽ അത്ര ഉറപ്പ് പറയാൻ കഴിയില്ല എന്നതിൽ റിസ്ക് ഫാക്റ്റർ കൂടുന്നു.
3. അടുത്തത് സേഫ്റ്റിയുമായി ബന്ധപ്പെട്ടതല്ല, മെയ്ന്റനൻസുമായി ബന്ധപ്പെട്ടതാണ്. പൊതുവേ ടൊയ്‌ലറ്റ് ഫ്ലഷ് സിസ്റ്റം, തകരാറിലാകാൻ സാധ്യത കൂടുതലുള്ള മെക്കാനിസമാണ്. ശരിയായി പ്രവർത്തിക്കാതിരിക്കുക, സ്റ്റക് ആവുക, ലീക് ആവുക എന്നീ പ്രശ്നങ്ങൾ പൊതുവായി ഉള്ളതാണ്.
ഹാർഡ്നെസ്, അയേൺ കണ്ടന്റ് കൂടുതൽ ഉള്ള മോശമായ വെള്ളമാണെങ്കിൽ പറയേണ്ടതുമില്ല. കൺസീൽഡ് ഫ്ലഷിങ് സിസ്റ്റത്തിന്റെ തകരാറുകൾ പരിഹരിക്കുന്നതും റീപ്ലേസ് ചെയ്യുന്നതും ഒക്കെ താരതമ്യേന എളുപ്പമല്ല. കൂടുതൽ ഫ്ലഷ് ചെയ്യപ്പെടുന്ന ഇടങ്ങളിൽ തകരാറിലാകാനുള്ള സാധ്യതയും കൂടുന്നു. പല നല്ല ഹോട്ടലുകളിലെയും മെയ്ന്റനൻസ് ഉണ്ടായിട്ട് പോലും ഉന്നത ഗുണനിലവാരമുള്ള ബ്രാൻഡുകൾ ഉപയോഗിച്ചിട്ട് പോലും കൺസീൽഡ് ഫ്ലഷിങ് സിസ്റ്റം സ്റ്റക് ആകുന്ന പ്രശ്നം ധാരാളം കണ്ടിട്ടുണ്ട്.
4. വാൾ മൗണ്ട് കമോഡുകൾക്കെല്ലാം നിർമാതാക്കൾ നിഷ്കർഷിച്ചിട്ടുള്ള ഭാരം താങ്ങാനുള്ള പരിധി ഉണ്ട്. പൊതുവേ 135 കിലോഗ്രാമാണ് പരിധി. അതിനാൽ ശരാശരി ഭാരമുള്ളവർക്ക് ധൈര്യമായി ഉപയോഗിക്കാവുന്നതാണ്. പക്ഷേ ഭാരം കൂടുതൽ ഉള്ളവർക്ക് ഇരിക്കുമ്പോൾ ഇതെങ്ങാൻ പൊട്ടി വീണാലോ എന്ന തോന്നൽ ഉണ്ടായി മനസ്സമാധാനം പോകാനുള്ള സാധ്യതയുണ്ട്.
5. മെറ്റീരിയൽ ഫെയ്‌ലിയറിനുള്ള അപൂർവ്വമായ സാഹചര്യം- കാലപ്പഴക്കത്താലും, നിർമാണത്തിലുള്ള പ്രശ്നങ്ങളാലുമെല്ലാം സെറാമിക് കമോഡുകളിൽ വിള്ളൽ വരാറുണ്ട്. ഗുണനിലവാര നിബന്ധനകൾ കൃത്യമായി പാലിക്കുന്ന നല്ല കമ്പനികളിൽ വിശദമായ പരിശോധനകൾക്ക് ശേഷമാണ് പ്രൊഡക്റ്റുകൾ പുറത്തിറങ്ങുന്നതെങ്കിലും ഹെയർ ലൈൻ ക്രാക്കുകളും മറ്റും അകത്തുണ്ടോ എന്നറിയാൻ കഴിയില്ല. ഈ പ്രശ്നം എല്ലാ തരം കമോഡുകൾക്കും ഒരുപോലെ ബാധകമാണെങ്കിലും മറ്റ് കമോഡുകളിൽ അതുമൂലമുണ്ടാകുന്ന അപകട സാധ്യത താരതമ്യേന കുറവാണ്.
വീട്ടിൽ ഏറ്റവും മനസ്സമാധാനത്തൊടെ ഇരിക്കേണ്ട ഒരു സ്ഥലം മനസ്സമാധാനം കളയേണ്ട ഇടം ആകരുത് എന്നുള്ള വ്യക്തിപരമായ ആധിയാകാം ഒരുപക്ഷേ വാൾ മൗണ്ട് ഒപ്ഷനിലേക്ക് പോകേണ്ട എന്ന് തീരുമാനത്തിൽ എത്തിച്ചത്. എങ്കിലും പൊതുവായി പറഞ്ഞാൽ ഗുണനിലവാരമുള്ള ലൈഫ് ടൈം ഗ്യാരണ്ടി, വാറന്റി ഒക്കെ തരുന്ന ബ്രാൻഡ് സെലക്റ്റ് ചെയ്യുക, വിദഗ്ദരായ പണിക്കാരെക്കൊണ്ട് ഫിക്സ് ചെയ്യിക്കുക, ഉറപ്പിക്കുന്ന ചുവര് നല്ലതാണെന്ന് ഉറപ്പ് വരുത്തുക.. ഇക്കാര്യങ്ങൾ ചെയ്താൽ വാൾ മൗണ്ട് കമോഡുകളും പൂർണ്ണമായും സുരക്ഷിതമാണെന്ന് പറയാം. അതുപോലെ ചെറിയ ഇളക്കം സംഭവിച്ചാൽ തന്നെ പിന്നേക്ക് മാറ്റിവയ്ക്കാതെ വിദഗ്ദരായ പണിക്കാരെക്കൊണ്ട് അഴിച്ചെടുത്ത് പരിശോധിച്ച് വീണ്ടും ഉറപ്പിക്കുക.