ADVERTISEMENT

കേരളം പോലെ ട്രോപ്പിക്കൽ കാലാവസ്ഥയുള്ള ഭൂപ്രദേശത്ത് കെട്ടിടങ്ങളുടെ അനിവാര്യ ഘടകമാണ് കാലാവസ്ഥാസംരക്ഷണ ( Weather Protection ) സംഗതിയായ മഴ മറ ( Rain Shade) അഥവാ വെയിൽ മറ ( Sunshade). സാധാരണ സൺഷേഡ് എന്ന് മാത്രമാണ് കേരളത്തിൽ പ്രയോഗിച്ചു വരുന്നത്. പണ്ട് ഓലമേച്ചിൽ കാലം മുതലേ കേരളത്തിലെ നിർമിതികളിൽ മേൽക്കൂര ഭിത്തിയിൽ നിന്നും പരമാവധി പുറത്തേക്ക് ഇറക്കി നിർമിച്ചിരുന്നു.

വാസ്തു ശാസ്ത്രഗ്രന്ഥങ്ങളിൽ 'വാമട' എന്നാണിതിനെ പരാമർശിച്ചു കാണുന്നത്. കേരളം പോലെ ആറു മാസം മഴയും ആറു മാസം വെയിലുമുള്ള കാലാവസ്ഥയിൽ  ഈ സംഗതി രണ്ട് പ്രയോജനമാണ് നൽകുന്നത്. മഴവെള്ളം ഭിത്തിയിലേക്ക് വീഴുന്നതും ജനലിലൂടെ വീടിനകത്തേക്ക് കടക്കുന്നതും തടയുക, ഒപ്പം വെയിലിനെ പ്രത്യേകിച്ച് 10 മുതൽ 3 മണി വരെ സമയത്തെ തീക്ഷ്ണമായ വെയിലിനെ ജനലിലൂടെ വീട്ടിനകത്തേക്ക് പ്രവേശിക്കുന്നത് തടയുക . പഴയ കാല വീടുകളിലും ക്ഷേത്രങ്ങളിലുമൊക്കെ 72 സെമീ ( ഒരു കോൽ എന്ന പ്രാദേശിക അളവ് ) ആണ് സൺഷേഡ് ആയി ഉണ്ടായിരുന്നത് പിന്നീട് ബ്രിട്ടീഷ് നിർമാണ ശൈലിയിൽ സൺഷേഡ് എന്നത് ഭിത്തിയിൽ നിന്ന് 60 സെ മി ആയി ചുരുക്കപ്പെട്ടു. 30 ഡിഗ്രി വരെ ചരിഞ്ഞ് വരുന്ന മഴയും വെയിലും ഇത്തരം സൺഷേഡിൽ 105 സെ.മീ  താഴെ വരെ സംരക്ഷണം നൽകും.

പഴയ കാലത്തെ വീടുകളിലെ ജനലുകളുടെ ഉയരം ഏതാണ്ട് ഈപ്പറഞ്ഞ 105 സെമി അടുത്തായിരുന്നു. പിന്നീട് ബ്രിട്ടീഷുകാർ കെട്ടിടത്തിനകത്ത് ചൂടുകൂട്ടാൻ മൂന്നാറിലും ഊട്ടിയിലും കൊടുത്ത തറയിൽ നിന്ന് തന്നെ തുടങ്ങുന്ന ജനലുകൾ കേരളത്തിലെവിടെയും നൽകാൻ തുടങ്ങിയപ്പോൾ ഇപ്പോൾ ഇതിനൊന്നും പ്രസക്തി ഇല്ലാതായി എന്നത് വേറെ കാര്യം - അതേപ്പറ്റി പിന്നീടെഴുതാം ഇപ്പോൾ വിഷയം സൺഷേഡ് എന്നതിന് കെട്ടിട നിർമാണ ചട്ടങ്ങളിൽ നിയന്ത്രണങ്ങളുണ്ടോ എന്നതാണ് വിഷയം.

സൺഷേഡിനും നിയമമോ എന്നോർത്താണോ നെറ്റി ചുളിക്കുന്നത് ? 

എന്നാൽ നിയമം ഉണ്ട്. നിയമം പാലിച്ചില്ലെങ്കിൽ പൊളിക്കേണ്ടി വരാം. ധനനഷ്ടത്തിന് പുറമേ കെട്ടിടത്തിൻ്റെ രൂപഭംഗിയിലും നാശം വരാം. കേരള പഞ്ചായത്ത് / മുനിസിപ്പാലിറ്റി കെട്ടിട നിർമാണ ചട്ടങ്ങളിൽ  ചട്ടം 26 (10)  ൽ ആണ് സൺഷേഡുകൾ അടക്കമുള്ള ഭിത്തിയിലെ  തള്ളൽ ( Projections )  നിർമിതികളെ പറ്റി പറയുന്നത്. അത് പ്രകാരം അതിർത്തിയിൽ നിന്നും ഭിത്തിയിലേക്ക് 60 സെമീ ൽ കുറവാണെങ്കിൽ ഒരു തരത്തിലുമുള്ള തള്ളലുകൾ അനുവദനീയമല്ല . 60 സെമി മുതൽ 1 മീ വരെ ആണെങ്കിൽ  30 സെ മി തള്ളൽ അനുവദിക്കാം 

1 മീ മുതൽ 1.5 മീ വരെ തുറന്ന സ്ഥലം ഉണ്ടെങ്കിൽ അവിടെ 60 സെ. മി അനുവദിക്കാം. 1.5 മീ ഉം അതിൽ  കൂടുതലും  ഉണ്ടെങ്കിൽ 75 സെ മി തള്ളൽ നൽകാം. ( ടേബിൾ 5 ) 

ഇനി ഈ പറഞ്ഞ തുറന്ന സ്ഥലം കണക്കാക്കുന്നത് ചട്ട പ്രകാരം ഒരിടത്ത് ഏറ്റവും കുറഞ്ഞതായി വേണ്ട തുറന്ന സ്ഥലമാണ് ( Open Space / yard).നിർബന്ധിതമായി വേണ്ട കുറഞ്ഞ അളവിനേക്കാൾ കൂടുതലായി  തുറന്ന സ്ഥലം ഉണ്ടെങ്കിൽ ആനുപാതികമായി സൺഷേഡിൻ്റെ വീതിയും വേണമെങ്കിൽ വർദ്ധിപ്പിക്കാം പക്ഷേ അത് ഓരോ ഇടത്തും വ്യത്യസ്തമായിരിക്കും.

ഉദാഹരണത്തിന് കെട്ടിടത്തിൻ്റെ പിൻവശത്ത്  1.50 മീറ്ററാണ് കുറഞ്ഞ മുറ്റം വേണ്ടത് അവിടെ 75 സെ.മീ സൺഷേഡ് നൽകാം. അതായത് തുറന്ന സ്ഥലത്തിൻ്റെ 50%  എന്ന് വച്ചാൽ പിൻവശമുറ്റം 2.40 മീ ഉണ്ടെങ്കിൽ സൺഷേഡ് വീതി 1.20 മി വരെ ആകാം. എന്നാൽ മുൻവശമാണെങ്കിൽ ചുരുങ്ങിയ മുറ്റം 3.00 മീ ആണ് അവിടെ അനുവദനീയ ഷേഡും 75 സെ.മി തന്നെയാണ്. അതായത് തുറന്ന സ്ഥലത്തിൻ്റെ 25% മാത്രം സ്വാഭാവികമായി 4 മീ മുൻവശ മുറ്റം ഉണ്ടെങ്കിൽ 1.00 മീ  ഷേഡ് നൽകാം. പിന്നാമ്പുറത്ത് എടുത്ത 50 % കണക്ക് നോക്കി മുൻവശത്ത് 1.50 സെമി സൺഷേഡ് നൽകിയാൽ പണി പാളി എന്ന് മാത്രമല്ല പൊളിച്ച് നീക്കേണ്ടിയും വരും.

ചില 'ബുദ്ധിമാൻ'മാരായ പണിക്കാർ അടുക്കള ഭാഗത്ത് തുറന്ന സ്ഥലത്തിൻ്റെ പകുതി സൺഷേഡിന് കുറിച്ച് കൊടുത്ത എൻജിനീയറെ അനുകരിച്ച് അടുത്ത നിർമാണ സ്ഥലത്ത് എൻജിനീയറുടെ അഭാവം അനുഭവപ്പെടാതിരിക്കാൻ 50 % കണക്കിൽ പണി നടത്തിയാൽ ഉടമ പെട്ടു.

ഓർക്കുക വിവിധ ഉപയോഗത്തിനുള്ള കെട്ടിടങ്ങൾക്ക് വിസ്തൃതിയുടെ വിവിധ  സ്ലാബനുസരിച്ച് മുന്നിലും പിന്നിലും വശങ്ങളിലും നൽകേണ്ട ചുരുങ്ങിയ തുറന്ന സ്ഥലം ചട്ടം 26 ടേബിൾ 4, 4 A എന്നിവയിൽ വ്യക്തമായി  പറയുന്നുണ്ട്. അത് കണക്കിലെടുത്ത് വേണം അവിടെയൊക്കെ സൺഷേഡ് പരിധിയും നിശ്ചയിക്കാൻ. അപ്പോൾ ഇനി കെട്ടിടം പണിയുമ്പോൾ ഇത് മറക്കണ്ട.

** 

ലേഖകൻ തദ്ദേശ സ്വയംഭരണ വകുപ്പിൽ ഓവർസിയറാണ് .

English Summary:

Rain Shade, Sun shade Measurements as per Building Rules

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com