ADVERTISEMENT

വീടുനിർമാണം ഉദ്ദേശിച്ചുള്ള ഭൂമി തരംമാറ്റത്തിനു വേഗത്തിൽ അനുമതി നൽകാൻ പ്രവർത്തന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. ഇതിനായി റവന്യു, തദ്ദേശ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും.

നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ ഇളവുപ്രകാരം, നിലം എന്ന് രേഖപ്പെടുത്തിയ സ്ഥലങ്ങളിൽ 1288 ചതുരശ്രയടിവരെ വിസ്‌തീർണമുള്ള വീടുകൾ നിർമിക്കാൻ വേഗത്തിൽ അനുവാദംനൽകാൻ തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് കഴിയും. നിയമം നിലവിൽവന്ന 2008 ഓഗസ്റ്റ് 12ന് മുൻപു കൈവശമുള്ള ഭൂമിയാകണമെന്ന വ്യവസ്ഥയോടെയാണ് ഇളവ്.  

നിയമം വരുംമുൻപ്‌ കൈവശമുള്ള സ്ഥലങ്ങളിലെ ഉടമസ്ഥർക്ക് ജില്ലയിൽ എവിടെയും വീടില്ലെങ്കിൽ സ്വന്തമായി വീടുനിർമിക്കാൻ പഞ്ചായത്തുകളിൽ 10 സെന്റും നഗരമേഖലകളിൽ 5 സെന്റും നിലം ഉപയോഗപ്പെടുത്താം. ഡേറ്റ ബാങ്കിൽ ഉൾപ്പെടാത്ത 25 സെന്റിൽ താഴെയുള്ള ഭൂമി വേഗത്തിൽ തരംമാറ്റുന്നതിന് മുൻഗണനാ മാനദണ്ഡത്തിൽ മാറ്റംവരുത്തും. ഡപ്യൂട്ടി കലക്ടർമാർക്കുകൂടി അധികാരം നൽകിയതോടെ താലൂക്കുതലത്തിൽ തരംമാറ്റ അപേക്ഷകൾ തീർപ്പാക്കാൻ അദാലത്ത് സംവിധാനം സ്ഥിരമാക്കും.

plot-house
Image Generated through AI Assist

25 സെന്റിൽ താഴെയുള്ള അപേക്ഷകളാണ് ഇത്തരം അദാലത്തുകളിൽ പരിഗണിക്കുക. ദിവസംതോറും 500 ലേറെ അപേക്ഷകളാണ് ഓൺലൈനിൽ ലഭിക്കുന്നതെന്നും അതാണ് തീർപ്പാക്കാനുള്ള അപേക്ഷകളുടെ എണ്ണം വർധിക്കാൻ കാരണമെന്നും മന്ത്രി വ്യക്തമാക്കി.

തീർപ്പുകാത്ത് 2.67 ലക്ഷം അപേക്ഷകൾ 

സംസ്ഥാനത്ത് റവന്യു ഡിവിഷണൽ ഓഫിസർമാരുടെയും ഡപ്യൂട്ടി കലക്ടർമാരുടെയും 71 ഓഫിസുകളിലായി തീർപ്പുകാത്തിരിക്കുന്നത് 2,67,365 ഭൂമിതരംമാറ്റ അപേക്ഷകൾ. ഡിസംബർ 31 വരെയുള്ള കണക്കാണിത്. 2022 ജനുവരി 10 മുതൽ 2024 ഡിസംബർ 31 വരെ 5,43,847 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 2,76,472 എണ്ണം കഴിഞ്ഞ  ഡിസംബർ 31 വരെ തീർപ്പാക്കി. നേരത്തെ അപേക്ഷകൾ തീർപ്പാക്കാനുള്ള അധികാരം 27 റവന്യു ഡിവിഷണൽ ഓഫിസുകളുടെ ചുമതലയുള്ള ആർഡിഒമാർക്കോ സബ് കലക്ടർമാർക്കോ മാത്രമായിരുന്നു. ജൂലൈ മുതലാണ് ഓരോ താലൂക്കിലും ഒരു ഡപ്യൂട്ടി കലക്ടർക്കുകൂടി തീരുമാനമെടുക്കാനുള്ള അധികാരം നൽകിയത്.

English Summary:

Plot conversion for house construction- permission will speedup

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com