വെറും 3 മണിക്കൂറിൽ വീട്! ചെലവ് 1648 രൂപ മുതൽ; സൂപ്പർഹിറ്റായി ഈ വീടുകൾ
Mail This Article
വീടുവയ്ക്കാൻ ഇറങ്ങിത്തിരിക്കുന്നവർക്ക് എപ്പോഴും പ്രതിസന്ധി ഉണ്ടാക്കുന്ന കാര്യമാണ് നിർമ്മാണത്തിലെ കാലതാമസം. നിർമ്മാണസാമഗ്രികളുടെ ദൗർലഭ്യമോ, കോൺട്രാക്ടർമാർ വാക്കു പാലിക്കാത്തതോ ഒക്കെ കാരണം വർഷങ്ങളെടുത്ത് മാത്രം വീടുപണി പൂർത്തിയാക്കുന്നവരുണ്ട്. എന്നാൽ വീടു വയ്ക്കാം എന്ന് ചിന്തിച്ച് മണിക്കൂറിനുള്ളിൽ നിർമാണം പൂർത്തിയാക്കാൻ സാധിച്ചാലോ?
അസാധ്യം എന്നു പറയാൻ വരട്ടെ. മൂന്നു മണിക്കൂർകൊണ്ട് നിങ്ങൾ ആഗ്രഹിക്കുന്ന സ്ഥലത്ത് വീട് റെഡിയാകുമെന്ന് ഉറപ്പു തരികയാണ് യൂറോപ്പിലെ ലാത്വിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രെറ്റ് ഹൗസ് ഡിസൈൻസ് ആൻഡ് മാനുഫാക്ചറേഴ്സ് എന്ന നിർമ്മാണ കമ്പനി. അതും തടിയിൽ നിർമ്മിച്ച വീട് .
ഫാക്റ്ററികളിൽ നിർമ്മിച്ച ശേഷം മറ്റു സ്ഥലങ്ങളിലേക്ക് എത്തിച്ച് സ്ഥാപിക്കാവുന്ന ചെറിയ വീടുകളാണ് കമ്പനി നിർമ്മിക്കുന്നത്. ഏതു സ്ഥലത്തും ഇവ സ്ഥാപിക്കാൻ ഏതാനും മണിക്കൂറുകൾ മാത്രമേ വേണ്ടൂ എന്നതു തന്നെയാണ് പ്രധാന സവിശേഷത. പരിസ്ഥിതിക്ക് ഹാനികരമാകാതിരിക്കാൻ ക്രോസ് ലാമിനേഷൻ ചെയ്ത തടി കൊണ്ടാണ് ബ്രെറ്റ് ഹൗസുകളുടെ നിർമ്മാണം. സ്ഥിരമായ അടിത്തറ ആവശ്യമില്ലാത്ത ഈ വീടുകൾ നിരപ്പായ ഏതു സ്ഥലത്തും സ്ഥാപിക്കാനാകും. മടക്കി എടുക്കാവുന്ന മാതൃകയിലാണ് വീടിന്റെ നിർമ്മാണം.
പ്ലമിങ് ജോലികളും ഇലക്ട്രികൽ ജോലികളും പൂർണമായും പൂർത്തീകരിച്ച നിലയിലാണ് ബ്രെറ്റ് ഹൗസുകൾ കൈമാറ്റം ചെയ്യുന്നത്. വീടിന്റെ തറയും ചുമരുകളും സീലിങ്ങും എല്ലാം തടിയിൽ തന്നെയാണ് നിർമ്മിക്കുന്നത്. മടക്കുകൾ നിവർത്തി സ്ഥാപിച്ചു കഴിയുമ്പോൾ 236 ചതുരശ്രയടി വിസ്തീർണമാവും ഈ വീടുകൾക്ക് ഉണ്ടാവുക. മൂന്നു പേർക്ക് താമസിക്കാനുള്ള സൗകര്യങ്ങളും ഉണ്ട്. ഒരു മേശയും കസേരകളും ഒരാൾക്ക് കിടക്കാൻ പാകത്തിലുള്ള സോഫയും ഇടാവുന്ന തരത്തിലാണ് തറ ഒരുക്കിയിരിക്കുന്നത്. അല്പം ഉയരത്തിലുള്ള തട്ടിന് മുകളിൽ രണ്ടുപേർക്ക് കിടക്കാവുന്ന കിടപ്പുമുറി ഒരുക്കിയിരിക്കുന്നു.
മടക്കിയെടുത്ത് കഴിഞ്ഞാൽ 12 മീറ്റർ പ്ലാറ്റ്ഫോമിൽ 4 ബ്രെറ്റ് ഹൗസുകൾ അടുക്കി വയ്ക്കാനാവും. മടക്കാനും നിവർത്താനുമുള്ള സൗകര്യത്തിനായി മെറ്റൽ വിജാഗിരികളാണ് ഉപയോഗിച്ചിരിക്കുന്നത്. നിലവിൽ മൂന്ന് വ്യത്യസ്ത വലിപ്പത്തിലുള്ള ചെറുവീടുകളാണ് കമ്പനി നിർമ്മിച്ചിരിക്കുന്നത്. ഇവയെല്ലാം 50 ചതുരശ്ര മീറ്ററിൽ താഴെ വിസ്തീർണമുള്ളവയാണ്. 70 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള വീട് നിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. 18.7 യൂറോ (1648 രൂപ) മുതലാണ് ബ്രെറ്റ് ഹൗസുകളുടെ വില ആരംഭിക്കുന്നത്.
English Summary- Brette Haus; Prefabricated House Technology