കൈ നിവർത്തി വയ്ക്കാൻ പോലും ഇടമില്ല: വാടക 25000 രൂപ! ഇത് ബെംഗളൂരുവിലെ പലരുടെയും അവസ്ഥ

Mail This Article
ബെംഗളൂരുവിൽ നാൾക്കുനാൾ ഭവന വാടക കുത്തനെ ഉയരുകയാണ്. അന്യനാടുകളിൽ നിന്നും എത്തുന്നവർക്ക് ശമ്പളത്തിന്റെ പകുതിയോളം വാടക നൽകാനായി മാത്രം നീക്കി വയ്‌ക്കേണ്ട അവസ്ഥ. എന്നാൽ ജോലി തേടി നഗരത്തിലേക്ക് കൂടുതൽ കൂടുതൽ ആളുകൾ എത്തുന്നത് മൂലം ഭവന പ്രതിസന്ധി രൂക്ഷമാകുന്നതല്ലാതെ ആശ്വാസത്തിന് വകയില്ലെന്നു വേണം കരുതാൻ. സൗകര്യങ്ങളെക്കാൾ കൂടുതൽ അസൗകര്യങ്ങൾ നിറഞ്ഞ ഇടങ്ങൾക്ക് പോലും വൻതുക വാടകയായി നൽകേണ്ടിവരും. അത്തരത്തിൽ ബെംഗളൂരുവിൽ തൻ്റെ സുഹൃത്ത് ജീവിക്കുന്ന പരിമിതമായ സൗകര്യങ്ങളുള്ള ഫ്ലാറ്റിന്റെ ദൃശ്യങ്ങളാണ് അഭിഷേക് സിങ് എന്ന വ്യക്തി ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടിരിക്കുന്നത്.
ഒരു 'മുറി' എന്നുപോലും വിളിക്കാനാവാത്ത ഇടുങ്ങിയ ഇടമാണ് ഫ്ലാറ്റ് എന്ന് വിശേഷിപ്പിച്ച് വാടകയ്ക്ക് കൈമാറിയിക്കുന്നത്. ഈ മുറിക്കൊപ്പം ഒരു ബാൽക്കണിയും വാടകക്കാരന് ഉപയോഗിക്കാം. എന്നാൽ നേരെ നിന്ന് വശങ്ങളിലേയ്ക്ക് കൈകൾ നീട്ടിയാൽ ഇരുവശത്തേയും ഭിത്തിയിൽ തൊടാൻ സാധിക്കുന്നത്ര പരിമിതമായ സ്ഥലമാണ് ഇവിടെയുള്ളത്. ഒരാൾക്ക് കഷ്ടിച്ച് കിടക്കാനാകുന്ന ഒരു ബെഡും ചെറിയ മേശയും മുറിക്കുള്ളിൽ കാണാം.
വസ്ത്രങ്ങളോ മറ്റു സാധനങ്ങളോ സൂക്ഷിച്ചുവയ്ക്കാൻ ഒരു അലമാര ഉൾക്കൊള്ളിക്കാൻ പോലുമുള്ള ഇടം മുറിക്കുള്ളിൽ ഇല്ല. ഇനി മുറിയോട് ചേർന്നുള്ള ബാൽക്കണിയിലേക്ക് ഇറങ്ങിയാലോ, ഒരാൾക്ക് കഷ്ടിച്ച് നിൽക്കാൻ മാത്രമുള്ള സ്ഥലവിസ്തൃതിയെ അവിടെയുമുള്ളു. ഒരു വോൾമോൗണ്ടിങ് ഫാൻ മാത്രം ഘടിപ്പിച്ചിട്ടുള്ള മുറിയിൽ ജനാല പോലും ഇല്ല എന്നതാണ് മറ്റൊരു കാര്യം. പരിമിതികൾ ഏറെയാണെങ്കിലും 25000 രൂപയാണ് ഈ ഇടത്തിന് പ്രതിമാസ വാടകയായി നൽകുന്നത്. ഉള്ളിൽ സ്ഥലം ഇല്ലാത്തത് മൂലം താമസക്കാർ യാതൊരു സാധനങ്ങളും വാങ്ങിക്കില്ലെന്നും അങ്ങനെ പണം ലാഭിക്കാൻ ഈ മുറി സഹായിക്കുന്നുണ്ട് എന്നും അഭിഷേക് തമാശ രൂപേണ പറയുന്നുണ്ട്.
മുറിയുടെ പരിമിതികളും വാടക തുകയും കേട്ട് അത്ഭുതപ്പെട്ടുകൊണ്ടാണ് ആളുകൾ കമന്റ് ബോക്സിൽ പ്രതികരണങ്ങൾ അറിയിക്കുന്നത്. നാട്ടിലെ തന്റെ വീട്ടിലെ ബാത്റൂം ഇതിനേക്കാളധികം സൗകര്യമുള്ളതാണെന്ന് ഒരാൾ കുറിക്കുന്നു. വാടക തുകയ്ക്ക് പുറമേ കറന്റ് ബില്ലും വാട്ടർ ബില്ലും അധികമായി നൽകേണ്ടതാണോ എന്ന സംശയമാണ് മറ്റുചിലർക്ക്. എന്നാൽ ഇങ്ങനെയൊക്കെയാണെങ്കിലും മുംബൈയിലെ അവസ്ഥ വച്ചുനോക്കുമ്പോൾ ഇത് ഭേദമാണെന്ന് പറയുന്നവരും കുറവല്ല. മുംബൈയിലായിരുന്നു ഈ മുറിയെങ്കിൽ ഇതിലും കൂടിയ തുക വാടകയായി നൽകേണ്ടി വരുമായിരുന്നു എന്നാണ് ആളുകൾ ചൂണ്ടിക്കാട്ടുന്നത്.