അടുക്കളപ്പണി എളുപ്പമാക്കും: ഇൻസ്റ്റഗ്രാമിൽ ഹിറ്റ്: കേരളത്തിലെ വീടുകളിൽ പ്രചാരമേറി പിയാനോ സിങ്ക്

Mail This Article
തിരക്കിട്ട ജീവിതത്തിന്റെ പുതിയ കാലത്ത് കൂടുതൽ നേരം അടുക്കളയിൽ ചെലവഴിക്കാൻ ആരും ഇഷ്ടപ്പെടുന്നില്ല. അതിനാൽ വേഗം അടുക്കള ജോലികൾ ചെയ്തുതീർക്കാൻ സഹായിക്കുന്ന ഉപകരണങ്ങൾക്ക് ഇപ്പോൾ കിച്ചനിൽ നല്ല ഡിമാന്റുണ്ട്. ഇത്തരത്തിൽ സൂപ്പർകൂൾ അടുക്കള ആഗ്രഹിക്കുന്നവർക്കുള്ള മികച്ച ചോയ്‌സാണ് പിയാനോ കിച്ചൻ സിങ്ക്. ഇൻസ്റ്റഗ്രാം വഴിയാണ് സമീപകാലത്ത് കേരളത്തിൽ ഇതിന് പ്രചാരം ലഭിച്ചത്.
കാഴ്ചയിലും വെള്ളം വരുന്നതിലുമൊക്കെ ഒരു സംഗീതമയമുള്ളത് കൊണ്ടാകാം ഇതിനെ പിയാനോ സിങ്ക് എന്ന് വിളിക്കുന്നത്. മറ്റ് സിങ്കുകളിൽ നിന്നും വ്യത്യസ്തമായി സ്വിച്ചുകളിലാണ് ഇതിന്റെ ഓപ്പറേഷൻ. ഇവ വെള്ളത്തിന്റെ ഉപയോഗം കാര്യക്ഷമമാക്കുന്നതോടൊപ്പം പാത്രങ്ങൾ എളുപ്പത്തിലും കൂടുതൽ വൃത്തിയോടെയും കഴുകിയെടുക്കാൻ സഹായിക്കുന്നു. പൂർണമായും ഓട്ടമാറ്റിക്ക് രീതിയിലാണ് ഇതിന്റെ പ്രവർത്തനം. ടച്ച് സിസ്റ്റം, ഓട്ടമാറ്റിക്ക് വാൽവുകൾ എന്നിവ ഇതിലുണ്ട്.
പ്രത്യേകതകൾ നിരവധി
പിയാനോ കാസ്കേഡ് സിങ്കിന്റെ പ്രധാന പ്രത്യേകത അത് ഓട്ടമാറ്റിക്ക് സംവിധാനത്തിൽ പ്രവർത്തിക്കുന്നതിനാൽ ഹാൻഡ് ഫ്രീ ഉപയോഗം നടപ്പിലാക്കുന്നു എന്നതാണ്. സിങ്ക് ഉപയോഗിക്കുമ്പോൾ ടാപ്പിൽ തൊടാതെ വെള്ളം ഓൺ ആക്കാനും ഓഫ് ആക്കാനും കഴിയുന്നു.ഇതിലൂടെ പാത്രങ്ങളുടെ വൃത്തി കൂടുതൽ മികച്ചതാകുന്നു. ബാക്ടീരിയകളുടെ സംക്രമണം തടയാനും ഇതിലൂടെ സാധിക്കുന്നു. ഇത്തരം സിങ്കുകളിൽ ഒന്നിലധികം ഫാസറ്റുകൾ ഉണ്ട്, അത് പാത്രങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ കഴുകാൻ വിവിധ ഫോഴ്‌സിലുള്ള വെള്ളം പുറത്തേക്ക് വിടുന്നു. വെള്ളത്തിന്റെ തീവ്രത കൂട്ടാനും കുറയ്ക്കാനും കഷ്ടപ്പെടേണ്ടന്നു സാരം.
പിയാനോ സിങ്കുകളിലെ ചില മോഡലുകൾക്ക് ഡിജിറ്റൽ മോണിറ്റർ സംവിധാനമുണ്ട്. ജലത്തിൻ്റെ താപനിലയും തീവ്രതയും എളുപ്പത്തിൽ ക്രമീകരിക്കാൻ ഇത് സഹായിക്കുന്നു. ഇതിലൂടെ വെള്ളം, ഊർജ്ജ ഉപഭോഗം എന്നിവ നിയന്ത്രിക്കാൻ കഴിയുന്നു. സാധാരണയായി സ്റ്റെയിൻലെസ് സ്റ്റീൽ പോലെയുള്ള ഉയർന്ന നിലവാരമുള്ള വസ്തുക്കൾ കൊണ്ടാണ് പിയാനോ സിങ്കുകൾ നിർമിക്കുന്നത്. അതിനാൽ തന്നെ തുരുമ്പും കറയും ഉണ്ടാകുന്നില്ല. മാത്രമല്ല, അടുക്കളയുടെ ഭംഗിയും മനോഹാരിതയും വർധിപ്പിക്കുകയും ചെയ്യുന്നു.
ഏത് വശത്തേക്ക് വേണമെങ്കിലും തിരിക്കാനും ചരിക്കാനും കഴിയുന്ന ടാപ്പുകൾ, വെള്ളം ഡ്രയിൻ ഔട്ട് ചെയ്യാനുള്ള സംവിധാനങ്ങൾ എന്നിവ ഇതിന്റെ പ്രത്യേകതകളാണ്. മാത്രമല്ല, ടാപ്പുകളിലൂടെ വരുന്ന ജലത്തെ ശുദ്ധീകരിക്കാനുള്ള സംവിധാനവും ഉന്നത നിലവാരമുള്ള സിങ്കുകൾക്ക് ഉണ്ട്. അതിനാൽ ആരോഗ്യത്തെക്കുറിച്ച് കൂടുതൽ ചിന്തയുള്ളവർക്ക് ഇത് നല്ലൊരു ചോയ്‌സ് ആയിരിക്കും. വളരെ ചെറിയ പാത്രങ്ങൾ വരെ കഴുകിയെടുക്കുന്നതിനായുള്ള സ്പ്രേ വാൽവുകൾ ഇതിനുണ്ട്.
പത്തു വർഷത്തെ വാറന്റിയോട് കൂടിയാണ് പിയാനോ സിങ്കുകൾ വിപണിയിലെത്തുന്നത്. കൃത്യമായി സർവീസ് ചെയ്യുക, സെൻസറുകൾ കേട് കൂടാതെ നോക്കുക എന്നത് മാത്രമാണ് ഈ സിങ്കിന്റെ വെല്ലുവിളി. വില സാധാരണ സിങ്കുകളെ അപേക്ഷിച്ച് കൂടുതലാണെങ്കിലും ഈ സിങ്കുകൾ നൽകുന്ന അഴകും ആഡംബരവും മികവും വേറിട്ടതാണ്. അതിനാൽഇത്തരം സിങ്കുകൾ തെരെഞ്ഞെടുക്കുന്നവരുടെ എണ്ണവും വർധിച്ചു വരികയാണ്. ശരിയായ ടെക്നിഷ്യന്മാരെ കൊണ്ട് മാത്രം കേടുപാടുകൾ പരിഹരിച്ചു മുന്നോട്ട് പോകുകയാണെങ്കിൽ പുതിയ വീടിനെ സംബന്ധിച്ച് ഒരു സമ്പാദ്യം തന്നെയാണ് പിയാനോ സിങ്കുകൾ, ഒപ്പം അടുക്കളയിൽ പണിയെടുക്കുന്നവർക്ക് ആശ്വാസവും.